കോഴിക്കോട്: നിപാ വൈറസ് ബാധ പുറത്തു കൊണ്ടു വരുന്നത് കോഴിക്കോട്ടെ വെന്റിലേറ്റർ ക്ഷാമത്തിന്റെ സൂചനകളോ? നിപ ബാധിച്ച് മരിച്ച കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. അവിടെ ചികിൽസിക്കുകയും ചെയ്തു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് കാരണം വെന്റിലേറ്റർ ക്ഷാമമാണെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ഇത് ശരിയാണെങ്കിൽ കോവിഡു രോഗികൾ കൂടുന്നത് വലിയ പ്രതിസന്ധിയായി മാറും.

മരിച്ച പന്ത്രണ്ട് വയസുകാരന് സാധാരണ പനി മാത്രമാണ് ഉണ്ടായിരുന്നത്. മുക്കത്തെ രണ്ട് ആശുപത്രികളിൽ ആദ്യം കാണിച്ചു. രോഗം ഗുരതരമായതോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ഛർദ്ദിയും മസ്തിഷ്‌ക ജ്വരവും ഉണ്ടായി. മെഡിക്കൽ കോളേജിൽ കുറച്ച് ദിവസം അഡ്‌മിറ്റായിരുന്നു. രോഗത്തിന് ശമനമുണ്ടായില്ല. അതിനിടെ വെന്റിലേറ്റർ ലഭ്യതയുടെ പ്രശ്‌നം നേരിട്ടതോടെയാണ് ഒന്നാം തിയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.-ഇതാണ് മാതൃഭൂമി റിപ്പോർട്ട്.

കോവിഡിൽ ദിനംപ്രതി കേരളത്തിൽ കണക്ക് കുതിച്ചുയരുകയാണ്. രണ്ടരലക്ഷം ആക്ടീവ് കേസുകൾ കേരളത്തിലുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും തൃശൂരും രോഗ വ്യാപനം കൂടുന്ന സ്ഥിതിയാണ്. ആശുപത്രികളിൽ ചികിൽസ തേടുന്നവരുടെ എണ്ണവും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കൂടുന്നതിന് തെളിവാണ് വെന്റിലേറ്റർ ക്ഷാമം. കേരളത്തിൽ അതുണ്ടായി കഴിഞ്ഞുവെന്നതിന് തെളിവാണ് നിപയിലെ മാതൃഭൂമി വാർത്ത.

സ്വകാര്യ ആശുപത്രിയിൽ ആറ് ദിവസത്തോളം കുട്ടി അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടിക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡോക്ടർമാർക്ക് രോഗത്തെ കുറിച്ച് സംശയം തോന്നിയതോടെയാണ് സാമ്പിളുകൾ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി നിപയാണെന്ന് സ്ഥിരീകരിക്കുന്ന ഫലം പുണെയിലെ ലാബിൽ നിന്ന് ലഭിച്ചു. ഇതോടെ നിപയും സ്ഥിരീകരിച്ചു.

കോവിഡ് പ്രോട്ടോകോളിലാണ് പ്രതീക്ഷ. കോവിഡിന്റെ അത്ര അതിവ്യാപനം നിപയ്ക്കില്ല. എന്നാൽ അതിനേക്കൾ മാരകമാണ്. വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ പേർ ഇതിനോടകം സൂചനകൾ കാട്ടുമായിരുന്നു. ഇതാണ് രോഗ വ്യാപനം വൻതോതിൽ ഉണ്ടായിട്ടില്ലെന്ന നിഗമനത്തിൽ എത്താൻ കാരണം. എങ്കിലും കോഴിക്കോട്ടെ മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിക്ക് പോലും വെന്റിലേറ്റർ നൽകാനായില്ലെന്ന വസ്തുതയാണ് നിപ മരണം ചർച്ചയാക്കുന്നത്.

ചാത്തമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 10,11,12 വാർഡുകളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പനി, ഛർദി പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആരോഗ്യവകുപ്പിനെ ഉടൻ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. നിലവിൽ പതിനേഴ് പേർ നിരീക്ഷണത്തിലുണ്ട്.

രോഗത്തിന്റെ ഉറവിടം പരിശോധിച്ചുവരികയാണ്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. രോഗ നിയന്ത്രണത്തിന് എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ വാഗ്ദ്ധാനം ചെയ്തു. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘം സംസ്ഥാനത്തെത്തും. കോഴിക്കോട് പന്ത്രണ്ടുവയസുകാരൻ മരിച്ചത് നിപ ബാധിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രാവിലെയാണ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് മന്ത്രി അറിയിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണ ജോർജ് പ്രതികരിച്ചു.'ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തിവരികയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചു.സമ്പർക്ക പട്ടിക തയ്യാറാക്കുന്നു. നിലവിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് തുറക്കും.'- ആരോഗ്യമന്ത്രി പറഞ്ഞു.

പനിയും ഛർദിയുമായാണ് കുട്ടി ബുധനാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ 104 ഡിഗ്രി പനി ഉണ്ടായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടതോടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇന്ന് പുലർച്ചെ 4.45ഓടെയായിരുന്നു കുട്ടിയുടെ മരണം