ന്യൂഡൽഹി: കേരളത്തിൽ വാക്‌സീൻ സ്വീകരിച്ചവരിൽ കോവിഡ് രോഗബാധ ഉയരുന്നതിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസിന്റെ ജനിതക ശ്രേണീകരണത്തിനു രോഗികളിൽനിന്ന് സാംപിൾ ശേഖരിച്ചു നൽകാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. നേരത്തെ ഉണ്ടായ രോഗബാധ വഴിയും വാക്‌സീൻ സ്വീകരിച്ചതു വഴിയുമുണ്ടായ പ്രതിരോധം മറികടക്കാൻ കഴിയുംവിധം വൈറസിന് വകഭേദം സംഭവിച്ചിട്ടുണ്ടോയെന്നാണ് ആശങ്ക.

കേരളത്തിൽ നാൽപ്പതിനായിരത്തിലധികം ബ്രേക്ക്ത്രൂ കേസുകളുണ്ടെന്നാണ് സൂചന. പത്തനംതിട്ടയിൽ വാക്‌സീൻ ആദ്യ ഡോസ് സ്വീകരിച്ച 14,974 പേർക്കും രണ്ടാം ഡോസ് സ്വീകരിച്ച 5,042 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വാക്സിൻ എടുത്തവരിൽ രോഗം വ്യാപിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കേന്ദ്രസർക്കാർ കേരളത്തോട് അത്തരം എല്ലാ കേസുകളും ജീനോം സീക്വൻസിംഗിനായി അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് ഇതിൽ രോഗം സ്ഥിരീകരിച്ച രോഗിയിൽ നിന്ന് എടുത്ത വൈറസ് സാമ്പിൾ വിശകലനം ചെയ്യുകയും മറ്റ് കേസുകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു.

പ്രതിരോധ കുത്തിവയ്‌പ്പുകളോ മുൻകാല അണുബാധയോ ഒരു വ്യക്തിക്ക് നൽകുന്ന പ്രതിരോധശേഷിയിൽ നിന്ന് രക്ഷപ്പെടാൻ വൈറസ് വേണ്ടത്ര പരിവർത്തനം ചെയ്തിട്ടുണ്ടെങ്കിൽ അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് വൃത്തങ്ങൾ പറയുന്നത്. അതിവേഗം പടരുന്ന ഡെൽറ്റ വകഭേദമാണോ വാക്‌സിൻ പൂർണ്ണമായി എടുത്തവരിലെ കോവിഡ് ബാധക്ക് കാരണമായതെന്ന് ഇതുവരെ അറിവായിട്ടില്ല.

ഒരു തവണ വൈറസ് ബാധിച്ചവർക്ക് വീണ്ടും രോഗം ബാധിക്കുന്ന അപൂർവ്വ അവസ്ഥ കേരളത്തിലെ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധയിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിൽ കുത്തിവയ്‌പ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ഇതിനകം കോവിഡ് ബാധിച്ചവർക്കും കുത്തിവയ്‌പ്പ് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

അതേസമയം കോവിഡിന്റെ കാര്യത്തിൽ കേരളത്തിലെ പകുതിയിലേറെപ്പേരും ഇപ്പോഴും വൈറസ് ബാധയേൽക്കാത്തവരാണ്. ഐസിഎംആറിന്റെ പുതിയ സിറോ സർവേ പ്രകാരം കേരളത്തിലെ 44.4% പേർക്കു മാത്രമാണു വൈറസിനെതിരെയുള്ള ആന്റിബോഡിയുള്ളത്. അതായതു കൊറോണ വൈറസ് പിടികൂടാൻ സാധ്യതയുള്ള ഒട്ടേറെപ്പേർ സംസ്ഥാനത്ത് ഇപ്പോഴും ബാക്കി. ഇപ്പോഴത്തെ ഈ സാഹചര്യം ഒരു മാസം കൂടിയെങ്കിലും തുടരാനാണു സാധ്യത.

ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള നല്ല മാർഗം എത്രയും വേഗം ഭൂരിഭാഗം പേർക്കും കോവിഡ് വാക്‌സീൻ നൽകുകയെന്നതാണ്. ഓണത്തിനുമുൻപു കേരളത്തിലെ 30% പേർക്കെങ്കിലും 2 ഡോസ് വാക്‌സീനും നൽകാൻ കഴിയണം. നിലവിൽ സംസ്ഥാനത്തു 2 ഡോസ് വാക്‌സീൻ കിട്ടിയിട്ടുള്ളത് 16% പേർക്കു മാത്രമാണ്. കേന്ദ്ര സർക്കാർ കൂടുതൽ വാക്‌സീൻ സംസ്ഥാനത്തിനു ലഭ്യമാക്കുകയും രണ്ടാം ഡോസ് കാത്തിരിക്കുന്ന പരമാവധിപ്പേർക്കു നൽകുകയും ചെയ്താൽ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയും.

കോവിഡ് രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. മൂന്നാം തരംഗം ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനുമാകില്ല. വൈറസ് ബാധിതരാകാത്തതോ വാക്‌സീൻ പരിരക്ഷയില്ലാത്തതോ ആയ വലിയൊരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ടെങ്കിൽ, അപകടകരമായ പുതിയൊരു വകഭേദം വരികയാണെങ്കിൽ ഇനിയുമൊരു തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

രാജ്യത്ത് ആദ്യമായി കേരളത്തിലാണു കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം ജനുവരി 30ന്. ഐസിഎംആറിന്റെ ആദ്യത്തെ സിറോ സർവേപ്രകാരം കഴിഞ്ഞവർഷം മെയ്‌ മൂന്നിനുള്ളിൽതന്നെ രാജ്യത്തെ 64 ലക്ഷം ജനങ്ങൾ വൈറസ് ബാധിതരായിട്ടുണ്ടാകണം. ആ കണക്കുവച്ചു നോക്കിയാൽ അതേ മാർച്ച് എട്ടിനുള്ളിൽ 4 ലക്ഷം പേർക്കെങ്കിലും വൈറസ് ബാധ ഉണ്ടാകണം. എന്നാൽ രാജ്യത്തു കണ്ടെത്തിയതു 40 പേരെ മാത്രമാണ്. വിദേശത്തുനിന്ന് എത്തിയ വൈറസ് ബാധിതരെ കണ്ടെത്താൻ മറ്റു പല സംസ്ഥാനങ്ങൾക്കും കഴിയാതെ പോയെന്നു കരുതണം.