ബംഗളുരു: കേരളത്തിൽ കോവിഡ് വ്യാപനം അതിവേഗം കുറയുകയാണ്. അപ്പോഴും കർണ്ണാടക വിട്ടു വീഴ്ചയ്ക്കില്ല. കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ കർണാടകയുടെ കർശന പരിശോധന തുടരുന്നു. അന്തർ സംസ്ഥാന യാത്രാ വിലക്കിന് കേന്ദ്രത്തിൽ കർണ്ണാടക സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ ഇത് കേന്ദ്രം അംഗീകരിക്കില്ല.

കോവിഡ് വാക്‌സീൻ രാജ്യത്തു നിർബന്ധിതമാക്കിയിട്ടില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു എന്നതാണ് വസ്തുത. സ്വയം സന്നദ്ധരായാണു വാക്‌സീനെടുക്കേണ്ടതെന്നു വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം വിശദമായ മാർഗരേഖയിറക്കിയിട്ടുണ്ട്. വാക്‌സീനുകളുടെ പരീക്ഷണ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും കുത്തിവയ്പ് നിർബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ട് ഡോ. ജേക്കബ് പുളിയേൽ നൽകിയ ഹർജിയിലാണു കേന്ദ്രത്തിന്റെ പ്രതികരണം.

സ്വകാര്യ വാഹനങ്ങളിലും കേരള, കർണാടക ആർടിസി ബസുകളിലും എത്തുന്നവരെ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കി മാത്രമേ കർണ്ണാടക അതിർത്തിയിലൂടെ അവരെ കടത്തി വിടുന്നൂള്ളൂ. വ്യാജ ആർടിപിസിആർ തിരിച്ചറിയാനുള്ള സൗകര്യങ്ങളും ചെക്‌പോസ്റ്റുകളിൽ സജ്ജീകരിച്ചു. തമിഴ്‌നാട് അതിർത്തിയിൽ നിലവിലെ സ്ഥിതി തുടരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടില്ലെന്നത് ആശ്വാസമാണ്. എന്നാൽ ഒമിക്രോൺ രാജ്യത്ത് സ്ഥിരീകരിച്ചാൽ അവരും നിലപാട് കടുപ്പിക്കും.

ബെംഗളൂരുവിനു സമീപത്തെ അത്തിബെല്ലെ ചെക്‌പോസ്റ്റിൽ കേരള വാഹനങ്ങളിൽ ഇന്നലെ പരിശോധന നടത്തി. ചാമരാജ്‌നഗർ ഗുണ്ടൽപേട്ടിലെ മൂലെഹോളെ, കുട്ട, മൈസൂരു എച്ച്ഡി കോട്ടെയിലെ ബാവലി, കുടക് വിരാജ്‌പേട്ടിലെ മാക്കൂട്ടം, മംഗളൂരുവിലെ തലപ്പാടി ചെക്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കി. അതിർത്തി കടന്നശേഷവും ദേശീയപാതയിൽ പലയിടത്തും അധികൃതർ വാഹനം തടഞ്ഞു വാക്‌സിനേഷൻ, ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നുണ്ട്.

പുതിയ വകഭേദം കേരളത്തിൽ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ അതിർത്തിയിൽ കർശന പരിശോധന വേണ്ടെന്ന നിലപാടിലാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ്. തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് 2 ഡോസ് വാക്‌സീൻ എടുത്തതിന്റെ രേഖയും ഇ പാസും മതിയാകും. കേരളവുമായി സഹകരിച്ച് ഇക്കാര്യത്തിൽ മുമ്പോട്ട് പോകാനാണ് തമിഴ്‌നാടിന്റെ തീരുമാനം. എന്നാൽ സാഹചര്യം അവർ വിലയിരുത്തുന്നുണ്ട്. ഏത് സമയത്ത് വേണമെങ്കിലും കടുപ്പിക്കാം.