- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ കോവിഡ് ബാധിച്ച് 40 ലക്ഷത്തോളം പേർ മരിച്ചെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയെന്ന് ന്യൂയോർക്ക് ടൈംസ്; കണക്കെടുപ്പിൽ തെറ്റുണ്ടെന്ന് ഇന്ത്യ; മോദിയെ കളിയാക്കി രാഹുൽ; കോവിഡ് മരണ നിരക്കിൽ കള്ളക്കളി നടന്നുവോ? മോദിയും അഡാനവും ഗുജറാത്തിൽ എത്തുമ്പോൾ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് 40 ലക്ഷത്തോളം പേർ മരിച്ചെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വെളിപ്പെടുത്തലിൽ ചർച്ച സജീവം. ആരോപണം ഇന്ത്യ ഇതു നിഷേധിച്ചു. ഇതേസമയം, കോവിഡിലെ യഥാർഥ മരണക്കണക്കുകൾ പുറത്തുവിടുന്നതിൽ നിന്ന് ലോകാരോഗ്യ സംഘടനയെ ഇന്ത്യ തടയുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും വിവാദത്തിൽ പങ്കുചേർന്നു. ഇതോടെ വിവാദം രാഷ്ട്രീയമാകുകയാണ്.
ഇതോടെ കോവിഡ് മരണക്കണക്കിൽ കേന്ദ്രം കള്ളക്കളി നടത്തിയെന്ന ആരോപണം വീണ്ടും സജീവമാകുകയാണ്. ഇത്തരത്തിലെ ആരോപണം കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. കോവിഡ് കാലത്ത് കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടു മൂലം ഇന്ത്യയിൽ 40 ലക്ഷം പേർ മരിച്ചെന്ന ആരോപണം രാഹുൽഗാന്ധി ഇന്നലെയും ആവർത്തിച്ചു. 'മോദിജി സത്യം പറയുകയുമില്ല, മറ്റുള്ളവരെ പറയാൻ അനുവദിക്കുകയുമില്ല. ഓക്‌സിജൻ ക്ഷാമം കൊണ്ട് ആരും മരിച്ചിട്ടില്ലെന്നാണ് ഇപ്പോഴും അദ്ദേഹം കള്ളം പറയുന്നത്. താങ്കളുടെ ഉത്തരവാദിത്തം നിറവേറ്റൂ മോദിജീ, മരിച്ചവർക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകൂ' രാഹുൽ ട്വീറ്റിൽ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭാരത് ഹെൽത്ത്‌വെൽനെസ് കേന്ദ്രങ്ങളുടെ നാലാം വാർഷികാഘോഷങ്ങൾക്കു തുടക്കമായി. 22 വരെ നീളുന്ന വാരാചരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബുധനാഴ്ച അഹമ്മദാബാദിലെ ഗാന്ധിനഗറിൽ ആയുഷ് ആഗോള ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഡാനം പങ്കെടുക്കും. 3 ദിവസത്തെ ഉച്ചകോടിയിൽ 90 ലേറെ പ്രഭാഷകർ സംസാരിക്കും. ഈ സമ്മേളനത്തിൽ അഡാനം എന്നതും പറയുന്നുവെന്നത് നിർണ്ണായകമാണ്. കോവിഡ് കണക്കിലെ ലോകാരോഗ്യ സംഘടനയുടെ തെറ്റിധാരണ മാറ്റാൻ മോദി ഈ സമ്മേളനത്തിനിടെ ശ്രമിക്കും.
നിലവിൽ 5.20 ലക്ഷം കോവിഡ് മരണങ്ങളെന്നാണ് ഇന്ത്യ പറയുന്നതെങ്കിലും യഥാർഥ മരണസംഖ്യ 40 ലക്ഷത്തോളം വരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുള്ളതെന്ന് ശനിയാഴ്ചയാണു ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇതാണ് വിവാദങ്ങൾക്ക് തുടക്കമായത്. രാജ്യങ്ങളിലെ കണക്കുകൾ ലഭിച്ചിട്ടില്ലെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നത് ഇന്ത്യയിലാകാമെന്നും റിപ്പോർട്ട് പറയുന്നു.
ലോകത്താകെ 60 ലക്ഷം പേർ മാത്രമാണു മരിച്ചതെന്നാണു വിവിധ രാജ്യങ്ങളുടെ കണക്കുകൾ പറയുന്നതെങ്കിലും യഥാർഥത്തിൽ 150 ലക്ഷത്തിലേറെപ്പേർ മരിച്ചിട്ടുണ്ടെന്നാണു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. അധികമായുള്ള 90 ലക്ഷത്തിൽ ഭൂരിഭാഗവും ഇന്ത്യയിലാണെന്നും റിപ്പോർട്ട് പറയുന്നു. ഔദ്യോഗിക കണക്കുകൾക്കു പുറമേ പ്രാദേശികമായി ലഭിച്ച കണക്കുകൾ, വീടുകൾ തോറുമുള്ള സർവേകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് തയാറാക്കിയതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ലോകാരോഗ്യ സംഘടന മരണക്കണക്കു തയാറാക്കിയതിൽ അപാകതയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള മാനദണ്ഡങ്ങളാണ് അവലംബിച്ചത്. ഇന്ത്യയെ പോലെ വലിയ വിസ്തൃതിയുള്ള രാജ്യത്തിനും തുനീസിയ പോലെയുള്ള ചെറിയ രാജ്യത്തിനും ഒരേ മാനദണ്ഡം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിൽ എല്ലായിടത്തും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പോലും ഒരേ പോലെയായിരുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഫലത്തിൽ ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ഇന്ത്യയും സ്ഥിരീകരിക്കുകയാണ്
മുൻനിര രാജ്യങ്ങൾ നൽകുന്ന ഔദ്യോഗിക കണക്കു മാത്രം സ്വീകരിച്ചപ്പോൾ ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും കോവിഡ് മരണക്കണക്കിനായി ഗണിതശാസ്ത്ര മാതൃകകളാണ് അവലംബിച്ചത്. അനൗദ്യോഗിക വിവരങ്ങൾ ചേർത്താണ് അവ തയാറാക്കിയിരിക്കുന്നതെന്ന് ആരോപിച്ച ആരോഗ്യ മന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആറു തവണ ലോകാരോഗ്യസംഘടനയ്ക്കു കത്തെഴുതിയതായും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ