തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി നാളെ മൂതൽ കേരളത്തിൽ സമ്പൂർണ്ണ അടച്ചിടൽ വരുമ്പോൾ നിയന്ത്രണങ്ങൾ അതിശക്തമാക്കും. സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ അവശ്യസർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് അവധിയായിരിക്കും. മെയ്‌ 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ആൾക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികൾക്ക് വിലക്ക്. വിവാഹങ്ങളിൽ 20 പേർ. പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. റജിസ്‌ട്രേഷൻ വേണം. മരണാനന്തര ചടങ്ങിന് പരമാവധി 20 പേർ. കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

സായുധസേനാ വിഭാഗം, ട്രഷറി, സിഎൻജി, എൽപിജി, പിഎൻജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ് ഓഫിസുകൾ, എൻഐസി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മിഷൻ, എംപിസിഎസ്, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീപോർട്ട്, റെയിൽവേ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും പ്രവർത്തിക്കും. പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ പ്രവർത്തിപ്പിക്കാം.

ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, പൊലീസ്, എക്സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കലക്ടറേറ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവർത്തിക്കും.

കോവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളിൽ യാത്രചെയ്യാം. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 7.30 വരെ തുറക്കാം. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം. ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ ഒരു മണിവരെ. റെയിൽ, വിമാന സർവീസുകൾ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. മെട്രോ ട്രെയിനും സർവീസ് നടത്തില്ല. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്‌സി ഇവ ലഭ്യമാകും. സ്വകാര്യവാഹനങ്ങൾ അവശ്യവസ്തുക്കളും മരുന്നും വാങ്ങാൻ മാത്രം പുറത്തിറക്കാം. അല്ലാത്ത വാഹനങ്ങൾ എല്ലാം പിടിച്ചെടുക്കും.

മറ്റ് ഇളവുകൾ:

  • പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, കേബിൾ സർവീസ്, ഡിടിഎച്ച് എന്നിവയ്ക്ക് പ്രവർത്തിക്കാം.
  • അവശ്യ വസ്തുക്കളുടെ ഉൽപാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം.
  • ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല.
  • കോവിഡ് പ്രവർത്തനങ്ങൾക്കായുള്ള വൊളന്റിയർമാർക്ക് യാത്ര ചെയ്യാം.
  • ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം
  • കൃഷി, ഹോർട്ടികൾച്ചർ, മൽസ്യബന്ധനം, മൃഗസംരക്ഷണമേഖലകൾക്ക് അനുമതി
  • ഐടി, ഐടി അനുബന്ധസ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാം
  • അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്‌സി ഉപയോഗിക്കാം.
  • സ്വകാര്യവാഹനങ്ങൾ അവശ്യവസ്തുക്കളും മരുന്നും വാങ്ങാൻ മാത്രം പുറത്തിറക്കാം
  • ഹോംനഴ്‌സുമാർക്കും വീട്ടുജോലിക്കാർക്കും ജോലി സ്ഥലങ്ങളിലേക്ക് പോകാം.
  • ഇലക്ട്രിക്കൽ, പ്ലംബിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് തടസമില്ല.
  • മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക് തടസമില്ല
  • നിർമ്മാണമേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം
  • തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം.