തിരുവനന്തപുരം: കോവിഡിൽ ഇനിയുള്ള ഒരാഴ്ച കേരളത്തിന് നിർണ്ണായകം, സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 94 ശതമാനവും ഓമിക്രോൺ മൂലമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി കഴിഞ്ഞു. ആറുശതമാനം ഡെൽറ്റ വകഭേദം മൂലമാണെന്നും മന്ത്രി പറഞ്ഞു. 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞ്ഞു. വെന്റിലേറ്റർ ഉപയോഗത്തിലും കുറവെന്ന് മന്ത്രി വ്യക്തമാക്കി. ഓമിക്രോണിനൊപ്പം ഡെൽറ്റ കൂടി പടർന്നാൽ പ്രതിസന്ധി രൂക്ഷമാകും.

ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കും. സാധാരണലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുള്ളിൽ ലക്ഷണങ്ങളിൽ കുറവില്ലെങ്കിൽ ആശുപത്രിചികിത്സ തേടണം. ഗുരുതര രോഗമുള്ളവരും ആശുപത്രി സേവനം തേടണം. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ചികിത്സ നിഷേധിക്കരുത്. സൗകര്യമുണ്ടായിട്ടും ചികിത്സ നൽകിയില്ലെങ്കിൽ ഗൗരവമായി എടുക്കും. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടും. രോഗികൾ കൂടുന്നതനുസരിച്ച് ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും കൂട്ടും. അതിന് ആരോഗ്യവകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചതോടെ വീണ്ടും സമ്പൂർണ്ണ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സി കാറ്റഗറിയിൽ 5 ജില്ലകളായി. കൂടുതൽ ജില്ലകൾ സി കാറ്റഗറിയിൽ എത്താൻ സാധ്യത ഏറെയാണ്.

തിരുവനന്തപുരം ജില്ലയെ നേരത്തെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് കാറ്റഗറി തിരിച്ചിട്ടുള്ളത്. എറണാകുളത്തും പ്രതിസന്ധി രൂക്ഷമാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതൽ ഈ ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.

സെക്രട്ടേറിയറ്റിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റർ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ മുൻകരുതൽ എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടൽ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണം.

ആശുപത്രികളിൽ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

തുക്കിയ മാനദണ്ഡപ്രകാരം കോവിഡ് മരണപ്പട്ടികയിൽ ഇതുവരെ കേരളം കൂട്ടിച്ചേർത്തത് 17,277 മരണങ്ങൾ. ഇപ്പോൾ പുറത്തുവരുന്ന ദിവസേനയുള്ള മരണക്കണക്കിൽ വലിയൊരു പങ്കും ഇത്തരത്തിൽ കൂട്ടിച്ചേർക്കുന്നതാണ്. കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ വളരെ താഴ്ന്നുനിന്ന കേരളത്തിന്റെ മരണനിരക്ക് ഇതോടെ കുത്തനെ ഉയർന്നത് ദേശീയതലത്തിൽ ചർച്ചയായിട്ടുണ്ട്. മരണനിരക്കിൽ കേരളം ഇപ്പോഴും ദേശീയ ശരാശരിയെക്കാൾ ഏറെ താഴെയാണ്. ദേശീയ ശരാശരി 1.38 ശതമാനമാണ്. 0.5 ശതമാനമായിരുന്ന കേരളത്തിന്റെ മരണനിരക്ക് ഇപ്പോൾ 0.92 ശതമാനമായി. 52,281 മരണങ്ങളുമായി മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം. 1,42,316 ആണ് മഹാരാഷ്ടയിലെ മരണം.

ജനുവരിയിൽ മാത്രം 5734 മരണങ്ങളാണ് കേരളം കൂട്ടിച്ചേർത്തത്. ജനുവരി 24-ന് ചേർത്ത 171 മരണങ്ങളിൽ 158-ഉം പഴയ മരണങ്ങളാണ്. രേഖകൾ ഹാജരാക്കുന്നതിൽ വരുന്ന താമസമാണ് കൂട്ടിച്ചേർക്കൽ നീട്ടുന്നത്. ഒക്ടോബർ 21 മുതലാണ് കേരളം മരണപ്പട്ടിക പരിഷ്‌കരിച്ചു തുടങ്ങിയത്. കോവിഡ് പോസിറ്റീവായി ഒരു മാസത്തിനകം മരണപ്പെട്ടവരെയെല്ലാം കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശം.