തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് ബാധിതരുടെ എണ്ണം മെല്ലെ കുറയുന്ന സ്ഥിതിയാണുള്ളതെങ്കിലും മരണ നിരക്ക് കൂടുന്നത് ആശങ്കയാവുന്നു. സംസ്ഥാനത്ത് ഇന്നലെ 196 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു; ആകെ മരണം 7554 ആയി. 87,331 സാംപിൾ പരിശോധിച്ചപ്പോൾ 17,821 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 20.41%. ആഴ്ചകൾക്ക് മുമ്പ് ശരാശരി 40 പേരാണ് ദിവസവും കോവിഡ് ബാധിച്ച് മരിച്ചിരുന്നത്. ഇതാണ് 200ന് അടുത്തെത്തുന്നത്. ഈ വലിയ ആശങ്കയായി മാറുന്നു. ഇതിനൊപ്പമാണ് ബ്ലാക്ക് ഫംഗസ് വെല്ലുവിളിയും.

കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.6% ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10 ദിവസം മുൻപു നാലര ലക്ഷത്തിനടുത്ത് എത്തിയിരുന്നെങ്കിൽ ഇന്നലെ 2,59,179 ആയി. രോഗവ്യാപനം കുറച്ചു കൊണ്ടുവരാൻ ലോക്ഡൗൺ സഹായകരമായെന്നാണ് അനുമാനിക്കുന്നത്. 10 ദിവസം മുൻപത്തെ സ്ഥിതി നോക്കുമ്പോൾ, കോവിഡ് ബാധിതരിൽ ഏകദേശം 91% പേരെയും വീടുകളിലാണു ചികിത്സിച്ചിരുന്നത്. 9% പേർ ആശുപത്രിയിലും. എന്നാൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14% ആയി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നവരുടെ എണ്ണം 1502 ആയി. 3938 പേരാണ് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്.

ഗുരുതരാവസ്ഥയിലെ രോഗികൾ കൂടുന്നതാണ് ഇതിന് കാരണം. ഇത് വലിയ ആശങ്കയുമാണ്. ചികിത്സയിലായിരുന്ന 36,039 പേരുടെ ഫലം നെഗറ്റീവായി. നിലവിൽ ചികിത്സയിലുള്ളത് 2,59,179 പേർ. ലോക്ഡൗൺ ഫലം കാണുന്നുവെന്ന് തന്നെയാണ് വിലയിരുത്തൽ. 30 വരെ ലോക്ഡൗണുണ്ട്. ഇത് രോഗ വ്യാപനം ഇനിയും കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. അതിനിടെ ലോക്ഡൗൺ സമയത്തു നിർമ്മാണ പ്രവർത്തനങ്ങൾക്കു സർക്കാർ അനുമതി നൽകിയിട്ടുള്ളതിനാൽ അതിനാവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകൾക്കു നിശ്ചിത ദിവസം തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അതിനിടെ 18-44 പ്രായക്കാർക്കു കോവിൻ പോർട്ടലിലെ ഓൺലൈൻ റജിസ്‌ട്രേഷനു പുറമേ സെന്ററുകളിൽ സ്‌പോട്ട് റജിസ്‌ട്രേഷനും അനുവദിക്കുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. അതതു സംസ്ഥാനങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ഇതു നിലവിൽ വരൂ. സർക്കാർ വാക്‌സീൻ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ഈ സൗകര്യം. ഇന്റർനെറ്റ്, സ്മാർട്‌ഫോൺ ഉപയോഗിക്കാത്തവർക്കു സ്‌പോട് റജിസ്‌ട്രേഷനിൽ മുൻഗണന ലഭിച്ചേക്കും. എന്നാൽ ഇത് കേരളത്തിൽ ഉടൻ നടക്കാൻ ഇടയില്ല. വാക്‌സിൻ ക്ഷാമം രൂക്ഷമായതു കൊണ്ടാണ് ഇത്.

പരിയാരത്ത് മരിച്ചത് ഒരു കുടുംബത്തിലെ ആറു പേരെ

ഏപ്രിൽ 8 മുതൽ മെയ്‌ 12 വരെയുള്ള 35 ദിവസങ്ങൾക്കിടെ കോവിഡ് കവർന്നെടുത്തത് പരിയാരം പടിഞ്ഞാക്കര കുടുംബത്തിലെ ആറു പേരെ. മുംബൈയിൽ സ്ഥിരതാമസമാക്കിയ പടിഞ്ഞാക്കര പി.കെ. പോളിന്റെ ഭാര്യ സെലീന (88), മക്കളായ വത്സ (64), ഗ്രേസി (62), ജോളി (58), വത്സയുടെ മകൻ ടോണി (36), പോളിന്റെ സഹോദരൻ ദേവസിക്കുട്ടി (86) എന്നിവരാണു മരിച്ചത്.

കൊട്ടേക്കാട് പല്ലൻ പൊറിഞ്ചുവിന്റെ ഭാര്യ വത്സ ഏപ്രിൽ 8നാണ് മരിച്ചത്. 16നു ടോണിയും 22നു ദേവസിക്കുട്ടിയും പുതുക്കാട് പുളിക്കൻ വിൽസന്റെ ഭാര്യ ഗ്രേസി 24 നും മരിച്ചു. മെയ്‌ 5നായിരുന്നു സെലീനയുടെ മരണം. ജോളി മരിച്ചത് 12 നും. ഇവരെല്ലാവരും മുംബൈയിൽ സ്ഥിര താമസമായതിനാൽ സംസ്‌കാരവും അവിടെത്തന്നെ നടത്തി. മറ്റു കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിരുന്നെങ്കിലും ഭേദമായി. ഇവരിൽ പലരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നതിനാൽ മരണവിവരങ്ങൾ അറിയിച്ചിരുന്നില്ല.

പോൾ 75 വർഷം മുൻപാണ് മുംബൈയിലെത്തിയത്; ദേവസിക്കുട്ടി 65 വർഷം മുൻപും. ദേവസിക്കുട്ടി ഒഴികെയുള്ളവർ ബാന്ദ്രയിൽ 2 കിലോമീറ്റർ പരിധിക്കുള്ളിലാണു താമസം. ദേവസിക്കുട്ടി 50 കിലോമീറ്ററോളം ദൂരെ ഡോംബിവ്ലിയിലും.