അടുത്ത മാസത്തോടെ കേരളത്തിൽ പ്രതിദിനം 10,000 20,000 കോവിഡ് രോഗികളുണ്ടായേക്കാമെന്ന വിലയിരുത്തൽ; അടിയന്തര സാഹചര്യം നേരിടാൻ കോവിഡ് ബ്രിഗേഡിലേക്ക് 1850 ഇടയിൽ പ്രായമുള്ളവരെ ക്ഷണിച്ച് സർക്കാർ; സംസ്ഥാനത്ത് വൈറസിന്റെ അതിവ്യാപനം തടയാൻ ഇനി ജാഗ്രതയോടെ പ്രവർത്തനം; മരണം കൂടുന്നതും ആശങ്ക; ഡോക്ടർമാരും നേഴ്സുമാരും മതിയാവില്ലെന്ന തിരിച്ചറിവിൽ ഇടപെടൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് സാഹചര്യം അതിരൂക്ഷമാകുമെന്ന് സൂചന. അടുത്ത മാസത്തോടെ കേരളത്തിൽ പ്രതിദിനം 10,000- 20,000 കോവിഡ് രോഗികളുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുന്നൊരുക്കങ്ങൾ കേരളം തുടങ്ങി. അടിയന്തര സാഹചര്യം നേരിടാൻ കോവിഡ് ബ്രിഗേഡിലേക്ക് 18-50 ഇടയിൽ പ്രായമുള്ളവരെ ക്ഷണിച്ച് സർക്കാർ നടപടികൾ എടുക്കുകയാണ്. കേരളത്തിൽ ഇന്നലെ 1569 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ദിവസവും കണക്ക് കൂടുകയാണ്. ഇതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തകരെ തേടുന്നത്. വരാനിരിക്കുന്ന ദിവസങ്ങളെ നേരിടാൻ നിലവിലുള്ള സംവിധാനം കൊണ്ടു കഴിയില്ല എന്ന് ഉറപ്പായതോടെയാണിത്. രോഗികളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ആരംഭിക്കുന്ന സിഎഫ്എൽടിസികളിലേക്കെല്ലാം ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ, ടെക്‌നിക്കൽ, ശുചീകരണ ജീവനക്കാരെയാണ് ആവശ്യമുള്ളത്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് 3 വിഭാഗം പ്രവർത്തകരെ ആവശ്യമുണ്ട്.
1.മെഡിക്കൽ: ഡോക്ടർമാർ (എംബിബിഎസ്, ഡെന്റൽ, ആയുർവേദം, ഹോമിയോ), നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങിയവർ.
2.നോൺ മെഡിക്കൽ: എംബിഎ, എംഎസ്ഡബ്ല്യൂ, എംഎച്ച്എ യോഗ്യതയുള്ളവർ. കോവിഡ് സെന്റർ മാനേജ്‌മെന്റ്, ഡേറ്റാ എൻട്രി തുടങ്ങിയ ടെക്‌നിക്കൽ ജോലികൾക്ക് ഇവരെ ഉപയോഗപ്പെടുത്തും
3. മൾട്ടി പർപ്പസ് വിഭാഗം: വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. ഏതു ജോലിയും ചെയ്യണം.
ലഭിക്കുന്ന സൗകര്യങ്ങൾ
പരിശീലനം, ആവശ്യമെങ്കിൽ താമസ സൗകര്യം, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള പ്രതിഫലം, കോവിഡ് ആരോഗ്യ ഇൻഷുറൻസ് സംവിധാനം.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 198 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 180 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 113 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 101 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 99 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 95 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 80 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 75 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 57 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 49 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 40 പേർക്കുമാണ് ഇന്നലെ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മരണവും കൂടുകയാണ്.
ഇന്നലെ 10 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 139 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1354 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 86 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 300 പേർക്കും, മലപ്പുറം ജില്ലയിലെ 173 പേർക്കും, പാലക്കാട് ജില്ലയിലെ 161 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, ആലപ്പുഴ ജില്ലയിലെ 99 പേർക്കും, കോട്ടയം ജില്ലയിലെ 86 പേർക്കും, കോഴിക്കോട് ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 68 പേർക്കും, കൊല്ലം ജില്ലയിലെ 65 പേർക്കും, കണ്ണൂർ ജില്ലയിലെ 63 പേർക്കും, വയനാട് ജില്ലയിലെ 56 പേർക്കും, കാസർഗോഡ് ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 23 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
27 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇതും ആശങ്കയാകുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,025 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,42,291 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,734 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1479 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ