- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട കലക്ടറുടെ പ്രതിദിന റിപ്പോർട്ട് പ്രകാരം ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ച് 395 പേർ മരിച്ചു; സർക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം മരണം 146 മാത്രവും; മരണ കണക്കുകൾ കുറയ്ക്കുന്നുവെന്ന ആരോപണം വീണ്ടും ശക്തം; മൃതദേഹ സംസ്കാരവും പ്രതിസന്ധിയിലായേക്കും; ബദൽ മാർഗ്ഗം തേടി സർക്കാരും
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണങ്ങൾ തീരെ കുറച്ചു കാട്ടുന്നുവോ? കോവിഡ് രണ്ടാം തരംഗത്തിൽ മരണം വർധിക്കുന്നുവെന്നതാണ് വസ്തുത. എന്നാൽ വയോധികരിൽ ഭൂരിഭാഗവും വാക്‌സീനെടുത്തതോടെ മരിക്കുന്നവരിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു. അതേസമയം, ഈ മരണങ്ങളെല്ലാം ഇപ്പോഴും സർക്കാർ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ എറണാകുളം, തൃശൂർ ജില്ലകളിൽ മാത്രം പ്രതിദിനം ശരാശരി 50 ൽ ഏറെ മരണം നടക്കുന്നുവെന്ന് ജില്ലകളിലെ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാണ്. സംസ്ഥാനത്താകെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തിരക്കു വർധിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇന്നലെ സംസ്ഥാനത്തു സർക്കാർ സ്ഥിരീകരിച്ച മരണങ്ങൾ 63 മാത്രമാണ്. മനോരമയാണ് ഈ കണക്കുകളുമായി സർക്കാരിനെതിരെ ഗുരുതര ആരോപണം നടത്തുന്നത്. മൃതദേഹം സംസ്‌കരിക്കുന്നതിലെ കാലതാമസം പരിശോധിച്ചാൽ മനോരമയുടെ റിപ്പോർട്ടിൽ വസ്തുതയുണ്ടെന്നും മനസ്സിലാകും.
കോവിഡ് ബാധിച്ചു മരിച്ചവരുടെ സാംപിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പുനഃപരിശോധന നടത്തി സ്ഥിരീകരിച്ചാൽ മാത്രമേ ഔദ്യോഗിക കണക്കിൽ ചേർക്കൂ. ഇതിനു പുറമേ, സംസ്ഥാന തലത്തിലുള്ള സമിതി ജില്ലകളിലെ റിപ്പോർട്ടുകൾ അംഗീകരിക്കുകയും വേണം. കോവിഡ് ബാധിച്ചവർ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആയ ശേഷമുണ്ടാകുന്ന മരണം ഈ പട്ടികയിൽ പെടുത്തേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്-പറയുന്നു. അതായത് മരിക്കുമ്പോൾ കോവിഡ് ഉണ്ടെങ്കിൽ മാത്രമേ അതുകൊറോണ മരണമാകൂ.
ഇതു ശാസ്ത്രീയമല്ലെന്നും തിരുത്തണമെന്നും വിദഗ്ധസമിതി ഉൾപ്പെടെ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ജില്ലകളിലെ പട്ടികയും സംസ്ഥാനതല പട്ടികയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും മനോരമ പറയുന്നു. പത്തനംതിട്ട കലക്ടറുടെ പ്രതിദിന റിപ്പോർട്ട് പ്രകാരം ഇതുവരെ ജില്ലയിൽ കോവിഡ് ബാധിച്ച് 395 പേർ മരിച്ചു. എന്നാൽ, സർക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം മരണം 146 മാത്രമാണെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരത്ത് അടക്കം വലിയ പ്രതിസന്ധിയുണ്ട്. കോവിഡ് പോസിറ്റീവ് ആയി മരിക്കുന്നവരുടെ സംസ്‌കാരത്തിനായി അനന്തമായി കാത്തിരിക്കേണ്ട ഹൃദയഭേദകമായ അവസ്ഥ തലസ്ഥാനത്തും ഉണ്ടെന്നാണ് മനോരമ പറയുന്നത്. മരണസംഖ്യ ഉയർന്നതോടെയാണു കോർപറേഷന്റെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാര നടപടികൾ പ്രതിസന്ധിയിലായത്. എന്നാൽ ഈ ആരോപണം കോർപ്പറേഷൻ അധികാരികൾ നിഷേധിക്കുകയാണ്.
തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ സംസ്‌കാരം ഇവിടെ വൈദ്യുത, ഗ്യാസ് ശ്മശാനങ്ങളിലാണു നടത്തിയിരുന്നത്. സംസ്‌കാരത്തിനായി നാളെ ഉച്ച വരെയുള്ള ബുക്കിങ് ഇന്നലെ കഴിഞ്ഞു. ഈ രീതിയിലാണു തിരക്ക്. അതോടെ ശാന്തികവാടത്തിലെ വിറകു ചിത കൂടി ഉപയോഗിക്കാൻ കോർപറേഷൻ നിർദ്ദേശം നൽകി. 2 ഇലക്ട്രിക്, 2 ഗ്യാസ്, 4 വിറകു ചിതകളാണു ശാന്തി കവാടത്തിലുള്ളത്. ഇലക്ട്രിക്, ഗ്യാസ് സംവിധാനങ്ങളിലായി പ്രതിദിനം പരമാവധി 24 മൃതദേഹങ്ങൾ മാത്രമേ സംസ്‌കരിക്കാൻ കഴിയൂ. മാത്രമല്ല വൈകിട്ട് 6 വരെയാണ് ഇതു പ്രവർത്തിപ്പിക്കുന്നത്. വിറകു ശ്മശാനം രാത്രി 10 വരെയുണ്ട്.
കോവിഡ് പോസിറ്റീവ് അല്ലാത്തവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നഗരത്തിലെ സമുദായ ശ്മശാനങ്ങൾ ഉപയോഗപ്പെടുത്തി അതുവഴി ശാന്തികവാടത്തിലെ തിരക്കു കുറയ്ക്കാനും നടപടി തുടങ്ങി. മുട്ടത്തറയിലെ എസ്എൻഡിപി ശ്മശാനം അധികൃതർ സമ്മതമറിയിച്ചിട്ടുണ്ടെന്നും മറ്റുള്ളവരുമായി ചർച്ച നടക്കുകയാണെന്നും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. തിരുവനന്തപുരത്തിന് പുറത്തും ഈ പ്രതിസന്ധിയുണ്ട്. അതുകൊണ്ട് തന്നെ എല്ലായിടത്തും ബദൽ മാർഗ്ഗങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ