തിരുവനന്തപുരം: കോവിഡിലെ കട തുറക്കലിൽ സർവ്വത്ര അനിശ്ചിതത്വം. ഇന്നലെ സംസ്ഥാനത്തുടനീളം കടകൾ തുറന്നു. എന്നാൽ കടയിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളത് പ്രതിസന്ധിയാണ്. ഓണവും മറ്റും ആഘോഷിച്ച് കോവിഡ് വൈറസിനെ നേരിടാനാണ് കേരളം ഒരുങ്ങുന്നത്. ഇത് രോഗ വ്യാപനത്തിന് സാധ്യത കൂട്ടുകയും ചെയ്യും.

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സീൻ സ്വീകരിച്ചത് 43% പേർ മാത്രം. എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് 50 ശതമാനത്തിനു മുകളിൽപേർ ആദ്യ ഡോസ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ പകുതിയിൽ അധികം പേർക്കും കടയിൽ പോകാൻ കഴിയില്ല. 18 ശതമാനത്തിനു മാത്രമാണ് രണ്ട് ഡോസ് വാക്സീനും ലഭിച്ചത്. അതായത് എല്ലാവർക്കും കടയിൽ എത്താൻ കഴിയില്ലെന്നതാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം.

രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് വാക്‌സീൻ എടുത്തവർക്കും 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയവർക്കും ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവർക്കുമാണ് കടകളിലും മറ്റു സ്ഥലങ്ങളും പോകാനുള്ള അനുമതി സംസ്ഥാനം നൽകിയിരിക്കുന്നത്. ഇവയിലൊന്ന് ഉണ്ടായിരിക്കുന്നത് അഭികാമ്യമാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞതെങ്കിലും ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയപ്പോൾ കർശന നിബന്ധനയായി മാറി. ഇതെല്ലാം പരിശോധിക്കേണ്ടത് കടക്കാരും.

നിബന്ധനകൾ ലംഘിച്ചാൽ പിഴ ഈടാക്കാം. അങ്ങനെ സംഭവിച്ചാൽ അത് പുതിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇതിനൊപ്പം കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുമില്ല. വ്യാപനം കൂടിയാൽ അത് മഹാദുരന്തവുമാകും. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പവും പ്രതിസന്ധിയുമായി മാറുകയാണ് ഈ പുതിയ നിർദ്ദേശങ്ങളും കോവിഡ് പ്രതിരോധവും. എല്ലാം കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ലോക്ഡൗണിൽ നിന്ന് കേരളം പൂർണ്ണമായും പിന്നോട്ട് പോയെന്ന് കേന്ദ്രവും തിരിച്ചറിയുന്നുണ്ട്.

ആദ്യഡോസ് വാക്‌സിനേഷൻ എടുത്തവരിൽ പിന്നിൽ നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. 12,07,901 പേർക്കാണ് ആദ്യ ഡോസ് ലഭിച്ചത്. ജനസംഖ്യാടിസ്ഥാനത്തിൽ 28%. പാലക്കാട് ആദ്യ ഡോസ് ലഭിച്ചത് 36% പേർക്ക്. ആലപ്പുഴയിൽ 38%. കൂടുതൽ പേർക്ക് ആദ്യഡോസ് ലഭിച്ചത് പത്തനംതിട്ടയിലും വയനാട്ടിലുമാണ്62%. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കടകളിലും സ്ഥാപനങ്ങളിലുമെത്തുന്നവർക്കു സർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്.

നിബന്ധനകളെക്കുറിച്ചു പരക്കെ ആശയക്കുഴപ്പമുള്ളതിനാൽ പരിശോധനകളും നിയമനടപടികളും തുടങ്ങിയില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിശോധനകൾ തൽക്കാലം വേണ്ടെന്നാണു പൊലീസിനു ലഭിച്ച നിർദ്ദേശം. പുതിയ നിബന്ധനകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനത്തിനൊപ്പം പരിഹാസവും ഉയരുന്നുണ്ട്. കടകളിൽ പ്രവേശനത്തിനുള്ള നിബന്ധനകൾ ഉടൻ പ്രദർശിപ്പിക്കണമെന്നും വീഴ്ച വരുത്തിയാൽ നടപടിയെടുക്കുമെന്നും വ്യാപാരികൾക്ക് പൊലീസ് ഇന്നലെ മുന്നറിയിപ്പു നൽകി.

അതിനിടെ മാനദണ്ഡങ്ങൾ പാലിച്ചു ഹോട്ടലുകളിലും മറ്റും ഇരുന്നു കഴിക്കാൻ അനുവദിക്കണമെന്ന് ഹോട്ടൽറസ്റ്ററന്റ് ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.