കണ്ണൂർ: കണ്ണൂർ നഗരത്തിൽ കാൽ കുത്തുന്ന ഭിക്ഷാടകരും ഇതര സംസ്ഥാനക്കാരും ഇപ്പോൾ തങ്ങളെ വട്ടമിട്ട് പിടിച്ചു പുനരധിവസിപ്പിക്കുന്ന ജില്ലാ പഞ്ചായത്തിന്റെയും കോർപറേഷൻ കാരുടെയും പിടിയിൽ പെടാതെ തലയിൽ മുണ്ടിട്ട് ഓടി രക്ഷപ്പെടുകയാണ്. അൽപ്പം കളിയായിട്ടാണെങ്കിലും ഇപ്പോൾ ജനങ്ങൾ ഇക്കാര്യം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. മലയാളം രണ്ടാം പാഠപുസ്തകത്തിൽ പഠിച്ചതു പോലെ ഉത്തിഷ്ഠത ജാഗ്രതയെന്ന മട്ടിലാണ് കൊവിഡിനെതിരെ കണ്ണൂർ കോർപറേഷനും ജില്ലാ പഞ്ചായത്തും കൊവിഡിനെ തുരത്താൻ പോരാട്ടം നടത്തുന്നത്. ചെയ്യുന്നതൊക്കെ നല്ല കാര്യമാണെങ്കിലും അതിനുള്ളിൽ ഒളിപ്പിച്ച രാഷ്ട്രീയ പേരാണ് ജനങ്ങളിൽ അലോസരമുണ്ടാക്കുന്നത്.

നേതാക്കളായ കെ.സുധാകരൻ എംപിയും പി.ജയരാജനും വരെ വടം വലി മത്സരത്തിലെന്നപോലെ ഒരു കൈ നോക്കാൻ ഇറങ്ങിയതോടെ സംഗതിക്ക് ഗൗരവ സ്വഭാവവും വന്നു. എന്നാൽ താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈകുന്നേരം ഐ.ആർ.പി.സി അഗതി പുനരധിവാസ കേന്ദ്രം സന്ദർശിച്ച് കെ.സുധാകരൻ എംപി പി.ജയരാജനെ ഫോണിൽ വിളിച്ച് എംപിയെന്ന നിലയിൽ എല്ലാ സഹായവും വാഗ്ദ്ധാനം ചെയ്ത തതോടെ മുകൾതട്ടിൽ താൽക്കാലികമായി വെടിയും പുകയുമടങ്ങിയിട്ടുണ്ട്. നേതാക്കൾ തമ്മിൽ ധാരണയിൽ പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും താഴെ തട്ടിൽ പതിവുപോലെ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും ഇരുപക്ഷത്തു നിന്നും ധാരാളം ഉയരുന്നുമുണ്ട്. കോവിഡ് കാലത്ത് ഒരു ഭാഗം എന്താണോ ചെയ്യുന്നത് അതിന് കൗണ്ടറടിക്കാൻ കാത്തു നിൽക്കുകയാണ് മറുവിഭാഗം.

കണ്ണൂർ ജില്ലയിലെ അലഞ്ഞുതിരിയുന്ന ഭിക്ഷാടകർക്ക് ഭക്ഷണ വിതരണം ചെയ്യുന്ന പദ്ധതി കോർപറേഷനാണ് തുടങ്ങി വെച്ചത്. മേയർ ടി. ഒ മോഹനനും നേതാക്കളായ മാർട്ടിൻ ജോർജുമെല്ലാം ഭക്ഷണപ്പൊതികളുമായി രംഗത്തിറങ്ങുകയും ചെയ്തു. എന്നാൽ ഇതേ പദ്ധതി തന്നെ തെരുവിൽ കഴിയുന്നവർ ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വാചകം ഉയർത്തി കാട്ടി ജില്ലാ പഞ്ചായത്തും നടപ്പിലാക്കാൻ ചാടിയിറങ്ങുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയും വൈസ് പ്രസിഡന്റ് ബിനോയ് കുര്യനുമൊക്കെ ഭക്ഷണ പൊതിയുമായി അതേ തെരുവിലേക്ക് തന്നെ ചാടി വീണു.

എന്നാൽ ഇവർ മനസിൽ കണ്ടത്മാ മാനത്ത് കണ്ടാണ് മേയർ മോഹനൻ നീങ്ങിയത്. നഗരത്തിലെ അലഞ്ഞു തിരയുന്നവരെയും യാചകരയുമൊക്കെ പൊലിസിന്റെ സഹായത്തോടെ പുലർച്ചെ തന്നെ തൂത്തുവാരിയാണ് മേയറും കൂട്ടരും മാസ് നീക്കം നടത്തിയത്.
കണ്ണൂർ ടൗൺ സ്‌കൂളിലാണ് പുനരധിവാസ ക്യാംപ് തുറന്നത്. ഈ നീക്കം ജില്ലാ പഞ്ചായത്തിനെ അൽപമൊന്ന് ഞെട്ടിച്ചുവെങ്കിലും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പി.ജയരാജനും ഐ.ആർ.പി.സിയും ഉടൻ രംഗത്ത് ചാടി വീണു. അലഞ്ഞുതിരിയുന്നവർക്കായി അൻപതോളം പേർക്കായി പുനരധിവാസ ക്യാംപാണ് ഐ.ആർ.പി.സി തുറന്നത്.

അതും കോർപറേഷന്റെ പുനരധിവാസ ക്യാംപായ ടൗൺ സ്‌കൂളിൽ തന്നെയാണ് ഐ.ആർ.പി.സി.യും ക്യാംപ് തുറന്നത്. നേരത്തെ കോവിഡ് രോഗികൾക്കായും കിടപ്പു രോഗികൾക്കായും ആംബുലൻസ് സർവീസും മൊബൈൽ ചികിത്സയും ഭക്ഷണവും മരുന്നും ഐ.ആർ.പി.സിയെത്തിച്ചിരുന്നു. ഇതിനോടൊപ്പം പയ്യാമ്പലത്ത് കോവിഡ് രോഗികളെ പി.പി.ഇ കിറ്റണിഞ്ഞ് സംസ്‌കരിക്കുന്നതും ഐ.ആർ.പി.സി യുടെ വളൻഡിയർ മാർ തന്നെയാണ് . വരും ദിനങ്ങളിൽ യൂത്ത് കോൺഗ്രസുകാരും സേവാദൾ വളൻഡിയർ മാരും ഇതിനായി രംഗത്തിറങ്ങുമെന്നാണ് വിവരം.

ആവശ്യ സാധനങ്ങളെത്തിക്കുന്നതിന് കണ്ണൂർ കോർപറേഷൻ നടപ്പിലാക്കിയ ഹെൽപ്പ് ഡെസ്‌കിന് വൻ സ്വീകാര്യത ജനങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൻ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്. കോർപറേഷൻ സമൂഹ അടുക്കള തുറന്നതോടെ ഓപ്പൺ കിച്ചനുമായി ഐ.ആർ.പി.സിയും രംഗത്തുണ്ട്. മേയർ ടി.ഒ.മോഹനന്റെ നേതൃത്വത്തിൽ കോർപറേഷൻ കാര്യാലയത്തിന് സമീപം നടത്തുന്ന ജന്തു ക്ഷേമ സൊസൈറ്റിയുടെ ഓഫീസ് അടച്ചുപൂട്ടാൻ ജില്ലാ പഞ്ചായത്ത് ശ്രമിച്ചതോടെയാണ് കോർപറേഷനും ജില്ലാ പഞ്ചായത്തും തമ്മിലുള്ള യുദ്ധം മുറുകുന്നത്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ നടത്തിവരുന്ന കഫെ കുടുംബശ്രീ ഹോട്ടലിൽ കോർപറേഷൻ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തിയതോടെ അഭിപ്രായ ഭിന്നത രണ്ട് ഭരണ സമിതികൾ തമ്മിലുള്ള പരസ്യ പോരിലേക്ക് നീങ്ങുകയായിരുന്നു.

കണ്ണൂർ നഗരപരിധിയിൽ മാത്രമുള്ള ഭരണ സംവിധാനമാണ് കോർപറേഷൻ എന്നാൽ ജില്ലാ പഞ്ചായത്ത് പഞ്ചായത്തുകളുടെ പഞ്ചായത്താണ്. അതിന്റെ സ്വാധീന മേഖലയും ശക്തിയും എത്രയോ മടങ്ങ് ഇരട്ടിയാണ്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കോർപറേഷനെ ഏതു വിധേനെയെങ്കിലും പൂട്ടാനുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ജില്ലാപഞ്ചായത്ത് നീക്കങ്ങൾക്ക് പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇപ്പോൾ സംസ്ഥാനത്ത് ഭരണ തുടർച്ച ലഭിച്ചതോട യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനെ ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള നീക്കമാണ് നടത്തുന്നതെന്നും നേതാക്കൾ ആരോപിക്കുന്നു.

എന്നാൽ ജില്ലാ പഞ്ചായത്ത് ചെയ്യുന്ന നല്ല കാര്യങ്ങളിൽ പോലും സഹകരിക്കാൻ കണ്ണൂർ കോർപറേഷൻ സന്നദ്ധമാവുന്നില്ലെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ചൂണ്ടിക്കാണിക്കുന്നത് ഭിക്ഷാടകരെ പുനരധിവസിപ്പിക്കാനുള്ള നടപടികളുമായി സഹകരിക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണെന്നും അവർ ചൂണ്ടികാട്ടി. കണ്ണൂരിൽ അണ്ടിയോ മുത്തത് മാങ്ങയോ മൂത്തത് എന്ന മട്ടിൽ ജില്ലാപഞ്ചായത്തും കോർപറേഷനും ബലാബലം പരീക്ഷിക്കാനുള്ള പോര് തുടങ്ങിയിരിക്കെ അരയും തലയും മുറുക്കി കളത്തിലിറക്കിയിരിക്കുകയാണ് നേതാക്കളും.