തിരുവനന്തപുരം: ലോക്ഡൗണിന്റെ കരുത്ത് ഡൽഹി അറിഞ്ഞു തുടങ്ങി. ഇന്നലെ അവിടെ രോഗികളായി കണ്ടെത്തിയത് 24,149 പേരെയാണ്. രോഗ വ്യാപനം പതിയെ കുറയുന്നതിന്റെ സൂചന. കർണ്ണാടകയും കേരളവുമാണ് ഇനി ഭീതിപ്പെടുത്തുന്നത്. രണ്ടിടത്തും കോവിഡ് രോഗികൾ 30,000നു മുകളിലാണ്.കേരളത്തിൽ 2.47 ലക്ഷം ആക്ടീവ് രോഗികളും. കർണ്ണാടകയിൽ 3 ലക്ഷത്തിൽ അധികം ആക്ടീവ് കൊറോണ കേസുകളുമുണ്ട്. ഡൽഹിയിൽ ഇത് ഒരുലക്ഷത്തിൽ താഴെയാണ്. കേരളത്തിലെ മരണ നിരക്കും മുപ്പത് കഴിഞ്ഞു കഴിഞ്ഞ ദിവസം. ഇതെല്ലാം ആശങ്ക കൂട്ടുന്നു.

ഡൽഹിയിൽ കണ്ടെതിന് സമാനമായ സാഹചര്യം കേരളത്തിലും ഉടലെടുക്കാൻ സാധ്യത ഏറെയാണ്. ഇനി രണ്ട് ദിവസം കൂടി രോഗവ്യാപന തോത് 30,000ന് മുകളിൽ പോയാൽ പ്രതിസന്ധി രൂക്ഷമാകും. ഓക്‌സിജനും ബെഡും കിട്ടാതെ വരും. ഇതോടെ മരണവും ഉയരും. അങ്ങനെ വന്നാൽ ഡൽഹിയിലെ മൃതദേഹകാഴ്ചകൾ കേരളത്തിലും എത്താനിടയുണ്ട്. അതുകൊണ്ട് തന്നെ കരുതൽ ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്. അതികഠിന നിയന്ത്രണങ്ങൾ അടുത്ത മൂന്നാഴച അനിവാര്യമായി മാറുന്നു.

കേരളത്തിൽ പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും കൊറോണ വൈറസിന്റെ തീവ്രവ്യാപന ശേഷിയുള്ള യുകെ, ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളുണ്ടെന്നു ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ റിപ്പോർട്ട് എത്തിക്കഴിഞ്ഞു. ഫെബ്രുവരിയിലെ പഠനത്തിൽ 3.8 % കോവിഡ് ബാധിതരിലാണ് ഇവ കണ്ടതെങ്കിൽ, മാർച്ച് രണ്ടാം പകുതിയോടെ 40 % ആയി. കഴിഞ്ഞ മാസം ശേഖരിച്ച സാംപിളുകളിൽ പ്രതിരോധശേഷിയെ മറികടക്കുന്ന 18 ജനിതക വകഭേദങ്ങൾ കണ്ടെത്തിയെങ്കിലും യുകെ, ഇന്ത്യൻ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളാണു പ്രബലം. ഇത് കേരളത്തിന് വലിയ ഭീഷണിയാണ്.

യുകെ വകഭേദം (ബി.1.1.7): ജനുവരിയിൽ കണ്ണൂരിലും ഫെബ്രുവരിയിൽ കാസർകോട്, ഇടുക്കി, കോട്ടയം ജില്ലകളിലും ദൃശ്യമായി. അപ്പോൾ 3.8 % എന്നതായിരുന്നു തോത്. എന്നാൽ, കഴിഞ്ഞ മാസം പത്തിരട്ടിയോളം വർധനയുണ്ടായി. 750 സാംപിളുകളിൽ 29.92 % ഈ വകഭേദം. കണ്ണൂരിൽ 75 %, കാസർകോട്ട് 66 %, മലപ്പുറത്ത് 59 % എന്നിങ്ങനെയാണ് ഇതിന്റെ സാന്നിധ്യം. ഇന്ത്യൻ വകഭേദം (ബി.1.1.617): കഴിഞ്ഞ മാസം ദൃശ്യമായി. ഇപ്പോൾ 7.3 %. മുംബൈയിലും ഗുജറാത്തിലും രോഗവ്യാപനം രൂക്ഷമാക്കിയ ഈ വകഭേദം കൂടുതൽ കണ്ടെത്തിയതു കോട്ടയം (19.5 %), ആലപ്പുഴ ജില്ലകളിലാണ്. ദക്ഷിണാഫ്രിക്കൻ വകഭേദം (ബി.1.351): കഴിഞ്ഞ മാസം കേരളത്തിൽ ദൃശ്യമായി. ഇപ്പോൾ 4.12 %. കൂടുതൽ സാന്നിധ്യമുള്ളത് പാലക്കാട് (21.43 %), കാസർകോട്, വയനാട് ജില്ലകളിലാണ്. ബാക്കി 60 % കേരളത്തിൽ നേരത്തേ വലിയ തോതിൽ കണ്ട എൻ440കെ ഉൾപ്പെടെയുള്ള വകഭേദങ്ങളാണ്. പലതിനും പേരിട്ടിട്ടില്ല.

അതിനിടെ സൗകര്യമില്ലാതെയുള്ള മരണവും കേരളത്തിൽ എത്തുകയാണ്. കോവിഡ് ഐസിയു കിട്ടാതെ 4 മണിക്കൂർ ആംബുലൻസിൽ കഴിയേണ്ടി വന്ന വയോധിക ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അധികം വൈകാതെ മരിച്ചു. വാടാനപ്പള്ളി തൃത്തല്ലൂർ പുതിയ വീട്ടിൽ ഫാത്തിമ (78) യാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്. അപ്പോൾ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐസിയു ലഭ്യമല്ലായിരുന്നു. അവിടെ നിന്നു ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് വഴിയാണു കോവിഡ് രോഗികളെ കൊണ്ടുവരേണ്ടതെന്ന വിവരം അറിയുന്നത്. തുടർന്നു പഞ്ചായത്ത് അംഗത്തെയും എംപിയുടെ കോവിഡ് ഹെൽപ് ലൈൻ നമ്പറിലും മറ്റും ബന്ധപ്പെട്ടുകൊണ്ടിരുന്നു. രാത്രി 12.05ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ആറോടെ മരിച്ചു.

ലോക്ഡൗൺ ഒഴിവാക്കണമെങ്കിൽ ആളുകൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നു സർക്കാരിന്റെ മുന്നറിയിപ്പ് എത്തി കഴിഞ്ഞു. കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നതിനു പൊലീസിനു നിർദ്ദേശവും നൽകി. നിയമലംഘകരെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം നടപ്പാക്കും.കോവിഡ് ബാധിത പ്രദേശങ്ങളിൽ പോസിറ്റീവായവരെയും ക്വാറന്റീനിൽ കഴിയുന്നവരെയും നിരീക്ഷിക്കാനും സഹായിക്കാനുമായി തൃശൂർ നഗരത്തിൽ ഏർപ്പെടുത്തിയ വനിതാ ബുള്ളറ്റ് പട്രോൾ സംഘം ഇന്നു മുതൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.പ്രധാന ആശുപത്രികളിലും സിഎഫ്എൽടിസികളിലും ഓക്സിജൻ കിടക്ക ഉറപ്പാക്കും. ഗുരുതരാവസ്ഥ മുന്നിൽ കണ്ടു കരുതൽ സ്റ്റോക്ക് ഉറപ്പാക്കാൻ നിർദ്ദേശിച്ചു.

തൃശൂർ ജില്ലയിലെ പ്രതിദിന രോഗികൾ 4 ദിവസം കൂടുമ്പോൾ ഇരട്ടിച്ചേക്കുമെന്നാണ് ആരോഗ്യ വകുപ്പു വിലയിരുത്തുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ഓക്സിജനും വെന്റിലേറ്ററുകളും സജ്ജമാക്കി. തൃശൂർ മെഡിക്കൽ കോളജിൽ പ്രതിദിനം ശരാശരി 300 യൂണിറ്റ് ഉൽപാദിപ്പിക്കാവുന്ന ഓക്സിജൻ പ്ലാന്റ് ഒരാഴ്ചയ്ക്കകം പ്രവർത്തനമാരംഭിക്കും.