- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കോവിഡ് നിയന്ത്രണം വിട്ടു കുതിക്കുന്നു; മരണസംഖ്യ കുത്തനെ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; രോഗികൾ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും; വയോധികരിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്റർ തികയാതെ വരും; രോഗികൾ റോഡിൽ കിടക്കേണ്ട അവസ്ഥ വരാതെ നോക്കണം; കോളനികളിലേക്ക് രോഗം വരാതിരിക്കാൻ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണമെന്നും ആരോഗ്യമന്ത്രി; കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കാൻ നിർദ്ദേശം
കൊച്ചി: സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ കൈവിട്ടുപോകുമെന്ന സൂചനയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ മാസം 21ാം തിയ്യതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികൾ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും. പ്രായമുള്ളയാളുകളിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്റർ തികയാതെ വരുമെന്ന് കെകെ ശൈലജ പറഞ്ഞു. എറണാകുളം മെഡിക്കൽ കോളേജിലെ 12 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ഏത്ര രോഗികൾ വന്നാലും റോഡിൽ കിടക്കേണ്ടുന്ന അവസ്ഥയുണ്ടാകരുത്. കോളനികളിലേക്ക് രോഗം വരാതിരിക്കാൻ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണം. ആർക്കെങ്കിലും രോഗം വന്നാൽ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന നാളുകൾ വന്നതിനെക്കാൾ കടുത്തതാണ്. ഇത്രയും നേരിട്ടവരാണ് നമ്മൾ. കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറെടുക്കണമെന്നും കെകെ ശൈലജ പറഞ്ഞു
അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും മരണനിരക്ക് കൂടുതലാണ്. ആ രീതിയിൽ സംസ്ഥാനത്തും രോഗികൾ മരിക്കുമായിരുന്നെങ്കിൽ പതിനായിരം കടക്കുമെന്നായിരുന്നു വിദഗ്ദ്ധർ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവർത്തനം കൊണ്ടാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആളുകൾ ഇടപെടുന്നതെന്നും ശൈലജ പറഞ്ഞു.
സർക്കാർ പണത്തോടൊപ്പം ജനപ്രതിനിധികളുടെ വികസന ഫണ്ടും നാട്ടിലെ ജനങ്ങളുടെ സഹായവും കൂടെയുണ്ടായപ്പോൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വലിയ സൗകര്യങ്ങളൊരുക്കാനായ കോവിഡിനെതിരായ പേരാട്ടത്തിൽ കേരളം ശക്തമായി പൊരുതി നിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ഭേദമന്വേ എല്ലാവരുടേയും പിന്തുണ തേടുന്നു. വരാനുള്ള നാളുകൾ ഇനിയും കടുത്തതാണ്. ആശുപത്രി ജീവനക്കാർ ഇപ്പോൾ തന്നെ വളരെയധികം അധ്വാനിക്കുന്നുണ്ട്. എങ്കിലും ഈ ഘട്ടത്തെയും മാനസികമായും ശാരീരികമായും നേരിടാൻ സന്നദ്ധമായിരിക്കണം. േ
കിഫ്ബി സംവിധാനം ആരോഗ്യ മേഖലയുടെ പുരോഗതിക്ക് വലിയ അനുഗ്രഹമായതായി മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യ മേഖലയുടെ സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ ആർദ്രം പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്രാഥാമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സമഗ്ര വികസനമൊരുക്കി രോഗീ സൗഹൃദമാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് നല്ല പണം വേണം. ജിഡിപിയിലെ ഒരു ശതരമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. അതെല്ലാം വലിയ പദ്ധതികൾക്ക് തടസമായി. അപ്പോഴാണ് കിഫ്ബി വലിയ അനുഗ്രഹമായി മാറിയത്. വളരെ പെട്ടെന്ന് മാസ്റ്റർ പ്ലാനും പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കാനും വലിയ ശതമാനം പദ്ധതികൾ യാഥാർത്ഥമാക്കാനാക്കാനും സാധിച്ചതായി മന്ത്രി വ്യക്തമാക്കി.
കിഫ്ബിയുടെ ഭാഗമായി എറണാകുളം മെഡിക്കൽ കോളേജിലും വലിയ വികസനമാണ് നടന്നു വരുന്ന്. പുതിയ മദർ ആൻഡ് ചൈൽഡ് ബ്ലോക്കിന് കിഫ്ബി വഴി 311 കോടിയുടെ ഭരണാനുമതി നൽകുകയും 285 കോടി അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കി വരുന്നു. 8 നിലകളുള്ള ഈ കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ മെഡിക്കൽ കോളേജിന്റെ മുഖഛായ തന്നെ മാറുന്നതാണ്.
ആദ്രം മിഷന്റെ ഭാഗമായി ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് ശ്രമിച്ചത്. ആശുപത്രിയുടെ കിടക്കകൾ പോലും തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു. രോഗീ സൗഹൃദം, ഹൈടെക് ആക്കുക, സൗജന്യമായും കുറഞ്ഞ ചെലവിലുമുള്ള ചികിത്സ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധിച്ചത്. എല്ലാതലം ആശുപത്രികളേയും സേവനം വർധിപ്പിച്ചു. 44 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചിട്ടുണ്ട്. 67 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങളാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ നിശ്ചയിച്ചപ്പോൾ ഫണ്ട് ഒരു തടസമായിരുന്നു. എന്നാൽ അത് ജനകീയമായെടുത്തപ്പോൾ വലിയ വിജയമായി. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എംപി., പി.ടി. തോമസ് എംഎൽഎ., ജോൺ ഫെർണാണ്ടസ് എംഎൽഎ., കളമശേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ റുഖിയ ജമാൽ എന്നിവർ വിശിഷ്ടാതിഥികളായി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ. എൻ. ഖോബ്രഗഡെ സ്വാഗതവും ജില്ലാ കളക്ടർ എസ്. സുഹാസ് കൃതജ്ഞതയും രേഖപ്പെടുത്തി. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, ഡി.എം.ഒ. ഡോ. കുട്ടപ്പൻ, ബിപിസിഎൽ എക്സി. ഡയറക്ടർ പി. മുരളി മാധവൻ, ഐ.എം.എ. കൊച്ചി പ്രതിനിധി ഡോ. ജുനൈദ് റഹ്മാൻ, വാർഡ് കൗൺസിലർ മിനി സോമനാഥ്, എൻഎച്ച്എം. ചീഫ് എഞ്ചിനീയർ സി.ജെ. അനില, വൈസ് പ്രിൻസിപ്പൽ ഡോ. ഫത്താഹുദ്ധീൻ, ആശുപത്രി സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ, ആർ.എം.ഒ. ഡോ. ഗണേശ് മോഹൻ, എൻഎച്ച്എം. പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ