- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തരംഗങ്ങൾ ആരംഭിച്ച ശേഷം കോവിഡ് മൂലമുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത ആദ്യ ദിവസം; നാലാം തരംഗം എത്തിയില്ലെങ്കിൽ മാസ്കും ഉപേക്ഷിക്കാൻ കഴിയും; വിദേശത്തെ പുതിയ കണക്കുകൾ ആശങ്ക തന്നെ; കോവിഡിനെ കേരളം അതിജീവിച്ചുവോ?
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തരംഗങ്ങൾ ആരംഭിച്ച ശേഷം കോവിഡ് മൂലമുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത ആദ്യ ദിവസം. ഇതിനു മുൻപ് കോവിഡ് മരണമില്ലാതിരുന്നത് 2020 ജൂലൈ 10നാണ്. അതിനു ശേഷം ഞായർ വരെ ദിവസവും ഒരു കോവിഡ് മരണമെങ്കിലും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സ്ഥിതിക്കാണ് മാറ്റം വന്നത്, ഇതോടെ കോവിഡ് മുക്തമായി കേരളം മാറുന്നുവെന്ന സൂചനകളാണുള്ളത്. അപ്പോഴും രാജ്യത്തെ കോവിഡ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മുന്നിലാണെന്നതാണ് വസ്തുത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.38%.
ഇതേസമയം, മുൻ ദിവസങ്ങളിൽ നടന്ന 7 മരണങ്ങൾ കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചു. സുപ്രീം കോടതി മാർഗനിർദ്ദേശം അനുസരിച്ച്, മുൻപ് നടന്ന 71 മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതുവരെ 66,886 പേരാണു സംസ്ഥാനത്തു കോവിഡ് മൂലം മരിച്ചത്. മൂന്നാം തരംഗം ആരംഭിച്ച ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും ആയിരത്തിൽ താഴെയായി. ഇന്നലെ 18,467 സാംപിളുകളുടെ ഫലം വന്നപ്പോൾ 809 പേരാണു പോസിറ്റീവായത്.
ഇന്നലെ 12 ജില്ലകളിലും നൂറിൽ താഴെ വീതം കോവിഡ് പോസിറ്റീവാണുള്ളത്; എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് നൂറിനു മുകളിൽ പോസിറ്റീവായത്. 1597 പേർ കൂടി കോവിഡ് മുക്തരായി. ആകെ 7980 പേർ ചികിത്സയിലുള്ളതിൽ 10.4% പേരാണ് ആശുപത്രികളിലുള്ളത്. മാസ്‌ക് മാറ്റാറായിട്ടില്ലെന്നും കുറച്ചുനാൾകൂടി ജാഗ്രത തുടരണമെന്നും കേരളത്തെ പൂർണമായും കോവിഡ് മുക്തമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
2020 ഓഗസ്റ്റ് മൂന്നിന് രോഗികളുടെ എണ്ണം ആയിരത്തിൽതാഴെ എത്തിയതാണ്. അന്ന് 962 രോഗികളാണ് ഉണ്ടായിരുന്നത്. അതിനുശേഷമുണ്ടായ രണ്ടാംതരംഗത്തിന്റെ ആഘാതം കുറഞ്ഞിട്ടും രോഗികളുടെ എണ്ണം ആയിരത്തിന് താഴെയെത്തിയില്ല. മൂന്നാംതരംഗത്തോടെ വീണ്ടും ഉയർന്നു. കഴിഞ്ഞ മെയ് 12-ന് 43,529 വരെ ഉയർന്നു. ഓമിക്രോൺ വ്യാപിച്ചതോടെ ജനുവരി 25-ന് രോഗികൾ 55,475 ആയി.
ഒരിക്കൽപോലും ആശുപത്രിക്കിടക്കകൾക്കോ ഐ.സി.യു., വെന്റിലേറ്റർ സൗകര്യങ്ങൾക്കോ സുരക്ഷാ ഉപകരണങ്ങൾക്കോ കുറവുവന്നിട്ടില്ലെന്നു മന്ത്രി വിശദീകരിച്ചു. 18 വയസ്സിനുമുകളിലെ 100 ശതമാനം പേർക്ക് ആദ്യ ഡോസും 87 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്‌സിൻ നൽകാനായി. 15 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ ബഹുഭൂരിപക്ഷത്തിനും വാക്‌സിൻ നൽകിയെന്നും മന്ത്രി പറഞ്ഞു.
2 വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കാൻ തയ്യാറെടുപ്പു നടത്തുന്നതിനിടെ, പലരാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നുണ്ടെന്നതാണ് വസ്തുത. രാജ്യത്ത് കഴിഞ്ഞദിവസം 2503 പുതിയ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നതിനാൽ തൽക്കാലം പ്രശ്‌നമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. ഇതിന് ആനുപാതികമായിട്ടാണ് കേരളത്തിലും കേസുകൾ കുറയുന്നത്.
ചൈന ഉൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങളിലും പ്രധാന യൂറോപ്യൻ രാജ്യങ്ങളിലും കേസുകൾ പല മടങ്ങായി വർധിച്ചതു പുതിയ തരംഗം വൈകാതെ ഉണ്ടാകാമെന്ന സൂചനയാകുമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജൂണിൽ ഇന്ത്യയിൽ നാലാം കോവിഡ് തരംഗം ഉണ്ടാകാമെന്ന പ്രവചനം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കരുതൽ തുടരും.