- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗ സ്ഥിരീകരണ നിരക്ക് പത്തിന് മുകളിൽ ആശങ്കയായി തുടരുന്നു; ഇളവുകൾ അനുവദിച്ചാൽ മുന്നാം തരംഗത്തെ ചെറുക്കുക അസാധ്യമെന്ന് ആരോഗ്യ വിദഗ്ദ്ധർ; അൺലോക്കിൽ സർവ്വത്ര ആശയക്കുഴപ്പം; ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കരുതലുകൾ അനിവാര്യം
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ സാധ്യത കുറവ്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയാത്ത സാഹചര്യത്തിലാണിത്. നിലവിലെ നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്ച വരെയാണ് തുടരുക. അതിന് ശേഷവും തുടരേണ്ടി വരുമെന്നാണഅ വിലയിരുത്തൽ. കോവിഡ് രോഗികളുടെ ഇന്നത്തെ കണക്കും നിർണ്ണായകമാണ്.
ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗമുണ്ട്. ഇതിൽ ഇളവുകൾ ഒ്ന്നും നൽകില്ല. ബുധനാഴ്ച നിലവിലെ ലോക്ഡൗൺ അവസാനിക്കും. അതിനു മുൻപായി വീണ്ടും അവലോകന യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും. അന്ന് കണക്കുളിൽ ഉയർച്ചയുണ്ടായാൽ ഗൗരവമുള്ള തീരുമാനങ്ങൾ എടുക്കും. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന രോഗികൾ ഉള്ളത് കേരളത്തിലാണ്. മരണ നിരക്കും നൂറിന് മുകളിൽ. ഈ സാഹചര്യത്തിൽ ഇളവുകൾ കൊടുക്കുന്നത് പ്രതിസന്ധി കൂട്ടും.
മൂന്നാം തരംഗം പരമാവധി തടയുന്നതിനോ നീട്ടിക്കൊണ്ടു പോകുന്നതിനോ ഉള്ള ശ്രമമാണു നടത്തുന്നത്. ഇതിനു കർശന നിയന്ത്രണങ്ങൾ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. പൂർണ ലോക്ഡൗൺ ദിവസങ്ങളായ ഇന്നും നാളെയും കർശന നിയന്ത്രണം തുടരും. പൊലീസ് പരിശോധനയും സജീവമാക്കും. വരാന്ത്യ ലോക്ഡൗൺ കുറേക്കാലം കൂടി തുടരും.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ, ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യ, മാംസ വിൽപന ശാലകൾ, പാൽ ബൂത്തുകൾ, കള്ളു ഷാപ്പുകൾ എന്നിവയ്ക്ക് മാത്രമാണ് സമ്പൂർണ്ണ ലോക്ഡൗൺ ദിനങ്ങളിലെ പ്രവർത്തനാനുമതി. സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. ഹോട്ടലുകളിൽ നേരിട്ടെത്തി പാഴ്‌സൽ വാങ്ങുന്നത് അനുവദിക്കില്ല.
ഹോം ഡെലിവറി മാത്രം. നിർമ്മാണ മേഖലയിലുള്ളവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. അവശ്യസേവന മേഖലയിലുള്ളവർക്കായി ഈ ദിവസങ്ങളിൽ കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തും. ടിപിആർ ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും. കേരളത്തിൽ ഇന്നലെ 12,095 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂർ 719, കാസർഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,33,18,214 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1510, കൊല്ലം 1265, കോഴിക്കോട് 1167, തൃശൂർ 1165, എറണാകുളം 1091, തിരുവനന്തപുരം 1005, പാലക്കാട് 723, ആലപ്പുഴ 712, കണ്ണൂർ 641, കാസർഗോഡ് 702, കോട്ടയം 531, പത്തനംതിട്ട 363, വയനാട് 285, ഇടുക്കി 203 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 58 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 20, പത്തനംതിട്ട 7, വയനാട് 6, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം, എറണാകുളം 4 വീതം, തൃശൂർ 3, കാസർഗോഡ് 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1647, കൊല്ലം 990, പത്തനംതിട്ട 336, ആലപ്പുഴ 766, കോട്ടയം 364, ഇടുക്കി 127, എറണാകുളം 1194, തൃശൂർ 1154, പാലക്കാട് 1192, മലപ്പുറം 841, കോഴിക്കോട് 554, വയനാട് 114, കണ്ണൂർ 588, കാസർഗോഡ് 376 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,764 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,31,394 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,753 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,67,251 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,113 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1988 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി.പി.ആർ. 6ന് താഴെയുള്ള 143, ടി.പി.ആർ. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആർ. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആർ. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ