പത്തനംതിട്ട: കേരളം കടന്നു പോകുന്നത് അതിഗുരുതര ആരോഗ്യപ്രശ്‌നത്തിലൂടെയാണെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന സാധ്യതയുണ്ടെന്നു മന്ത്രി വീണാ ജോർജ് വിശദീകരിച്ചു. തിരുവനന്തപുരത്താണു രോഗപ്പകർച്ച കൂടുതൽ. വിവിധ ജില്ലകളിലായി 78 ക്ലസ്റ്ററുകൾ സജീവമാണ്. ഇതിൽ ഏറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളോ അനുബന്ധ ഹോസ്റ്റലുകളോ ആണെന്നും മന്ത്രി അറിയിച്ചു.

ഇങ്ങനെ ആരോഗ്യ വകുപ്പ് വിലയിരുത്തുമ്പോഴും സ്‌കൂളുകളൊന്നും നാളെ മുതൽ അടയ്ക്കുന്നില്ല. 21ന് അടയ്ക്കാനാണ് തീരുമാനം. വ്യാപനം അതിരൂക്ഷമായതിനാൽ സ്‌കൂളുകൾ അടയ്ക്കാത്തത് സ്ഥിതി ഗൗരവമാക്കും. എല്ലാ ക്ലാസുകളിലും വൈറസ് വ്യാപനം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി എല്ലാ സ്‌കൂളും അടയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പാർട്ടി സമ്മേളനങ്ങൾ തുടരുന്നതു കൊണ്ടാണ് സ്ഥാപനങ്ങളും സ്‌കൂളുകളും അടയ്ക്കാത്തതെന്ന വിമർശനം ശക്തമാണ്. ഇതിനിടെയാണ് ആരോഗ്യമന്ത്രി തന്നെ സ്ഥിതി ഗതി രൂക്ഷമാണെന്ന് വ്യക്തമാക്കുന്നത്.

മറ്റു വകഭേദങ്ങളിൽനിന്നു വ്യത്യസ്തമായി ഓമിക്രോൺ ബാധിതർക്കു മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകണമെന്നില്ല. അതിനാൽ രോഗ ലക്ഷണമുള്ളവരെല്ലാം പരിശോധന നടത്തുകയും ക്വാറന്റൈനിലിരിക്കുകയും വേണമെന്നും വീണാ ജോർജ് പറഞ്ഞു. മരുന്നുക്ഷാമമെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമാണ്. ഇതിനു പിന്നിൽ മരുന്നുകമ്പനികളുടെ സമ്മർദമുണ്ടോയെന്നു പരിശോധിക്കും. സിപിഎം. അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടികളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിക്കുന്ന സാഹചര്യമുണ്ട്. എല്ലാവരുടെയും ഭാഗത്തുനിന്ന് ഉത്തരവാദിത്ത ബോധത്തോടെയുള്ള ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി സൂചിപ്പിച്ചു. ഇന്നലെ കേരളത്തിൽ 16,338 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂർ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂർ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസർഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,72,295 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,68,657 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3638 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 76,819 കോവിഡ് കേസുകളിൽ, 4.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 179 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,568 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 135 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,228 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 859 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3848 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 572, കൊല്ലം 32, പത്തനംതിട്ട 329, ആലപ്പുഴ 144, കോട്ടയം 313, ഇടുക്കി 203, എറണാകുളം 976, തൃശൂർ 185, പാലക്കാട് 157, മലപ്പുറം 120, കോഴിക്കോട് 399, വയനാട് 66, കണ്ണൂർ 215, കാസർഗോഡ് 137 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 76,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,14,862 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.


കോവിഡ് വാക്സിനുകൾ ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. ജനുവരി 7 മുതൽ 13 വരെയുള്ള കാലയളവിൽ, ശരാശരി 42,142 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 1.1 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 1.1 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 34,988 വർധനവ് ഉണ്ടായി.

പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 149 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ യഥാക്രമം 104%, 16%, 59%, 2%, 9% വർധിച്ചിട്ടുണ്ട്. എന്നാൽ വെന്റിലേറ്റർ രോഗികളുടെ എണ്ണം 3% കുറഞ്ഞു.