- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കോവിഡ് ബാധിച്ച് ഇതുവരെ 25,000 പേരിലധികം മരിച്ചിട്ടുണ്ടാവാമെന്ന് അമേരിക്കൻ ഏജൻസിയുടെ റിപ്പോർട്ട്; മരണനിരക്ക് കുറഞ്ഞു തുടങ്ങിയെങ്കിലും ഒക്ടോബറിനകം ആകെ മരണം 30,000 കടക്കും? കേരളത്തിലെ കോവിഡ് കണക്കുകൾ തെറ്റിധരിപ്പിക്കുന്നതോ? യു എസ് റിപ്പോർട്ട് ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: കേരളത്തിലെ കോവിഡിലെ കണക്കുകൾ കള്ളക്കളിയോ? കേരളത്തിൽ കോവിഡ് ബാധിച്ച് ഇതുവരെ 25,000 പേരിലധികം മരിച്ചിട്ടുണ്ടാവാമെന്ന് യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ആരോഗ്യ ഗവേഷണ വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷന്റെ (ഐഎച്ച്എംഇ) റിപ്പോർട്ട്. അതായത് കോവിഡിന്റെ പേരിൽ കേരളം നേടിയ അവാർഡുകളെല്ലാം തട്ടിക്കൂട്ടാണെന്ന ചർച്ച സജീവമാക്കുന്നതാണ് ഈ റിപ്പോർട്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രൊജക്ഷൻ റിപ്പോർട്ട് ഐഎച്ച്എംഇ തയാറാക്കിയിട്ടുണ്ട്.
മരണനിരക്ക് കുറഞ്ഞു തുടങ്ങിയെങ്കിലും ഒക്ടോബറിനകം ആകെ മരണം 30,000 കടക്കും. കർശനമായ പ്രതിരോധ നടപടികളെടുത്തില്ലെങ്കിൽ 40,000 കവിഞ്ഞേക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷന്റെ (ഐഎച്ച്എംഇ) റിപ്പോർട്ട് മനോരമയാണ് പുറത്തു വിടുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷവും ചില സംശയങ്ങൾ ഉയർത്തിയിരുന്നു. മരണ നിരക്കിൽ കുറവുണ്ടെന്ന ഈ ആരോപണത്തെ ശക്തമാക്കുന്നതാണ് ഈ ആരോപണങ്ങൾ.
കേരളത്തിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ മെയ് അവസാന വാരം പ്രതിദിനം നാനൂറിലേറെ മരണങ്ങൾ വരെ നടന്നിരിക്കാം എന്നാണ് റിപ്പോർട്ട്. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇതിന്റെ പകുതിയോളം മാത്രം. നിലവിൽ പ്രതിദിന മരണനിരക്ക് 200 ൽ താഴെയായിട്ടുണ്ട്. ഓഗസ്റ്റിൽ ഇത് 50 ൽ താഴെയെത്തണം. കേരളത്തിലെ പ്രതിദിന കോവിഡ് നിരക്കും ഓഗസ്റ്റോടെ കുറഞ്ഞു തുടങ്ങുമെന്നു പ്രൊജക്ഷൻ റിപ്പോർട്ടിൽ പറയുന്നു. കോവിഡിൽ കേരളം പറയുന്നത് കള്ളത്തരമാണെന്ന് വരുത്തുന്നതാണ് അമേരിക്കൻ ഏജൻസിയുടെ കണ്ടെത്തൽ.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കോവിഡ് മരണ പട്ടികയും യഥാർഥ മരണങ്ങളും തമ്മിൽ വലിയ വ്യത്യാസമെന്നു സൂചിപ്പിച്ച് ജില്ലകളിൽ നിന്നുള്ള കണക്കുകൾ നേരത്തെ പുറത്തു വന്നിരുന്നു. ചില ജില്ലകളിലാകട്ടെ റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിൽ പകുതിയോളമേ ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നുള്ളൂ. ജില്ലകളിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണവും മരണങ്ങളും തമ്മിലുള്ള അനുപാതം (കേസ് ഫേറ്റലിറ്റി റേറ്റ്) പരിശോധിച്ചാൽ ഔദ്യോഗിക മരണക്കണക്കിൽ അപാകതയുണ്ടെന്നു വ്യക്തമാണെന്ന് ആരോഗ്യവിദഗ്ദ്ധർ വിശദമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഈ റിപ്പോർട്ട്.
വിവാദങ്ങളുടെ അടിസ്ഥാനത്തിൽസംസ്ഥാനത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഡബ്ല്യു.എച്ച്.ഒയുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓൺലൈൻ റിപ്പോർട്ടിങ് പോർട്ടലിലൂടെയാണ് ഇനിമുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയൽ ടൈം എൻട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ മാർഗത്തിലൂടെയാക്കുന്നതിനാൽ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാൻ സാധിക്കുന്നതാണ്.
ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കൽ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓൺലൈൻ മെഡിക്കൽ ബുള്ളറ്റിൻ തയ്യാറാക്കേണ്ടത്. അവർ പോർട്ടലിൽ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം. ജില്ലാ സർവയലൻസ് ഓഫീസർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരടങ്ങുന്ന കമ്മിറ്റി മാർഗനിർദ്ദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു.
ഇത് ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തിൽ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു. കോവിഡ് മരണമാണോയെന്ന് ജില്ലയിൽ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തിൽ റിപ്പോർട്ടിങ് സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോർട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ