ലണ്ടൻ: ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളായ കുടുംബത്തോട് കേരളം ചെയ്തത് വിദേശ മലയാളി സമൂഹത്തിനു മറക്കാറായിട്ടില്ല . കോവിഡ് തങ്ങളെയും തേടി എത്തുന്നു എന്ന ധാരണയിൽ ഇക്കഴിഞ്ഞ മാർച്ചിൽ ഉണ്ടായ സംഭവത്തെ തുടർന്ന് വിദേശ മലയാളികളാണ് കോവിഡിന്റെ മരണ വ്യാപാരികൾ എന്ന മട്ടിലുള്ള മലയാളിയുടെ പെരുമാറ്റത്തിന് പത്തു മാസം കോവിഡിനിടയിൽ ജീവിച്ചിട്ടും മാറ്റം ഉണ്ടായിട്ടില്ലെന്നാണ് ഇന്നലെ കൊച്ചി എയർപോർട്ടിൽ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത് .

ബ്രിട്ടനിൽ രണ്ടാം വ്യാപനത്തിൽ മ്യൂട്ടേഷൻ സംഭവിച്ച വൈറസ് കണ്ടെത്തിയെന്ന വാർത്തക്ക് ലഭിച്ച അമിത പ്രാധാന്യം ശരിക്കും വട്ടംകറക്കിയത് യുകെയിൽ നിന്നും അവസാന വിമാനങ്ങളിൽ കൊച്ചിയിൽ എത്തിയ മലയാളികളെയാണ് . സർക്കാർ പൊതുവായി നൽകിയ നിർദ്ദേശങ്ങളിൽ അധികൃതർ കടുപ്പം കാട്ടിയപ്പോൾ സാമാന്യ മര്യാദയിൽ ചെയ്യേണ്ട സൗകര്യങ്ങൾ ഒരുക്കിയില്ല എന്നുമാത്രമല്ല കൃത്യമായ നിർദ്ദേശങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിലും വീഴ്ച പറ്റി എന്നാണ് ആക്ഷേപം . കൂടാതെ മുഴുവൻ യാത്രക്കാരോടും വൈറസ് വാഹകരാണെന്ന മട്ടിലാണ് എയർപോർട്ടിൽ പെരുമാറ്റം ഉണ്ടായതെന്നും ആക്ഷേപമുണ്ട് . രോഗികളോടും പ്രായമായവരോടും പോലും മുൻഗണന കിട്ടിയില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു .

ഇതേതുടർന്ന് നിരവധി യാത്രക്കാരാണ് ഇന്നലെ കൊച്ചി എയർപോർട്ട് ഹോട്ടലുകളിൽ കുടുങ്ങിപ്പോയ യുകെ മലയാളികൾ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെടുന്നത് . ലണ്ടൻ സ്ലോവിൽ താമസിക്കുന്ന ജെ ജെ വിൽസിലെ അഭിഭാഷകനായ ജേക്കബ് എബ്രഹാം , ലീഡ്സിൽ താമസിക്കുന്ന ഉമ്മൻ ഐസക്കിന്റെ 'അമ്മ മറിയാമ്മ , സൗത്ത് ഏൻഡ് ഓൺ സിയിലെ സാംസ്‌കാരിക പ്രവർത്തക കൂടിയായ റാണി ജോസെഫ് , ചേർത്തലയിൽ സഹോദരന്റെ മരണ ആവശ്യത്തിന് എത്തിയ യുകെ മലയാളി എന്നിവരടക്കം അനേകം പേരാണ് നിരന്തരം ബന്ധപ്പെട്ടിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ രണ്ടു വിമാനങ്ങളിൽ യാത്ര ചെയ്ത 600 ഓളം യുകെ മലയാളികളാണ് പൊടുന്നനെ എത്തിയ നിയന്ത്രങ്ങളിൽ കുടുങ്ങിയത് .

വാർത്ത മാധ്യമങ്ങൾ വഴിയെങ്കിലും അത്യാവശ്യം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ കരുതൽ എടുക്കാമായിരുന്നു എന്നും സാധിക്കുമെങ്കിൽ വിമാന സർവീസ് പുനരാരംഭിച്ചാലും കുറച്ചു ദിവസത്തേക്ക് കേരളത്തിലേക്ക് വരാതിരിക്കുകയാണ് നല്ലതെന്നും അമർഷത്തോടെ യാത്രക്കാർ തങ്ങൾ അനുഭവിച്ച പ്രയാസം പങ്കിടാൻ വിളിക്കവേ പരാതിപ്പെടുന്നു . പ്രധാനമായും യുകെ മലയാളികളെ യാത്ര മാറ്റിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കാൻ വേണ്ടി കൂടിയാണ് മറുനാടൻ മലയാളിയുമായി ബന്ധപ്പെടുന്നതെന്നും ജേക്കബ് എബ്രഹാം അടക്കമുള്ളവർ വക്തമാക്കി .

സഹോദരന്റെ സംസ്‌കാരത്തിന് എത്തിയ യുകെ മലയാളി വട്ടംകറങ്ങി ഹോട്ടലിൽ മടങ്ങിയെത്തി

ചേർത്തല സ്വദേശിയായ യുകെ മലയാളി നാട്ടിൽ സഹോദരന്റെ മരണ വിവരമറിഞ്ഞാണ് അടിയന്തിരമായി അവസാന വിമാനം പിടിച്ചു കൊച്ചിയിൽ എത്തിയത് . എന്നാൽ അപ്പോഴേക്കും യുകെ രണ്ടാം കോവിടിന്റെ രൂപമാറ്റം വന്ന വൈറസിന് കീഴ്‌പ്പെട്ടിരിക്കുന്നു എന്ന വാർത്തയെ തുടർന്നുള്ള കോലാഹലം പാരമ്യത്തിൽ എത്തിയിരുന്നു . കോവിഡ് പോലെ മറ്റെന്തോ ഒന്നെന്നാണ് പൊതുവിൽ കേരളത്തിൽ ഉള്ളവർ കരുതുന്നതെന്ന് ഈ വിമാനത്തിൽ എത്തിയവർ പറയുന്നു .

തങ്ങൾ എല്ലാം രോഗബാധിതർ ആണെന്ന മട്ടിലാണ് പെരുമാറ്റം . സാധാരണ പിസിആർ ടെസ്റ്റ് നടത്തി വീട്ടിൽ പോകാമെങ്കിലും പുത്തൻ വൈറസ് വാർത്തയെ തുടർന്ന് റിസൾട്ട് വരും വരെ എയർപോർട്ടിൽ തങ്ങണമെന്നായി നിർദ്ദേശം . അതിനായി ഒരു ദിവസത്തേക്ക് 3000 മുതൽ 6000 വരെ വാടകയുള്ള മുന്തിയ മൂന്നു ഹോട്ടലും സർക്കാർ ഏർപ്പെടുത്തി . ഇതിനുള്ള പണം കയ്യിലുണ്ടോ എന്നതൊന്നും പ്രശനമായിരുന്നില്ല . ഏതായാലും ഹോട്ടലിൽ താങ്ങിയാൽ സഹോദരന്റെ ശവദാഹത്തിൽ പങ്കെടുക്കാനാകില്ല എന്നുറപ്പായതോടെ ഇദ്ദേഹം സർക്കാരിലും പാർട്ടിയിലും ബന്ധം ഉള്ളവരെ ഒക്കെ ബന്ധപ്പെട്ടു ഒരു വിധം ഐര്‌പോര്ടിനു വെളിയിൽ എത്തി . എന്നാൽ പരോൾ കിട്ടി മടങ്ങുന്ന ജയിൽ പുള്ളികളെ പോലെ ചടങ്ങുകൾ കഴിഞ്ഞ ഉടൻ ഹോട്ടലിൽ മടങ്ങി എത്തേണ്ടിവന്നു, കോവിഡ് രോഗിയല്ല എന്ന പി സി ആർ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനു . ഇത്തരത്തിൽ ഓരോരുത്തരും ഓരോ വിധത്തിൽ ബുദ്ധിമുട്ടിയാണ് ചൊവാഴ്ച രാത്രി 12.07 നു ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും ബുധനാഴ്ച അർദ്ധരാത്രിയോടെ വീടുകളിൽ എത്തിയത് .

വീൽ ചെയർ കിട്ടിയത് ഉപകാരമായി , എന്നാൽ ഒരു ഗ്ലാസ് വെള്ളം നല്കാൻ ഉള്ള മാന്യത പോലും ഉണ്ടായില്ല

ലീഡ്സിൽ നിന്നും മണിക്കൂറുകൾ യാത്ര ചെയ്തു ആണ് കൊട്ടാരക്കര സ്വദേശിനി മറിയാമ്മ ഹീത്രോ എയർപോർട്ടിൽ എത്തിയത് . ഉച്ചക്കുള്ള വിമാനം രാവിലെ പുറപ്പെടുകയാണ് എന്നറിയിപ്പ് ലഭിച്ചതോടെ തിരക്ക് പിടിച്ചാണ് ഹീത്രോവിൽ എത്തിയതും . ഒറ്റയ്ക്കുള്ള യാത്രയുടെ മാനസിക പ്രയാസവും 73 കാരിയായ മറിയമ്മയിൽ ആവോളമുണ്ടായിരുന്നു . അർദ്ധ രാത്രി എത്തിയ വിമാനത്തിൽ നിന്നും പുലർച്ചെ ഹോട്ടലിലേക്ക് മാറുംവരെ മറിയാമ്മ അടക്കമുള്ള പ്രായമുള്ള യാത്രക്കാർക്ക് ഒരു കപ്പ് കാപ്പി നല്കാൻ ഉള്ള മാന്യത പോലും എയർപോർട്ട് അധികൃതർ കാട്ടിയില്ലെന്നാണ് പരാതി . മുഴുവൻ വൈറസ് വാഹകർ ആയിരിക്കും എന്ന പ്രചാരണത്തിൽ ഡ്യൂട്ടി പെയ്ഡ് കട പോലും അടച്ചു മൂടി സീൽ ചെയ്തിരുന്നു . അതിനാൽ പണം നൽകി വാങ്ങിക്കുടിക്കാനും നിവൃത്തിയില്ലാതായി .

സ്വന്തം സുരക്ഷയിൽ ആവോളം വേവലാതിയുള്ള മലയാളി സമൂഹം അന്യനാടുകളിൽ നിന്നും എത്തുന്നവരും തങ്ങളിൽ ഒരാൾ ആണെന്ന ബോധം സൗകര്യപൂർവം മറന്നതിനു ഒരു വട്ടം കൂടി ഉദാഹരണമാകുമായാണ് മറിയാമ്മയുടെ അനുഭവം . മലയാളിയുടെ പൊതുമനോഭാവം ഒരിക്കലും മാറില്ലെന്നാണ് തനിക്കു ഇതേക്കുറിച്ചു പറയാനുള്ളതെന്നു മറിയാമ്മയുടെ മകനായ ലീഡ്സിലെ ഉമ്മൻ ഐസക് പറയുന്നത് . കൈയിൽ പണം ഉണ്ടോ എന്ന് പോലും തിരക്കാതെ ഹോട്ടൽ ബുക്ക് ചെയ്യുന്നതിനിടയിൽ തന്റെ കയ്യിൽ പണം ഒന്നും ഇല്ലെന്നു മറിയാമ്മ വെളിപ്പെടുത്തിയപ്പോഴാണ് 3000 നിരക്കുള്ള ഹോട്ടലിലേക്ക് മാറ്റി നൽകിയത് . ഒരു വട്ടം പി സി ആർ ടെസ്റ്റ് ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞു വീണ്ടും ടെസ്റ്റ് ചെയ്ത ശേഷം വൃദ്ധയായ ഈ യാത്രക്കാരിയെ ഇന്നലെ വൈകുന്നേരമാണ് ഹോട്ടൽ ഒഴിയാൻ അനുവദിച്ചത് .

വീണ്ടും മണിക്കൂറുകൾ താണ്ടിയുള്ള യാത്രക്ക് ശേഷം അര്ദ്ധരാത്രിയോടെയാണ് മറിയാമ്മ വീട്ടിൽ എത്തിയിരിക്കുന്നത് . ഇവരെ കൂട്ടികൊണ്ടു പോകാൻ എത്തിയവർക്കും ഐര്‌പോര്ടിനു ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല . സിം കാർഡോ ഫോണോ ഇല്ലാത്ത മാറിയമ്മയെ കൊണ്ടുപോകാൻ നാട്ടിൽ നിന്നും എത്തിയ പൊതുപ്രവർത്തകൻ ഒടുവിൽ സ്വാധീനം ഉപയോഗിച്ച് ആരോഗ്യ പ്രവർത്തകർ വഴി എയർപോർട്ടിൽ വീൽ ചെയർ കൈകാര്യം ചെയുന്ന ജീവനക്കാരനെ ബന്ധപ്പെട്ടാണ് മറിയാമ്മയുമായി ഒടുവിൽ സംസാരിച്ചത് . യാത്രക്കാരെ കൂട്ടികൊണ്ടു പോകാൻ ദൂരെ നാടുകളിൽ നിന്നെത്തിയവരും ആയിരക്കണക്കിന് രൂപ നൽകി ഹോട്ടലിൽ തന്നെ താങ്ങുക ആയിരുന്നു .

കയ്യിൽ പണം വേണം , ടെസ്റ്റ് നടത്താൻ ഒരാശുപത്രി മാത്രം

കയ്യിൽ ഇന്ത്യൻ രൂപ ഇല്ലാതെ എത്തുന്നതാണ് ഏറ്റവും ദുരിതമായി മാറിയതെന്ന് സ്ലോവിലെ അഭിഭാഷകനായ ജേക്കബ് എബ്രഹാം പറയുന്നു . പിസിആർ ടെസ്റ്റിന് ആവശ്യമായ 2700 രൂപ കറൻസിയായി മാത്രമേ അടക്കാനാകൂ . കാർഡ് മെഷീൻ പ്രവർത്തിക്കുന്നില്ല എന്നാണ് അധികൃതർ അറിയിച്ചത് . പുറത്തുള്ള മെഷീനിൽ പോയി പണം എടുത്തു വരുമ്പോഴേക്കും നൂറു കണക്കിന് യാത്രക്കാർ ഉള്ള ക്യുവിൽ വീണ്ടും ഏറ്റവും പിന്നിൽ പോയി നിൽക്കണം . നീണ്ട 11 മണിക്കൂർ യാത്ര ചെയ്തു നില്ക്കാൻ പോലും ത്രാണി ഇല്ലാതെ എത്തിയ യാത്രക്കാരോടാണ് ഇത്തരം ക്രൂരത അധികൃതർ കാട്ടിയതു . വെറും ഒന്നര മണിക്കൂറിൽ അറിയാൻ കഴിയുന്ന പിസി ആർ ടെസ്റ്റിന് വേണ്ടിയാണു ഒരു ദിവസത്തിലേറെ ഹോട്ടലിൽ തങ്ങേണ്ടി വന്നത് .

ഇത് ഹോട്ടൽ ലോബിക്ക് പണം ഉണ്ടാക്കാൻ വേണ്ടി തയാറാക്കിയ തിരക്കഥ ആണോ എന്നും യാത്രക്കാർ ചോദിക്കുന്നു . കാരണം ഉയർന്ന നിരക്കിൽ ഉള്ള മൂന്നു ഹോട്ടലുകൾ എയർപോർട്ട് അധികൃതരാണ് തിരഞ്ഞെടുക്കുന്നത് . എവിടെ താമസിക്കണം എന്നതിൽ യാത്രക്കാർക്ക് യാതൊരു പങ്കുമില്ല . മാത്രമില്ല നൂറുകണക്കിന് യാത്രക്കാരുടെ സാമ്പിൾ ടെസ്റ്റ് ചെയ്യാൻ കളമശേരിയിലെ മെഡിക്കൽ കോളേജ് മാത്രമാണ് തിരഞ്ഞെടുത്തത് . അവിടെയാണെങ്കിൽ പരിമിതമായ ജീവനക്കാരും . മറ്റേതെങ്കിലും ആശുപത്രികൾ കൂടി തിരഞ്ഞെടുത്തിരുന്നെകിൽ നീണ്ട ഒരു പകൽ ഈ ടെസ്റ്റ് റിസൾട്ട് നോക്കി ഹോട്ടലിൽ തങ്ങിയ ദുരനുഭവം ഒഴിവാക്കാമായിരുന്നു എന്നും ജേക്കബിനെ പോലെയുള്ളവർ പറയുന്നു .

യുകെയിൽ നിന്നെത്തുന്നവർക്കെല്ലാം പുത്തൻ കോവിഡ് എന്ന് പ്രചാരണം , ആർക്കും ഒരു ധാരണയുമില്ല

അവസാന വിമാനത്തിന് തൊട്ടുമുൻപുള്ള ഫ്‌ളൈറ്റിലാണ് തിങ്കളാഴ്ച സൗത്ത് ഏൻഡ് ഓൺ സിയിലെ റാണി ജോസ് കൊച്ചിയിൽ എത്തുന്നത് . അപ്പോഴേക്കും ലണ്ടനിൽ പുതിയ വൈറസ് എന്ന വാർത്തക്ക് ആവശ്യത്തിനെരെ പ്രചാരവും ലഭിച്ചിരുന്നു . കയ്യിൽ വസ്ത്രം പോലും കരുതാതെ ഒരു ദിവസം ഹോട്ടലിൽ കഴിയേണ്ടി വരും എന്ന് കേട്ടതോടെ കരയണോ പ്രയാസപ്പെടാണോ എന്നറിയാതെ പെട്ടുപോയ അനുഭവമാണ് റാണിയെ പോലെയുള്ള യാത്രക്കാർ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കിടുന്ന അനുഭവം .

കുഞ്ഞുങ്ങളുമായി എത്തിയവർക്കായിരുന്നു കൂടുതൽ ദുരിതം . എന്നാൽ ടെസ്റ്റ് റിസൾട്ട് എപ്പോൾ ലഭിക്കും എന്നറിയിക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കു കഴിയുന്നുണ്ടായിരുന്നില്ല . നിങ്ങൾ ഹോട്ടലിൽ കാത്തിരിക്കൂ എന്ന ഒരൊറ്റ മറുപടിയാണ് യാത്രക്കാർക്ക് ലഭിച്ചിരുന്നത് . റാണിയടക്കം ഉള്ള യാത്രക്കാർക്കു എയർപോർട്ടിൽ നിന്നും ഒരു മണിക്കൂർ യാത്ര ചെയ്തു എത്തുന്ന ഹോട്ടലിലാണ് തങ്ങാൻ അനുവാദം ഉണ്ടായിരുന്നതെന്നും ആക്ഷേപമുണ്ട് . അടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കാം എന്ന് പറഞ്ഞവർക്ക് വിരട്ടലാണ് മറുപടിയായി കിട്ടിയതത്രെ .

ഇത്തരത്തിൽ ഓരോരുത്തരും ഓരോ വിധത്തിലുള്ള നരക യാതനയാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ അനുഭവിച്ചത് . നാട്ടിലും വീട്ടിലും എത്തിയവരെയും സംശയക്കണ്ണോടെ നോക്കുന്നവരും കുറവല്ലത്രേ . പുതിയ കോവിഡുമായി എത്തിയവരാണോ എന്നാണ് സംശയക്കണ്ണുകളിൽ നിറയുന്ന ചോദ്യവും . അതിനാൽ സാധിക്കുമെങ്കിൽ വരും ദിവസങ്ങളിൽ കേരള യാത്ര ഒഴിവാകുന്നതാകും ബുദ്ധിയെന്നു നാട്ടിലെത്തിയവർ ഏക സ്വരത്തിൽ പറയുന്നു .