തിരുവനന്തപുരം: ഇന്ന് മുതൽ രാവിലെ മുതൽ വൈകിട്ട് വരെ സ്‌കൂളുകൾ. കോവിഡിന്റെ അതിതീവ്ര വ്യാപനം കുറഞ്ഞതിനാൽ സംസ്ഥാനത്തെ സ്‌കൂളുകളിലെ 10,11,12 ക്ലാസുകളും ബിരുദ, പിജി ക്ലാസുകളും ഇന്നു തുടങ്ങും. 10,11,12 ക്ലാസുകൾ മുഴുവൻ സമയ ടൈംടേബിളിൽ രാവിലെ മുതൽ വൈകിട്ടു വരെയാണ്. പൊതുപരീക്ഷ വരുന്നതു കണക്കിലെടുത്താണിത്. ഞായറാഴ്ച ലോക് ഡൗണും അടുത്ത ആഴ്ച മുതൽ ഉണ്ടാകാനിടയില്ല.

കേരളത്തിലെ സിബിഐ സ്‌കൂളുകളിലും ഇന്ന് മുതൽ പത്തുമുതലുള്ള ക്ലാസുകൾ വൈകിട്ട് വരെയുണ്ട്. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകൾ, ക്രഷ്, കിൻഡർഗാർട്ടൻ തുടങ്ങിയവ അടുത്ത തിങ്കളാഴ്ചയേ ആരംഭിക്കൂ. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളുടെ പ്രവർത്തനത്തിനു പ്രത്യേക മാർഗരേഖ പുറത്തിറക്കും.പത്ത്, പന്ത്രണ്ടു ക്ലാസുകളിലെ പരീക്ഷ നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് മുതിർന്ന് കുട്ടികളുടെ ക്ലാസുകൾ രാവിലെ മുതൽ വൈകിട്ട് വരെയാകുന്നത്. ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നുള്ള ചോദ്യങ്ങൾ വന്നാലും പ്രയാസം കൂടാതെ ഉത്തരമെഴുതാൻ കുട്ടികളെ പരിശീലിപ്പിക്കും.

എന്നാൽ കുട്ടികളെ സ്‌കൂളിൽ വിടുന്നതിൽ രക്ഷകർത്താക്കൾക്കിടയിൽ ആശകുഴപ്പമുണ്ട്. ഇത് ഹാജറിനെ ബാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കർശന കോവിഡ് മാനദണ്ഡം പാലിച്ചാണു സ്‌കൂളുകൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പും നിരീക്ഷണം നടത്തും. ഒന്നു മുതൽ ഒൻപതു വരെയുള്ള ഓൺലൈൻ ക്ലാസുകൾ ശനിയാഴ്ച വരെ തുടരും. 10,11,12 ക്ലാസുകളിൽ പൊതു പരീക്ഷയ്ക്കു മുൻപ് എല്ലാ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർക്കുക, റിവിഷൻ പൂർത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കൽ നൽകുക എന്നിവയ്ക്കാണു മുൻഗണന.

കേരളത്തിൽ കോവിഡ് അതിവേഗം കുറയുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. രണ്ടാഴ്ച കൊണ്ട് തരംഗം പൂർണ്ണമായും മാറും. കേരളത്തിൽ ബഹുഭൂരിപക്ഷം പേർക്കും രോഗം വ്‌നു പോയെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇനി സങ്കീർണ്ണമായ പ്രശ്‌നങ്ങൾ കേരലഥ്തിൽ ഉണ്ടാകില്ല. ഇതെല്ലാം പരിഗണിച്ചാണ് സ്‌കൂൾ തുറക്കുന്നതും മറ്റും. ഓരോ ദിവസത്തേയും സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കിൽ നയത്തിൽ മാറ്റം വരുത്തുകയും ചെയ്യാം.

അതിനിടെ ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഓൺലൈൻ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 'ഫെബ്രുവരി ഏഴിന് വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് ഇതിനുള്ള അവസരം. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, സർക്കാർ ഉദ്യോഗസ്ഥർ, സമൂഹത്തിലെ മറ്റു നാനാ തുറകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ വിഭാഗക്കാർക്ക് വിവിധ ഘട്ടങ്ങളിലായി പരിശിലനം നൽകിയിട്ടുണ്ടെന്ന്' മന്ത്രി പറഞ്ഞു.

'എന്നാൽ മൂന്നാം തരംഗത്തിൽ ഗൃഹപരിചരണത്തിൽ ധാരാളം പേർ കഴിയുന്നുണ്ട്. ഗൃഹ പരിചരണത്തിലും അപായ സൂചനകളിലും അവബോധം സൃഷ്ടിക്കാനാണ് കോവിഡ് രോഗികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവരമൊരുക്കുന്നതെന്നും' മന്ത്രി വ്യക്തമാക്കി.