- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിൻ ആദ്യം കൊടുക്കുക 45 വയസ്സിൽ താഴെയുള്ളവരിലെ മുൻഗണനാവിഭാഗങ്ങൾക്ക്; കേരളത്തിന് നൽകിയത് അടിയന്തര സാഹചര്യം പരിഗണിച്ച് കേന്ദ്രത്തിന് വേണ്ടി ഉൽപാദിപ്പിച്ച വാക്‌സിൻ; ഇ പാസിന് ആവശ്യക്കാരും ഏറെ; ലോക്ഡൗണിനൊപ്പം വാക്സിനും കോവിഡ് വ്യാപനം കുറയ്ക്കുമെന്ന പ്രതീക്ഷയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനം വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സീൻ 45 വയസ്സിൽ താഴെയുള്ളവരിലെ മുൻഗണനാവിഭാഗങ്ങൾക്കു നൽകും. സംസ്ഥാനത്തേക്ക് ഒരു കോടി ഡോസ് വാക്‌സീൻ 2 കമ്പനികളിൽ നിന്നായി വാങ്ങാനാണു സർക്കാർ തീരുമാനിച്ചത്. ഇതിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു വാങ്ങുന്ന 70 ലക്ഷം ഡോസിലെ ആദ്യ ബാച്ച് ആയ മൂന്നര ലക്ഷം ഡോസ് ആണ് ഇന്നലെ ലഭിച്ചത്. ഇതോടെ വാക്‌സിൻ ക്ഷാമം ഇല്ലാതാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിൽ എത്തുന്ന വാർഡ്തല സമിതികളിലെ സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സന്നദ്ധ സേന വൊളന്റിയർമാർ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്‌സിൻ നൽകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3.64 ലക്ഷം ഡോസ് വാക്‌സീൻ ആണ് സർക്കാരിന്റെ പക്കലുണ്ടായിരുന്നത്. ഇതിൽ 1.97 ലക്ഷം കോവിഷീൽഡും 1.67 ലക്ഷം കോവാക്‌സീനും ആയിരുന്നു. ഇന്നലെ 751 കേന്ദ്രങ്ങളിലാണ് വാക്‌സീൻ നൽകിയത്. തിരുവനന്തപുരമാണ് വാക്‌സീൻ വിതരണത്തിൽ മുന്നിൽ; 9.35 ലക്ഷം ഡോസ്. 8.9 ലക്ഷം ഡോസ് വിതരണം ചെയ്ത എറണാകുളമാണ് തൊട്ടു പിന്നിൽ. 2.5 ലക്ഷം ഡോസ് വീതം വിതരണം ചെയ്ത ഇടുക്കി, വയനാട് ജില്ലകളാണ് പിന്നിൽ.
കേന്ദ്രത്തിനു കൈമാറാൻ ഉൽപാദിപ്പിച്ച വാക്‌സീനാണ് അടിയന്തര സാഹചര്യം പരിഗണിച്ചു കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങൾക്കു നൽകിയതെന്നാണു സൂചന. ഇതിനിടെ, കേന്ദ്രം സൗജന്യമായി നൽകുന്ന 1.84 ലക്ഷം ഡോസ് വാക്‌സീൻ കൂടി ഇന്നെത്തിയേക്കും. ഇതും ക്ഷാമം പരിഹരിക്കാൻ അവസരമൊരുക്കും. സ്വകാര്യ ആശൂപത്രികൾക്ക് നേരിട്ട് കമ്പനിയിൽ നിന്ന് വാക്‌സിൻ വാങ്ങാനും അവസരമുണ്ട്. കോവിഡ് പ്രതിരോധത്തിൽ ഈ വാക്‌സിൻ വരവ് ഗുണകരമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഈ ലോക്ഡൗണിന് ജീവന്റെ വിലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാമത്തെ ലോക്ഡൗൺ, മുൻകരുതലിനുള്ള പ്രിവന്റീവ് ലോക്ഡൗൺ ആയിരുന്നെങ്കിൽ ഇപ്പോൾ നടപ്പിലാക്കുന്നത് മരണങ്ങൾ കുറയ്ക്കാനുള്ള എമർജൻസി ലോക്ഡൗൺ ആണ്. നമ്മുടെ ജീവന്റെ വിലയാണു ലോക്ഡൗണിലുള്ളതെന്നു മറക്കാതിരിക്കുക. സ്വരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ഈ ലോക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം എന്ന് മുഖ്യമന്ത്രി പറയുന്നു.
അവശ്യ ഘട്ടങ്ങളിൽ സഞ്ചരിക്കാൻ പൊലീസ് നൽകുന്ന ഓൺലൈൻ ഇ പാസ് സംവിധാനം തിരക്കിൽ താളം തെറ്റുന്നു. പാസിന് അപേക്ഷിക്കുന്ന പലർക്കും 24 മണിക്കൂർ കഴിഞ്ഞും കിട്ടാത്ത സ്ഥിതിയാണ്. ഇന്നലെ വൈകിട്ട് 7 വരെ 3.1 ലക്ഷം പേരാണ് പാസിന് അപേക്ഷിച്ചത്. ഇതിൽ 32,641 പേർക്കു നൽകി. 2,21,376 പേർക്ക് അനുമതി നിഷേധിച്ചു. 56,518 അപേക്ഷകൾ പരിഗണനയിലാണ്. രേഖകൾ സഹിതം അത്യാവശ്യത്തിനായി പുറത്തിറങ്ങുന്നവരെപ്പോലും പൊലീസ് തടഞ്ഞു നിർത്തി പിഴ ചുമത്തുകയാണെന്നു പരാതിയുണ്ട്.
പാസ് ദുരുപയോഗം ചെയ്യുന്ന ചുരുക്കം ചിലരുണ്ടെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങളോടു പൂർണമായി സഹകരിക്കുന്ന നിലപാടിലാണു പൊതുവേ ജനം. അവശ്യ സർവീസ് വിഭാഗത്തിൽ പെട്ടവരും അത്യാവശ്യക്കാരും ചികിത്സ തേടുന്നവരുമാണു സത്യവാങ്മൂലം സഹിതം പുറത്തിറങ്ങുന്നത്. ഇതിൽ പെടാത്ത ചുരുക്കം പേരാണ് ഇന്നലെ നിരത്തിലിറങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ