തിരുവനന്തപുരം: ഇനി കോവിഡ് തരംഗമുണ്ടായാലും പൂർണ അടച്ചുപൂട്ടലുണ്ടാകില്ല. ഇക്കാര്യത്തിൽ കേന്ദ്ര നിർദ്ദേശം കേരളവും പാലിക്കും. എന്നാൽ കരുതലുകൾ ശക്തമാക്കും. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത് ഇതിന്റെ ഭാഗമാണ്. എന്നാൽ കോവിഡ് പ്രതിദിന കണക്കുകൾ പുറത്തു വിടില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കേരളത്തിലെ കോവിഡ് കണക്കുകളിൽ വ്യക്തതയില്ല.

കോവിഡിൽ കടുത്ത ജാഗ്രത കേരളത്തിലും തുടരും. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. പൊതു ഇടങ്ങൾ, തൊഴിലിടങ്ങൾ, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും വാഹന യാത്രയിലും മാസ്‌ക് നിർബന്ധമാണെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ഉത്തരവിൽ വ്യക്തമാക്കി. മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ എത്രയെന്ന് ഉത്തരവിലില്ല. നേരത്തേ 500 രൂപയായിരുന്നു. ഇതു തന്നെ വീണ്ടും ഈടാക്കാനാണ് സാധ്യത. കേസുകൾ എടുക്കുന്നതിനും പ്രത്യക സംവിധാനമുണ്ടാക്കും.

സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെ മാസ്‌ക് നിർബന്ധമാണെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. മാസ്‌ക് ധരിക്കാത്തതു ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാർഹമാണ്. രാജ്യത്തും കേരളത്തിലും കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമാക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. അതേസമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പറയുന്നു.

കോവിഡ് കേസുകൾ കൂടിയതോടെ ഡൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്; മാസ്‌ക്കും നിർബന്ധമാക്കി. ക്ഷേത്രങ്ങളിൽ പ്രസാദ വിതരണത്തിന് അടക്കം തമിഴ്‌നാട്ടിൽ നിയന്ത്രണമുണ്ട്. അതിനിടെ ഇനി കോവിഡ് തരംഗമുണ്ടായാലും പൂർണ അടച്ചുപൂട്ടലുണ്ടാകില്ലെന്നു മുഖ്യമന്ത്രിമാരുമായുള്ള ഓൺലൈൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

വിപണി അടച്ചിടാതെ മൂന്നാം തരംഗത്തെ നേരിട്ട രീതി വിജയകരമായിരുന്നു. ഭാവിയിലും ഇതു തുടരും. രണ്ടാഴ്ചയായി ചില സംസ്ഥാനങ്ങളിൽ കേസുകൾ കൂടുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു. അതിനിടെ ഈമാസം 13 മുതൽ അഞ്ചുദിവസം കേരളം കണക്കു പുതുക്കിയില്ലെന്നും ഞായറാഴ്ച കണക്കുകൾ പുറത്തുവിട്ടത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചെന്നും നേരത്തെ ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. ജോയന്റ് സെക്രട്ടറി ലവ് അഗർവാളാണ് സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയ്ക്ക് കത്തയച്ചത്. എന്നാൽ കണക്ക് നൽകുന്നുണ്ടെന്ന് കേരളം പറയുന്നു.

കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗവ്യാപനം തടയുന്നതിൽ നിർണായകമാണ്. കേസുകൾ വർധിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ഒറ്റപ്പെടുത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനം തയ്യാറാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും പൊതുജനങ്ങളെ കേരളം കണക്ക് അറിയിക്കുന്നില്ല. അതും വീണ്ടും തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. കേന്ദ്രത്തിന് കണക്കുകൾ നൽകുന്നുണ്ടെന്നാണ് കേരളം നൽകുന്ന വിശദീകരണം..

കണക്ക് പ്രസിദ്ധീകരണത്തിൽ സംസ്ഥാനത്തിനെതിരേ നേരത്തേയും വിമർശനമുയർന്നിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചതെന്നും വകുപ്പിൽ ഡേറ്റാശേഖരണം തുടരുമെന്നുമായിരുന്നു കേരളത്തിന്റെ വിശദീകരണം.