- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിന്റെ ആശങ്കയായി കേരളം; മറ്റെല്ലാവരും വ്യാപനം പിടിച്ചു നിർത്തിയിട്ടും കേരളത്തിൽ കുറയുന്നതിന്റെ സൂചനകളൊന്നുമില്ല. ടിപിആർ പത്ത് ശതമാനത്തിന് മുകളിൽ; സിറോ പ്രിവലൻസ് സർവ്വേ പറയുന്നത് കണക്കുകളിലെ പിശകും; മരണ നിരക്ക് കുറച്ചു കാട്ടിയ മാർഗ്ഗ രേഖ വില്ലനായോ?
തിരുവനന്തപുരം: കേരളത്തിലെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഔദ്യോഗികമായി 30 ലക്ഷം കടക്കുമ്പോൾ ആശങ്കയും ഏറുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഏറെ മുന്നിലാണ് കേരളം. കേരളത്തിലെ കണക്കു കുറയാത്തു കൊണ്ടു മാത്രമാണ് രാജ്യത്തെ പ്രതിദിന കണക്ക് നാൽപ്പതിനായിരത്തിന് മുകളിൽ നിൽക്കുന്നത്. അതിനിടെ കോവിഡിനെ കൂടുതൽ കരുതലോടെ ചെറുക്കണമെന്ന മുന്നറിയിപ്പ് കേന്ദ്രം നൽകി കഴിഞ്ഞു.
ഡൽഹിയും യുപിയും ഗുജറാത്തും മധ്യപ്രദേശും രാജസ്ഥാനും കോവിഡ് കേന്ദ്രങ്ങളാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വിലയിരുത്തൽ. മഹാരാഷ്ട്രയിലേതു പോലെ രണ്ടാം തരംഗം ഏറെ നാൾ നീണ്ടു നിൽക്കുമെന്നും വിലയിരുത്തി. എന്നാൽ ലോക്ഡൗണിലൂടെ ഈ സംസ്ഥാനങ്ങൾ കോവിഡിനെ മൂന്നക്കത്തിൽ ഒതുക്കി. ചില സംസ്ഥാനങ്ങളിൽ പല ദിവസവും രണ്ടക്കമാണ് കോവിഡ് കണക്ക്. അങ്ങനെ രണ്ടാം തരംഗം ഉത്തരേന്ത്യ മറികടന്നു. മഹാരാഷ്ട്രയും കോവിഡ് കുറയുന്ന സൂചനകളാണ് നൽകുന്നത്. എന്നാൽ കേരളം മാത്രം അപവാദം.
മരണക്കണക്കുകൾ കുറച്ചതു കാരണം വൈറസിനെ കുറിച്ച് കേരളത്തിൽ വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്ന തിരിച്ചറിവുണ്ട്. അതിനിടെ പുതിയ കണക്കുകളും പുറത്തു വരുന്നു. വിദേശ, ഇതര സംസ്ഥാന മലയാളികളെ മാറ്റി നിർത്തിയാലുള്ള ജനസംഖ്യയുടെ ഏതാണ്ട് 10% കോവിഡ് ബാധിതരായി. ഇതിൽ 28,89,186 പേർ രോഗമുക്തരായി. ഇതേസമയം, രണ്ടാം തരംഗത്തിനു മുൻപ് ഫെബ്രുവരിയിൽ സർക്കാർ നടത്തിയ സിറോ പ്രിവലൻസ് സർവേ അടിസ്ഥാനമാക്കിയാൽ യഥാർഥത്തിൽ കോവിഡ് വന്നു പോയവരുടെ എണ്ണം ഒരു കോടിയോളമാവും.
ആരോഗ്യവകുപ്പ് മാർച്ചിൽ പ്രസിദ്ധീകരിച്ച ആദ്യ സിറോ സർവേ പ്രകാരം, 35 ലക്ഷത്തിലേറെ പേർക്ക് കോവിഡ് വന്നിരിക്കാമെന്നായിരുന്നു നിഗമനം. സിറോ പ്രിവലൻസ് 10.76%. ഫെബ്രുവരി 28ന് കേരളത്തിലെ ഔദ്യോഗിക കോവിഡ് ബാധിതരുടെ കണക്ക് 10.59 ലക്ഷമായിരുന്നു. ഔദ്യോഗിക കണക്കിന്റെ മൂന്നര മടങ്ങായിരുന്നു യഥാർഥ കോവിഡ് ബാധിതരുടെ എണ്ണം. നിലവിലെ കണക്കു പ്രകാരമുള്ള 30 ലക്ഷത്തിന്റെ മൂന്നര മടങ്ങ് കണക്കാക്കിയാൽ ആകെ രോഗബാധിതർ ഒരു കോടി കടന്നിരിക്കാമെന്നാണ് റിപ്പോർട്ട്.
രണ്ടാം തരംഗം അതിരൂക്ഷമായതിനാൽ ഈ അനുപാതം വീണ്ടും വർധിച്ചിരിക്കാനും ഇടയുണ്ട്. അതു കൃത്യമായി അറിയണമെങ്കിൽ വീണ്ടും സിറോ സർവേ നടത്തണം. അല്ലാത്ത പക്ഷേ മൂന്നാംതരംഗവും ആഞ്ഞു വീശും. അതിനിടെ മരണക്കണക്കുകളെ കുറിച്ചുള്ള വിവാദം തുടരുമ്പോൾ അപാകത മാർഗ്ഗരേഖയ്‌ക്കോ സംസ്ഥാന സർക്കാറിനോ എന്നതിൽ ആരോഗ്യ വിദഗ്ധരിൽ തർക്കമാണ്. നിലവിലെ മാർഗരേഖ അപര്യാപ്തമെന്നാണ് സർക്കാരിന്റെ ഭാഗമായ ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ പ്രശ്‌നം മാർഗ്ഗരേഖയ്ക്കല്ല സർക്കാറിന്റെ നയങ്ങൾക്കാണെന്നാണ് ആക്ഷേപം.
കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള മാർഗരേഖ കാലഹരണപ്പെട്ടതാണെന്ന വികാരം സംസ്ഥാനതല സമിതിയിലും സർക്കാരിന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരിലും ശക്തമാണ്. നിലവിലെ മാർഗരേഖ പോസ്റ്റ് കോവിഡ് മരണങ്ങളടക്കം രോഗമുക്തിക്ക് ശേഷമുള്ള സാഹചര്യത്തെ കാണുന്നില്ലെന്നാണ് പരാതി. കോവിഡ് നെഗറ്റീവായതിന് തൊട്ടുപിന്നാലെ മരിച്ചവരെപ്പോലും പട്ടികയിൽ നിന്നൊഴിവാക്കുന്നത് അതുകൊണ്ടാണെന്ന് അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ