- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം നൽകിയ പത്ത് ലക്ഷം ഡോസുകളെ കുറിച്ച് ആർക്കും വിവരമില്ല; രോഗവ്യാപനം കുറയാത്തത് പ്രതിരോധ മാർഗങ്ങൾ ദുർബലമാണെന്നതിന്റെ തെളിവല്ലേ എന്ന കേന്ദ്രമന്ത്രിയുടെ ചോദ്യത്തിനും ഉത്തരമില്ല; പിണറായി ചോദിച്ചതൊന്നും ഇനി കൊടുക്കില്ല; കോവിഡിൽ കേരളം പ്രതിരോധത്തിൽ
ന്യൂഡൽഹി: വാക്‌സിനിൽ ഇനി കേരളവും കേന്ദ്രവും ഏറ്റുമുട്ടൽ പാതയിലേക്ക് നീങ്ങും. കേരളത്തിന് ആവശ്യത്തിനു വാക്‌സീൻ അനുവദിക്കുന്നില്ലെന്ന പരാതി നിലനിൽക്കെ, സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയതാണ് ഇതിന് കാരണം.
കേരളത്തിലെ കോവിഡ് നിയന്ത്രണ രീതികളെ ആരോഗ്യ മന്ത്രി വിമർശിച്ചു. ശക്തമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുണ്ടായിട്ടും രോഗവ്യാപനം കുറയാത്തത് പ്രതിരോധ മാർഗങ്ങൾ ദുർബലമാണെന്നതിന്റെ തെളിവല്ലേ എന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ കോവിഡ് കണക്കുകളാണ് ഇതിന് കാരണം. 34,861 ആണ് ഇന്നലത്തെ പ്രതിദിന രോഗികൾ. ഇതിൽ 12818 പേരും കേരളത്തിൽ നിന്നും.
കേന്ദ്രം നൽകി വാക്‌സിൻ ഉപയോഗത്തിൽ സംസ്ഥാനത്തോട് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അവ വിനിയോഗിച്ച ശേഷം കൂടുതൽ നൽകാൻ കേന്ദ്രം തയാറാണെന്ന് എംപിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ എന്നിവരെ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കേരളത്തിൽ കോവിഡ് വ്യാപനം തുടരുമ്പോഴാണ് ഈ ഏറ്റുമുട്ടൽ.
കേരളത്തിനു വേണ്ട വാക്‌സീൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ പ്രതാപനും ഹൈബിയും സമീപിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ടാം കുത്തിവയ്പിനാവശ്യമായ 25 ലക്ഷം ഡോസ് ഉൾപ്പെടെ ഈ മാസം 60 ലക്ഷം ഡോസ് കൂടി വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കില്ലെന്ന സൂചനയാണ് കേന്ദ്രം ഇപ്പോൾ നൽകുന്നത്.
കേരളത്തിൽ ഇന്നലെ 12,818 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസർഗോഡ് 706, കണ്ണൂർ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 1589, കോഴിക്കോട് 1568, എറണാകുളം 1512, മലപ്പുറം 1175, പാലക്കാട് 770, തിരുവനന്തപുരം 899, കൊല്ലം 967, കോട്ടയം 722, ആലപ്പുഴ 685, കാസർഗോഡ് 688, കണ്ണൂർ 470, പത്തനംതിട്ട 423, ഇടുക്കി 291, വയനാട് 275 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
അതുകൊണ്ട് തന്നെ വാക്‌സിനേഷൻ കേരളത്തിന് പ്രതിരോധത്തിൽ അനിവാര്യമാണ്. ഇതിനിടെയാണ് കേന്ദ്രം ഉടക്കുമായി എത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ