തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമുയരുന്നത് ആശങ്കയായി തുടരുന്നു. ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. 8.77 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. ആകെ രോഗബാധിതരുടെ എണ്ണം 6,129 ആയി വർധിച്ചു. ടിപിആർ ദിനം പ്രതി കൂടുകയാണ്. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ കരുതലുകളെടുക്കുന്നത് തുടരും. മാസ്‌ക് നിർബന്ധിതമാക്കും. രോഗ വ്യാപനം ഉയർന്നാൽ നിയന്ത്രണങ്ങലും കൊണ്ടു വരും. ആൾക്കൂട്ടം പരമാവധി ഒഴിവാക്കാനും ശ്രമിക്കും. ലോക്ഡൗണിലെ എല്ലാ നിയന്ത്രണവും ഏതാണ്ട് അവസാനിച്ച മട്ടാണ് ഇപ്പോൾ. മാസ്‌ക് ധരിക്കുന്നത് മാത്രമാണുള്ളത്. എന്നാൽ ഇത് മാത്രം കൊണ്ട് രോഗത്തെ പിടിച്ചു നിർത്താൻ കഴിയില്ലെന്നതാണ് വസ്തുത.

ചൊവ്വാഴ്ചയും ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ രണ്ടാം വാരത്തോടെ പ്രതിദിന കേസുകൾ ഇരുന്നൂറിന് താഴെയെത്തിയിരുന്നു. കേരളത്തിലെ കുറച്ചു മാസമായുള്ള കോവിഡ് വ്യാപനത്തിൽ മറുനാടൻ വാർത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ് രംഗത്ത് വന്നത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജിലെ കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. ഇതേ തുടർന്ന് ഈ മെഡിക്കൽ കോളേജ് അടയ്ക്കുകയും ചെയ്തു. ചികിൽസ മുടക്കാതെ കോളേജ് മാത്രം അടയ്ക്കുകയായിരുന്നു ചെയ്തത്.

കേരളത്തിൽ പ്രതിദിന കേസുകൾ വീണ്ടും ആയിരം കടന്നുവെന്നത് ചൊവ്വാഴ്ചയാണ്. അന്ന് 1,197 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആർ 7.07 ശതമാനമായി. ഇന്നലെ ഇത് വീണ്ടും കൂടി. രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന കേസുകൾ ആയിരത്തിന് മുകളിലെത്തുന്നത്. ആക്ടീവ് കേസുകൾ 5,728 ആയും വർധിച്ചു. ഇപ്പോഴും പൂർണ്ണമായ തോതിൽ കണക്ക് പുറത്തു വന്നില്ല. ഇന്നലെ വിവരാവകാശത്തിലൂടെ കിട്ടിയ കണക്കുകൾ മറുനാടൻ പുറത്തു വിട്ടിരുന്നു. ഞെട്ടിക്കുന്ന വസ്തുതകളാണ് അതിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നലെ ആയിരത്തിന് മുകളിൽ പ്രതിദിന രോഗികൾ എന്ന വസ്തുതയും ചർ്ച്ചയാക്കുന്നത്.

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ജാഗ്രത ഇനി വേണ്ടതുണ്ട്. സാമുഹിക അകലം ഇപ്പോൾ ആരും പാലിക്കുന്നില്ല. മാസ്‌ക് നിർബന്ധമാണെങ്കിലും അതും ആരും കൃത്യമായി ചെയ്യുന്നില്ല. ഇത്തരം നിർബന്ധങ്ങളിലേക്ക് വീണ്ടും കേരളം കടക്കേണ്ടി വരും. ഇതിന്റെ സൂചനകളാണ് പുറത്തു വരുന്ന കോവിഡ് കണക്കുകൾ നൽകുന്നത്. ആരോഗ്യ വകുപ്പ് വീണ്ടും ഉണർന്ന് പ്രവർത്തിക്കേണ്ട അവസ്ഥ വരികയാണ്. ടിപിആർ 15ന് മുകളിൽ പോയാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരും നിർബന്ധിതരാകും. ലോക്ഡൗൺ ഒഴിവാക്കിയാകും നിയന്ത്രണങ്ങൾ.

എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതെന്നാണ് വിവരം. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ഒരാഴ്ചയിൽ നൂറുപേരിൽ കൂടുതൽ രോഗബാധിതരുണ്ടായി. ഈ കാലയളവിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്നു പേർ മരിച്ചുവെന്നും റിപ്പോർട്ടുണ്ട്. എണ്ണം കുറവെന്ന പേരിൽ കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ കോവിഡ് രോഗികളുടെ കണക്ക് സംസ്ഥാന സർക്കാർ പുറത്തു വിടുന്നില്ലായിരുന്നു. കേരളം സ്വമേധയാ എടുത്ത ഈ തീരുമാനത്തിനെതിരേ കേന്ദ്രം രംഗത്തു വരികയും ചെയ്തിരുന്നു.

എന്നിട്ടും പ്രതിദിനമോ പ്രതിമാസമോ ആയ കണക്ക് പുറത്തു വിടാൻ കേരളം തയാറായിരുന്നില്ല. 2022 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലെ കണക്ക് മറുനാടൻ പുറത്തു വിട്ടത്. വിവരാവകാശപ്രവർത്തകനായ പത്തനംതിട്ട കാർത്തികയിൽ മനോജിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ രേഖകൾ.

വിവരാവകാശ രേഖ പ്രകാരം നാലു മാസം കൊണ്ട് കേരളത്തിൽ 13 ലക്ഷത്തിനടുത്താണ് കോവിഡ് രോഗികളുള്ളത്. കൃത്യമായി പറഞ്ഞാൽ 12,94,551. മരണസംഖ്യ 21,274 ആണ്. ഒരോ മാസത്തെയും രോഗികൾ, മരണസംഖ്യ എന്ന ക്രമത്തിൽ. 2022 ജനുവരി: 7,78,492-6601, ഫെബ്രുവരി 4,73,545-10,938, മാർച്ച് 33,469-2580, ഏപ്രിൽ 9045-1155. രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് ഇതിൽ കാണിക്കുന്നത്. ജനുവരിയിൽ രോഗികളുടെ എണ്ണം കൂടുതലായിരുന്നുവെങ്കിലും മരണ സംഖ്യ കുറവായിരുന്നു.

ഫെബ്രുവരിയിൽ ജനുവരിയെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും മരണ സംഖ്യ ഇരട്ടിയോളമായി. മാർച്ച് മാസത്തിൽ വൻ കുറവാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്. മരണസംഖ്യയ്ക്കും ആനുപാതികമായ കുറവുണ്ടായി. ഏപ്രിൽ മാസത്തിൽ രോഗികളുടെ എണ്ണം പതിനായിരത്തിന് താഴേക്ക് വന്നതും മരണ സംഖ്യ 1155 ആയതും ആശ്വാസം നൽകുന്ന വാർത്തയാണ്.