- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപിക്കുമ്പോൾ കാസർകോട് ജില്ലയിലെ ആരോഗ്യ മേഖല അതിദയനീയം; ജില്ലയിൽ ആകെയുള്ള 376 ബെഡുകളിൽ 200ൽ കോവിഡ് രോഗികൾ നിറഞ്ഞു; ജില്ലയിൽ ഉള്ളത് ആറ് ഐ.സി.യു ബെഡുകൾ മാത്രം; കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കളക്ടർ
കാസർകോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, കാസർകോട് ആരോഗ്യ രംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവർത്തകരും മാത്രമുള്ളതിനാൽ കർശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു മുന്നറിയിപ്പ് നൽകി . കോവിഡ് രോഗികളെ അഡ്‌മിറ്റ് ചെയ്യാൻ ആകെയുള്ള 376 ബെഡുകളിൽ 200 എണ്ണത്തിൽ നിലവിൽ രോഗികളുണ്ട്. ആറ് ഐ.സി.യു ബെഡുകൾ മാത്രമാണ് ജില്ലയിൽ ലഭ്യമായിട്ടുള്ളത്.
ഇനിയും ബോധവത്കരണത്തി നീക്കിവെക്കാൻ സമയമില്ലാത്തതിനാൽ കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരും. സെക്ടറൽ മജിസ്ട്രേറ്റുമാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കളക്ടർ പറഞ്ഞു. സെക്ടറൽ മജിസ്ട്രേട്ടുമാരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജനങ്ങളുടെ ജീവനാണ് ഇവിടെ പ്രാധാന്യമുള്ളത് മറ്റെല്ലാ വിഷയങ്ങളും അതു കഴിഞ്ഞു മാത്രമാണ് , നമ്മുടെ നിലവിലെ സാഹചര്യം ജനങ്ങൾ മനസ്സിലാക്കണമെന്നും ഒന്നിച്ചു നിന്നാൽ മാത്രമേ കോവിഡിനെ തോൽപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും തുറന്ന സ്ഥലത്ത് 150 പേരും അടച്ചിട്ട സ്ഥലത്ത് 75 പേരും മാത്രമേ അനുവദിക്കുകയുള്ളൂ. പരിപാടി നടത്തുന്നതിനുള്ള അനുമതിക്കായി കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അറിയിച്ചു. എ.ഡി.എം അതുൽ സ്വാമിനാഥ് സംബന്ധിച്ചു.
കാസർകോട് ജില്ലയിൽ ഇന്ന് മാത്രം 622 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 162 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 4064 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 9660 പേരാണ് വീടുകളിൽ 8990 പേരും സ്ഥാപനങ്ങളിൽ 670 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9660 പേരാണ്.
പുതിയതായി 811 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 2737 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 911 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1090 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 332 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 162 പേരെ ഡിസ്ചാർജ് ചെയ്തു. 37372 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32968 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. അതേസമയം ജില്ലയിലെ ആരോഗ്യ മേഖല അതിദയനീയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.
കാസർകോഡ് ജില്ലയിലെ ആരോഗ്യ മേഖലയിൽ കാലങ്ങളായി തുടരുന്ന അവഗണനയുടെ ഫലമാണ് ഇക്കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത് മംഗാലപുരത്ത് ചികിത്സ ലഭ്യമാകാതെ 14 പേർ മരിക്കാനിടവരുത്തിയത് , ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ 30 പൂർണ്ണ സമയം പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും 5 സി.എച്ച്.സികളുടെയും കുറവുണ്ട് നിലവിൽ ജില്ലയിലുണ്ട് . നിലവിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കണമെന്ന് 2013 ൽ പ്രഭാകരൻ കമ്മീഷൻ ചൂണ്ടിക്കാട്ടി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. ട്രോമ കെയർ, വെന്റിലേറ്റർ, പൾമോണോളോജിസ്റ്റ്, ന്യൂറോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, ഓങ്കോളജിസ്റ്റ് എന്നീ വിഭാഗങ്ങൾ സർക്കാർ തലത്തിലും സ്വകാര്യ തലത്തിലും ജില്ലയിലില്ല എന്നത് എത്രമാത്രം ദയനിയമാണ് കാസർകോട് ആരോഗ്യ സംവിധാനാം എന്നത് വിളിച്ച് പറയുന്നു.
കാസർകോഡ് ജനറൽ ആശുപത്രിയിൽ മാത്രം കെ.എ.എസ്.എച്ച് സ്റ്റാൻഡേർഡ് പ്രകാരം 431 തസ്തികകളുടെ കുറവുണ്ടെന്ന് 2013 - ൽ പ്രഭാകരൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഉള്ള തസ്തികകൾ പോലും ഒഴിഞ്ഞ് കിടക്കുകയാണ്. പാതിവഴിയിലായ മെഡിക്കൽ കോളേജ് ഒന്ന് ഓടി കിട്ടാൻ ഇനിയും വേണം 13 കോടി രൂപ. കാസർകോട്ടെ ആരോഗ്യമേഖലയിലെ കൈപിടിച്ചുയർത്താൻ മാറിമാറിവന്ന സർക്കാറുകൾക്കും വലിയ താല്പര്യമില്ല, ജനപ്രതിനിധികൾകാക്കട്ടെ ഇതിനായി മാറ്റിവയ്ക്കാൻ സാമ്യവുമില്ല.