തിരുവനന്തപുരം: കേരളത്തിൽ 10,000 കോവിഡ് മരണങ്ങൾ നടന്നത് വെറും 87 ദിവസം കൊണ്ട്. കോവിഡ് രണ്ടാം തരംഗത്തിലാണ് മരണ നിരക്ക് കുതിച്ചുയർന്നത്. നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ നിരക്ക്. മരണ നിരക്ക് പുനർ നിർണ്ണയിക്കാനും സർക്കാർ ആലോചനയുണ്ട്. അങ്ങനെ വന്നാൽ ഇനിയും കൂടും. മരണ നിരക്കിലെ കണക്കുകൾ പറഞ്ഞാണ് കേരളം കോവിഡ് പ്രതിരോധത്തിൽ മാതൃകയായി മാറിയത്. ഇതിന് രണ്ടാം തരംഗം ആരംഭിച്ച മാർച്ച് 15ന് സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ 4,407 ആയിരുന്നു. ഏപ്രിൽ 21ന് 5000 കടന്നു. അടുത്ത 47 ദിവസം കൊണ്ട് 10,000 ആയി. ജൂൺ 7ന് ആയിരുന്നു അത്. അവിടെ നിന്നു 38 ദിവസം കൊണ്ടാണ് 15,000 ആയത്. പ്രതിദിന മരണസംഖ്യ കഴിഞ്ഞ മാസം 200ന് മുകളിലെത്തിയിരുന്നു.

ഏറ്റവും കൂടുതൽ കോവിഡ് മരണം തിരുവനന്തപുരം ജില്ലയിലാണ്. മൂവായിരത്തിലേറെ. രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ ഇത് 1600 ന് മുകളിലെത്തി. മറ്റു ജില്ലകളിലെല്ലാം ആയിരത്തിൽ താഴെയാണു മരണം. ഇടുക്കിയിലാണ് ഏറ്റവും കുറവ്. കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 70 ശതമാനത്തിലേറെയും 60 വയസ്സിനു മുകളിലുള്ളവരാണ്. 41-59 പ്രായപരിധിയിലുള്ളവർ 20 ശതമാനത്തിനു മുകളിലാണ്. കുട്ടികളിലാണ് മരണ നിരക്ക് ഏറ്റവും കുറവ്. 17 വയസ്സ് വരെയുള്ള 23 പേരാണ് ഇതുവരെ മരിച്ചത്. നേരത്തെ അനൗദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിൽ മരണ നിരക്ക് ഏറെ കൂടുതലാണെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു.

കോവിഡ് ബാധയുടെ തീവ്രത കുറയുന്നില്ലെന്നു പറഞ്ഞ് കേരളത്തെ പഴിക്കുന്നവർ വസ്തുതകൾക്കു നേരെയാണ് മുഖംതിരിക്കുന്നത് എന്ന വാദമാണ് സർക്കാർ കേന്ദ്രങ്ങൾ ഇപ്പോഴും ഉയകർത്തുന്നത്. ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്ന രോഗബാധയിൽ മുന്നിൽനിൽക്കുന്നത് മഹാരാഷ്ട്രയും കേരളവുമാണ്. അടുത്തത് കർണാടകം. മുന്നിലും പിന്നിലുമുള്ള സംസ്ഥാനങ്ങളിലെ നിലയുമായി കേരളത്തിന് ഒരു താരതമ്യവുമില്ലെന്ന് കണക്കിന്റെ ഉള്ളുകള്ളികൾ വ്യക്തമാക്കുന്നു. കേരളത്തിന്റെ ഇരട്ടിയിലധികം രോഗബാധയുണ്ടായ മഹാരാഷ്ട്രയിൽ മരണം ഒമ്പത് ഇരട്ടിയാണ്. രോഗബാധിതരുടെ എണ്ണത്തിൽ കേരളത്തിനു പിന്നിലായ കർണാടകത്തിൽ മരണം രണ്ടര ഇരട്ടിയും. മഹാരാഷ്ട്ര --2.04, കർണാടകം --1.25, കേരളം -- 0.04 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്. ഇത് ഔദ്യോഗിക കണക്കാണ്.

ഐസിഎംആർ മാനദണ്ഡങ്ങളിലെ നൂലാമാല കാരണം രാജ്യത്ത് കോവിഡ് മരണം രേഖപ്പെടുത്തുന്നതിൽ പിഴവുണ്ടായി. ഇതുസംബന്ധിച്ച് ദ ഹിന്ദു ദിനപത്രം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്. പതിനായിരക്കണക്കിനു മരണം വിട്ടുപോയ സംസ്ഥാനങ്ങളുണ്ട്. കേരളത്തിലാണ് ഇത്തരം മരണം ഏറ്റവും കുറവ്. വിട്ടത് കൂട്ടിച്ചേർക്കുമ്പോൾ യഥാർഥ ചിത്രം വ്യക്തമാകും. ഇത് രേഖയിലുള്ള മരണക്കണക്ക്. മൃതദേഹം നദീതീരത്ത് കുഴിച്ചിടുകയും പുഴയിൽ വലിച്ചെറിയുകയുമൊക്കെ ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ അനുഭവത്തിൽനിന്നു കൊണ്ടുവേണം കേരളത്തെ വിലയിരുത്താൻ എന്നാണ് അവരുടെ വാദം. അതിനിടെയാണ് രണ്ടാം തരംഗത്തിലെ മരണനിരക്ക് ഉയരുന്നത് ചർച്ചയാകുന്നതും.

വാക്‌സിനിലൂടെ മൂന്നാം തരംഗത്തെ നേരിടാനാണ് കേരളത്തിന്റെ ആലോചന. ഇതിന് വേണ്ടിയുള്ള നടപടികളാണ് എടുക്കുന്നത്. സംസ്ഥാനത്തിന് 2,49,140 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. തിരുനന്തപുരത്ത് 84,500 ഡോസ് വാക്സിനും, കൊച്ചിയിൽ 97,640 ഡോസ് വാക്സിനും, കോഴിക്കോട് 67,000 ഡോസ് വാക്സിനുമാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,50,53,070 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 1,22,70,300 ഡോസ് കോവിഷീൽഡ് വാക്സിനും 14,40,230 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 1,37,10,530 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്.

സംസ്ഥാനത്ത് ഇന്നലെ് വൈകുന്നേരം വരെ 1,49,434 പേർക്കാണ് വാക്സിൻ നൽകിയത്. 1,234 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,63,55,303 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,18,53,826 പേർക്ക് ഒന്നാം ഡോസ് വാക്സിനും 44,01,477 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. ജനസംഖ്യയുടെ 35.48 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 49.38 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. ജനസംഖ്യയുടെ 13.48 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 18.75 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.

കേരളത്തിൽ ഇന്നലെ 13,773 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂർ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂർ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസർഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,49,30,543 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,025 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,043 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1867, കോഴിക്കോട് 1674, എറണാകുളം 1517, തൃശൂർ 1390, കൊല്ലം 1100, പാലക്കാട് 754, കണ്ണൂർ 841, തിരുവനന്തപുരം 846, ആലപ്പുഴ 778, കാസർഗോഡ് 665, കോട്ടയം 532, പത്തനംതിട്ട 518, വയനാട് 306, ഇടുക്കി 255 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 57 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 20, തൃശൂർ 7, വയനാട്, കാസർഗോഡ് 5 വീതം, പാലക്കാട്, കോഴിക്കോട് 4 വീതം, പത്തനംതിട്ട, മലപ്പുറം 3 വീതം, തിരുവനന്തപുരം, കൊല്ലം 2 വീതം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,95,560 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,70,675 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,885 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2415 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി.പി.ആർ. 5ന് താഴെയുള്ള 83, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആർ. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.