തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയ്ക്കാൻ ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും. കോവിഡ് സാഹചര്യങ്ങൾ അടുത്തയാഴ്ച വിലയിരുത്തിയശേഷം നിയന്ത്രണം തുടരണോ എന്നു തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കൂടുതൽ ഇളവുകളില്ല. സി കാറ്റഗറിയിൽ നിയന്ത്രണങ്ങൾ തുടരും.

ഞായറാഴ്ച മാത്രം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഒരു ദിവസം മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്നും ചിലർ അഭിപ്രായമുയർത്തി.

കോവിഡ് കേസുകൾ കാര്യമായി കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനമായത്. അരലക്ഷത്തിനു മുകളിലാണ് മിക്ക ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം. ഭൂരിഭാഗം പേർക്കും ഓമിക്രോൺ ആണ് ബാധിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.

അതേസമയം അതിരൂക്ഷ കോവിഡ് വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകൾ കുറഞ്ഞെന്ന് യോഗം വിലയിരുത്തി. എങ്കിലും തത്കാലം തിരുവനന്തപുരം സി കാറ്റഗറിയിൽ തന്നെ തുടരും.

രാത്രിക്കാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. അന്താരാഷ്ട്ര യാത്രാർക്കുള്ള റാൻഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് ഓമിക്രോൺ വ്യാപനം വ്യക്തമായ സാഹചര്യത്തിൽ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഒമിക്രോണും ഡെൽറ്റയുമല്ലാതെ മറ്റേതെങ്കിലുംവകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്.

അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കോവിഡ് കേസുകൾ കുറയുമെന്നും ഫെബ്രുവരി മൂന്നാം വാരത്തോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് വരുമെന്നുമാണ് അവലോകന യോഗത്തിലെ പ്രതീക്ഷ.

കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞില്ല എന്നതും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകനയോഗം വിലയിരുത്തി.