- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ എം യു വകഭേദം 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ഇന്ത്യൻ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമായ കോവിഡ് പടരാൻ തുടങ്ങിയതോടെ ലോകത്തിന് വീണ്ടും ആശങ്ക; ഒരിക്കലും തീരാത്ത മഹാമാരിയായ കോവിഡ് മുൻപോട്ട് തന്നെ
ലണ്ടൻ: ഇന്ത്യൻ ഡെൽറ്റ വകഭേദം വിതച്ച ഭീതി വിട്ടുമാറുന്നതിനു മുൻപ് തന്നെ അതിനേക്കാൾ മാരകമായ മറ്റൊരു വകഭേദത്തിന്റെ വ്യാപനം ആരംഭിച്ചിരിക്കുന്ന വാർത്ത് ഭീതിയോടെയാണ് ലോകം കേട്ടുകൊണ്ടിരിക്കുന്നത്. എം യു എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ വകഭേദത്തിന്റെ പുറകെയാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന. ബി.1.621 എന്ന് ശാസ്ത്രീയ നാമമുള്ള ഈ വകഭേദത്തെ കഴിഞ്ഞ ജനുവരിയിൽ കൊളംബിയയിലാണ് ആദ്യമായി കണ്ടെത്തിയത്. അന്നുതൊട്ട് ഇന്നുവരെ ഏകദേശം 4,000 ൽ അധികം ആളുകളിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. 40ഓളം രാജ്യങ്ങളീൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്.
ബ്രിട്ടനിൽ ഇതുവരെ ഏകദേശം അമ്പതോളം പേരിൽ എം യു വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ നൂറുകണക്കിന് ആളുകളെയാണ് ഈ വകഭേദം ബാധിച്ചിരിക്കുന്നത്. ഈ വകഭേദത്തിനു സംഭവിച്ചിരിക്കുന്ന ജനിതകമാറ്റത്തിന്റെ സ്വഭാവം പരിശോഹിച്ചാൽ ഇത് വാക്സിനുകൾക്കെതിരെ കൂടുതൽ പ്രതിരോധശേഷിയുള്ളതാകാനാണ് സാധ്യത എന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിവാര ബുള്ളറ്റിനിൽ പറയുന്നു. മാത്രമല്ല, ഇതിന് വ്യാപനശേഷിയും അധികമാണെന്നാണ് കരുതപ്പെടുന്നത്. എന്തായാലും, കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
നിലവിൽ ലോകാരോഗ്യ സംഘടനയുടെ ''പഠനവിധേയമാക്കേണ്ടുന്ന വകഭേദം'' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ വൈറസിനെ 2021 ജനുവരിയിലാണ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം തെക്കെ അമേരിക്കയിലേയും യൂറോപ്പിലേയും ചില രാജ്യങ്ങളിൽ ഇതിന്റെ വ്യാപകമായ പടർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലോകവ്യാപകമായി സാന്നിദ്ധ്യമുണ്ടെങ്കിലും, ഇപ്പോൾ ഇതിന്റെ വ്യാപനം കുറഞ്ഞുവരുന്നതായാണ് റിപ്പോർട്ട്. ലോകവ്യാപകമായി 0.1 ശതമാനം രോഗികളിൽ മാത്രമാണ് ഇതുള്ളത്. എന്നാൽ, കൊളമ്പിയയിലും ഇക്വഡോറിലും ഇതിന്റെ വ്യാപനം വർദ്ധിക്കുകയാണ്.
നിലവിൽ, ആശങ്കയുണർത്തുന്ന വകഭേദങ്ങളുടെ ലിസ്റ്റിൽ നാല് വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയാണ് ഉള്ളത്. അതേസമയം, കൂടുതൽ പഠനവിധേയമാക്കേണ്ടുന്ന വകഭേദങ്ങളുടെ വിഭാഗത്തിൽ, എറ്റ, ലോറ്റ, കാപ്പ, ലാംബ്ഡ എന്നീ വകഭേദങ്ങൾക്കൊപ്പമാണ് ഇപ്പോൾ എം യു വിനേയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഡെൽറ്റയേക്കാൾ വ്യാപനശേഷി ഉള്ളതാണ് എം യു വകഭേദം എന്നതിന് തെളിവുകൾ ഒന്നുമില്ലെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടുള്ളത്.
മറുനാടന് ഡെസ്ക്