തിരുവനന്തപുരം: കോവിഡ് ഭീതി ഒഴിഞ്ഞുവെന്ന വിലയിരുത്തലിലേക്ക് എത്തുകയായിരുന്നു സംസ്ഥാന സർക്കാർ. രോഗികളുടെ പ്രതിദിന കണക്കിൽ തിങ്കളാഴ്ച വലിയ കുറവുണ്ടായി. ഇതോടെയാണ് പ്രതീക്ഷ എത്തിയത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14ൽ താഴെയുമായി. എ്ന്നാൽ ഇതെല്ലാം മാറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. പ്രതിദിനരോഗികളുടെ കണക്കുയർന്നു. ടിപിആർ 15 കടക്കുകയും ചെയ്തു.

മഹരാഷ്ട്രയിൽ 14,123ഉം കർണ്ണാടകയിൽ 14,303ഉം ഡൽഹിയിൽ 623 രോഗികളും. യുപിയിൽ ഇന്നലെ 3.2ലക്ഷം കോവിഡ് പരിശോധന നടത്തിയപ്പോൾ രോഗ വാഹകരായി തിരിച്ചറിഞ്ഞത് 1221 പേരെ. എന്നാൽ തമിഴ്‌നാട്ടിൽ 26,513 രോഗികളും കേരളത്തിൽ 19760 രോഗകളും. ഈ കണക്കുകൾ ഇടിഞ്ഞു താഴാത്തത് ദേശീയ തലത്തിൽ വെല്ലുവിളിയാണ്. ലോക്ഡൗൺ അതിശക്തമായി നടപ്പാക്കാത്തതാണ് കേരളത്തേയും തമിഴ്‌നാട്ടിനേയും പ്രശ്‌നത്തിലാക്കുന്നത്. ഇതിനിടെ കോവിഡ് വ്യാപനം തടയാനുള്ള സർക്കാരിന്റെ പല മാർഗനിർദ്ദേശങ്ങളിലും അവ്യക്തതയും ആശയക്കുഴപ്പവുമെന്നു കേരളത്തിൽ പരാതി ഉയരുന്നു.

പല കടകളും പല ദിവസങ്ങളിലാണ് തുറക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവർക്കും എല്ലാ ദിവസവും റോഡിൽ ഇറങ്ങേണ്ട അവസ്ഥയുണ്ട്. റോഡിൽ ആളിനെ കുറയ്ക്കാനാണ് പലദിവസങ്ങളിൽ പല കടകൾ തുറക്കുന്നത്. എന്നാൽ ഇത് എല്ലാ ദിവസവും റോഡിൽ തിരക്കുണ്ടാക്കുകയാണ്. സർക്കാർ ഓഫീസുകൾ പകുതി ജീവനക്കാരുമായി താമസിയാതെ പ്രവർത്തനം തുടങ്ങും. ഇതോടെ റോഡിൽ എല്ലാം ആൾത്തിരക്ക് വീണ്ടും സജീവമാകും. ഇതിലൂടെ രോഗ വ്യാപനത്തെ പിടിച്ചു നിർത്താനാകില്ല.

മരണ നിരക്ക് കേരളത്തിൽ ഉയരുകയാണ്. ഈ ഘട്ടത്തിൽ അതിശക്തമായ ലോക്ഡൗൺ അനിവാര്യതയാണ്. അല്ലാത്ത പക്ഷം രോഗ വ്യാപനം രണ്ടാം ഘട്ടത്തിൽ ഇനിയും രൂക്ഷമാകുമെന്ന വിലയിരുത്തൽ സജീവമാണ്. കേരളത്തിൽ ഇപ്പോഴും രണ്ട് ലക്ഷത്തിന് മുകളിൽ പേർ കോവിഡ് പോസ്റ്റീവാണ്. ഇതിനെ എത്രയും വേഗം ഒരുലക്ഷത്തിൽ താഴെയാക്കണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനു അതിശക്തമായ അടച്ചിടൽ നിർദ്ദേശം ഉണ്ടാകണമെന്നതാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.

വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതി 20 പേർക്കായി ചുരുക്കിയതോടെ പലരും ക്ഷണക്കത്ത് അച്ചടിക്കാതെയായി. എന്നാൽ സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശം അനുസരിച്ച് വിവാഹ ആവശ്യത്തിനായി വസ്ത്രആഭരണ ശാലകളിലും ചെരിപ്പു കടകളിലും പ്രവേശിക്കണമെങ്കിൽ വിവാഹ ക്ഷണക്കത്ത് നിർബന്ധമാണ്. മറ്റാർക്കും ഈ കടകളിൽ പോകാനും അനുമതിയില്ല. പേരിനൊരു കത്തടിക്കാമെന്നു തീരുമാനിച്ചാലും ലോക്ഡൗണിൽ അച്ചടി സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല. അങ്ങനെ വിവാഹപാർട്ടിക്കാർ പ്രതിസന്ധിയിലാണ്.

തിങ്കളാഴ്ച പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മറ്റൊന്ന് 'സ്റ്റേഷനറി കടകൾ തുറക്കരുത്' എന്നതാണ്. ഇവ ഏതെല്ലാം കടകളാണെന്നതാണു സംശയം. സ്റ്റേഷനറി കടകളിൽ ഒപ്പം പലവ്യഞ്ജനം വിൽക്കുന്നവയുമുണ്ട്. അവയ്ക്കു തുറക്കാമോയെന്നു വ്യക്തമല്ല. സർക്കാരിന്റെ ഉന്നത തലങ്ങളിൽ വിശദീകരണം തേടിയെങ്കിലും പലതരം മറുപടികളാണു ലഭിച്ചത്.

മറ്റു രോഗങ്ങളുള്ളവർ പൊതു ഇടങ്ങളിൽ പോകുന്നത് ഒഴിവാക്കി പരമാവധി വീട്ടിൽ കഴിയണമെന്നാണു വിദഗ്ധ നിർദ്ദേശം. എന്നാൽ ഇവർക്കു കോവിഡ് വാക്‌സിനേഷനിൽ മുൻഗണന കിട്ടണമെങ്കിൽ അംഗീകൃത മെഡിക്കൽ പ്രാക്ടീഷനറിൽനിന്നു നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാണ്.