- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിൻ ക്ഷാമം പരിഹരിച്ചിട്ടും വാക്‌സിൻ എടുക്കാൻ ആളില്ല; സ്റ്റോക്കുള്ളത് 14 ലക്ഷം; നൽകുന്നത് ഒന്നരലക്ഷത്തിൽ താഴെ പ്രതിദിന വാക്സിനും; സ്രവ പരിശോധന കുറഞ്ഞത് കോവിഡ് കണക്കുകൾ കുറയാനുള്ള കാരണം; കോവിഡിൽ കേരളം പ്രതിസന്ധിയിൽ തന്നെ
കോഴിക്കോട്: വാക്‌സിൻ ക്ഷാമം പരിഹരിച്ചിട്ടും വാക്‌സിൻ എടുക്കാൻ ആളില്ല. കോവിഡ് വാക്‌സീൻ വേണ്ടത്ര ലഭ്യമായിട്ടും സംസ്ഥാനത്ത് സ്വീകരിക്കാൻ ആളില്ലാത്ത സ്ഥിതിയാണുള്ളത്. 14 ലക്ഷത്തിലധികം ഡോസ് വാക്‌സീൻ സ്റ്റോക്ക് ഉണ്ടായിട്ടും ചൊവ്വാഴ്ച നൽകാനായത് 1.14 ലക്ഷം ഡോസ് മാത്രം. ആദ്യ ഡോസും രണ്ടാം ഡോസും ചേർത്ത് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ നൽകിയ കണക്കാണിത്. ഓൺലൈനിലും ബുക്കിങ് കുറവ്.
ഇതുകൊണ്ട് തന്നെ ആദ്യ ഡോസിലെ 100 ശതമാനം ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബറിൽ ഈ ലക്ഷ്യം സർക്കാർ മുമ്പോട്ട് വച്ചിരുന്നു. എന്നാൽ ആളുകൾ വിമുഖരാണ്. ഇപ്പോഴും കോവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാണ്. 12ന് മുകളിലാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആളുകൾ വാക്‌സിൻ എടുക്കാത്തത് പ്രതിരോധത്തിനും പ്രശ്‌നമാകും. ആദ്യ ഡോസിൽ നുറുശതമാനം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയാത്താണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
സംസ്ഥാനത്ത് 18നു മുകളിൽ പ്രായമുള്ള 92% പേരും ആദ്യഡോസ് സ്വീകരിച്ചിട്ടുണ്ട്. 90% പേർക്കും ലഭിച്ചതു കോവിഷീൽഡ് ആണ്. 84 ദിവസത്തിനു ശേഷമേ ഇതിന്റെ രണ്ടാം ഡോസ് സ്വീകരിക്കാൻ സാധിക്കൂ എന്നതിനാലാണ് ഇപ്പോൾ തിരക്കില്ലാത്തത്. ആദ്യ ഡോസ് എടുത്തശേഷം കോവിഡ് വന്നവർ രണ്ടാം ഡോസ് സ്വീകരിക്കണമെങ്കിലും 3 മാസം കഴിയും.
കോഴിക്കോട് ജില്ലയിൽ മാത്രം 1.18 ലക്ഷം ഡോസ് കോവിഷീൽഡ് സ്റ്റോക്ക് ഉണ്ട്. 40,000 ഡോസ് കോവാക്‌സിനും ഉണ്ട്. എന്നാൽ, ചൊവ്വാഴ്ച ആകെ 12,000 ഡോസ് മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്‌സീൻ വിതരണം ചെയ്തത്. ഈ കാലയളവിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കു നവംബർ മുതലാണ് രണ്ടാം ഡോസ് സ്വീകരിക്കാനാവുക.
പരിശോധന കുറഞ്ഞതും കോവിഡ് നിരക്ക് 12,000ത്തിന് അടുത്തെത്താൻ കാരണമാണ്. സർക്കാർ ലാബുകളിൽ കേന്ദ്ര നിർദേശപ്രകാരം ആന്റിജൻ പരിശോധന നിർത്തലാക്കിയതും ആർടിപിസിആർ പരിശോധന പകുതിയാക്കിയതും കോവിഡ് നിർണയിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവിനിടയാക്കി. മുൻ ആഴ്ചയെക്കാൾ 29,960 കോവിഡ് കേസുകളുടെ കുറവാണു വന്നിട്ടുള്ളത്. സെപ്റ്റംബർ തുടക്കത്തിൽ ശരാശരി 1.75 ലക്ഷം പരിശോധന നടത്തിയിരുന്നത് ഒക്ടോബറിൽ ഒരു ലക്ഷത്തിൽ താഴെയായി എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കേരളം കോവിഡിന്റെ ഭീതിയിൽ തന്നെയാണ്.
അതുകൊണ്ട് കൂടിയാണ് വാക്‌സിനിലെ വിമുഖത പ്രശ്‌നമായി മാറുന്നത്. സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമ്പോൾ ആരും വാക്സീനോടു വിമുഖത കാണിക്കരുതെന്നു മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ഒന്നാം ഡോസ് വാക്സീൻ എടുക്കാൻ ഇനി കുറച്ചുപേരേ ശേഷിക്കുന്നുള്ളൂ. വാക്‌സീൻ ആവശ്യത്തിനു സ്റ്റോക്കുണ്ട്. സംസ്ഥാനത്താകെ ഏകദേശം 1200 വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും പല സ്ഥലത്തും വാക്‌സീൻ സ്വീകരിക്കാൻ എത്തുന്നവർ തീരെ കുറവാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ 2021ലെ കണക്ക് പ്രകാരം 18.50 ലക്ഷത്തോളം പേരാണ് വാക്സീൻ എടുക്കാനുള്ളത്. അതിൽ തന്നെ കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേർക്ക് 3 മാസം കഴിഞ്ഞ് വാക്സീൻ എടുത്താൽ മതി. അതിനാൽ ഇനി എട്ടര ലക്ഷത്തോളം പേരാണ് വാക്‌സിൻ എടുക്കാനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ