- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 87,61,499 ആയി; അടുത്തമാസത്തോടെ രാജ്യത്ത് 10 കോടി ഡോസ് കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
പൂണെ: അടുത്തമാസത്തോടെ രാജ്യത്ത് 10 കോടി ഡോസ് കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. രാജ്യത്ത് കോവിഡ് വാക്സിനായ ഓക്‌സ്ഫഡ് സ്ട്രസെനക അടുത്ത മാസത്തോടെ ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല പറഞ്ഞു. അസ്ട്രസെനക കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം കോവിഡ് പ്രതിരോധത്തിൽ മികച്ചതെന്ന് സിറം ഇന്ത്യ അറിയിച്ചു.
ഡിസംബറോടെ കേന്ദ്രസർക്കാരിൽ നിന്ന് അടിയന്തര അംഗീകാരം ലഭിച്ചേക്കും. ഏറ്റവും ചുരുങ്ങിയത് 10 കോടി ഡോസുകൾ ഉത്പാദിപ്പിക്കുന്നതിന് തങ്ങൾ പങ്കാളികളാണ്. ആദ്യം ഉത്പാദിക്കുന്നതിൽ നിന്ന് തന്നെ ഇന്ത്യക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഉത്പാദകരുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് കരാറുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 40 ദശലക്ഷം അസ്ട്രസെനക കോവിഡ് വാക്‌സിൻ ഉത്പാദിപ്പിച്ചതായി സിറം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നോവവാക്‌സിന്റെ കോവിഡ് വാക്‌സിൻ ഉത്പാദനം ഉടൻ തുടങ്ങുമെന്നും ലോകത്തിലെ മുൻനിര വാക്‌സിൻ നിർമ്മാതാക്കളായ സിറം അറിയിച്ചു.
അതിനിടെ, രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം 87,61,499 ആയി. ഇന്ന് 33,599 പേർക്കാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 414 പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,29,100 ആയി. 81,51,655 പേർ ഇതിനകം രോഗമുക്തി നേടി. നിലവിൽ 4,80,744 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ഗുരുതരമാണ്.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 4132പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 4543 പേർ രോഗമുക്തി നേടിയതായും 127 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 17,40,461 ആയി ഉയർന്നു. നിലവിൽ 84,082 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 16 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി. ഇതുവരെ 16,09,607 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 45,809 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
കർണാടകയിൽ 24 മണിക്കൂറിനിടെ 2016 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3443 പേർ രോഗമുക്തി നേടിയപ്പോൾ 17 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായി കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 28000 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ആന്ധ്രയിൽ 1593 പേർക്കും തമിഴ്‌നാട്ടിൽ 1939 പേർക്കുമാണ് പുതുതായി കോവിഡ് കണ്ടെത്തിയത്.
മറുനാടന് ഡെസ്ക്