ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 51 ശതമാനവും കേരളത്തിൽ നിന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിൽ 46,000 പുതിയ കേസുകളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തത്. അതിൽ കഴിഞ്ഞ ആഴ്ച 58.4 ശതമാനവും കേരളത്തിൽനിന്നാണ്. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയ ഉത്സവ സീസൺ ആയതുകൊണ്ടുതന്നെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ നിർണായകമാണെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

കേരളം ഒഴിച്ചുള്ളസംസ്ഥാനങ്ങളിലെല്ലാം കോവിഡ് നിരക്കു കുറഞ്ഞു വരികയാണെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി. കേരളത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ 10,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ചികിത്സയിലുണ്ട്.

51 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്. 16 ശതമാനം മഹാരാഷ്ട്രയിൽനിന്ന്. ബാക്കി മൂന്ന് സംസ്ഥാനങ്ങളിൽനിന്ന് നാല് മുതൽ അഞ്ച് ശതമാനം വരെ എന്നിങ്ങനെയാണു കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 80 ലക്ഷം ഡോസ് വാക്‌സീനാണു കുത്തിവച്ചത്. ഇന്നു 47 ലക്ഷം ഡോസ് വാക്‌സീൻ അധികം നൽകുമെന്നും രാജേഷ് ഭൂഷൺ അറിയിച്ചു.

അതേസമയം, കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള കുറച്ചേക്കും. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം ആലോചിക്കുന്നത്.

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാൽ നാലുമുതൽ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യത്തെ മാർഗനിർദ്ദേശം. പിന്നീടത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോൾ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം.

കഴിഞ്ഞ ദിവസം കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിനു മാനദണ്ഡമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിക്കെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രസർക്കാർ കോടതിയെ ധരിപ്പിച്ചു.