തിരുവനന്തപുരം: ആൾക്കൂട്ടത്തിൽ ഓടി നടക്കുന്ന ഉമ്മൻ ചാണ്ടി. കോവിഡു കാലത്ത് ഒരിക്കൽ ഉമ്മൻ ചാണ്ടി ക്വാറന്റീനിൽ പോയിരുന്നു. അതുപക്ഷേ വീട്ടിൽ തന്നെയായിരുന്നു. രോഗം എത്തിയതുമില്ല. കരുതലുമായിട്ടായിരുന്നു ഓട്ടം. എന്നാൽ തെരഞ്ഞെടുപ്പിലെ ഇടപെടൽ എല്ലാം മാറ്റി മറിച്ചു. മുൻ മുഖ്യമന്ത്രിയേയും കോവിഡ് ബാധിച്ചു. ജനങ്ങൾക്കിടയിൽ നിന്ന നേതാവ് ഇന്ന് ആശുപത്രിയിലെ മുറിയിൽ തനിച്ചാണ്. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും അനുസരിച്ചുള്ള ചികിൽസ.

'എനിക്ക് വിശ്രമിക്കാൻ പ്രത്യേക സമയം ആവശ്യമില്ല. അങ്ങനെ ശീലിച്ചിട്ടുമില്ല. കോവിഡ് പോസിറ്റീവായ സ്ഥിതിക്ക് അതിന്റെ നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ. അതിനാൽ ആശുപത്രിയിൽ കഴിയുന്നു'. ആശുപത്രിയിൽ നിന്നുള്ള ഈ പ്രതികരണത്തിലും ആൾക്കൂട്ടങ്ങൾ മാറി നിൽക്കുന്നതിന്റെ പരിഭവമാണ് നിഴലിക്കുന്നത്. അങ്ങനെയാണ് ഉമ്മൻ ചാണ്ടി. ജനങ്ങളാണ് തന്റെ ശക്തിയെന്ന് വിശ്വസിക്കുന്ന നേതാവ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം എട്ടിനാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാഴ്ചയായി ടിവിയിലൂടെ ലോകത്തെ അറിയുന്ന ജന നേതാവ്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില പൂർണതൃപ്തികരമെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. പനി ഇപ്പോഴില്ല. മറ്റ് ലക്ഷണങ്ങളും ഇല്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമില്ല. കോവിഡ് സംബന്ധിച്ച ഒരു അസ്വസ്ഥതകളും ഉമ്മൻ ചാണ്ടിക്ക് ഇല്ല. ഒരു വിശ്രമം ആകട്ടെ എന്നു കരുതിയാണ് ആശുപത്രിയിൽ തുടരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചാണ്ടി ഉമ്മനാണ് ഉമ്മൻ ചാണ്ടിക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കുന്നത്. മറ്റാരും കൂടെയില്ല. കോവിഡ് പോസിറ്റീവ് ആയവർക്ക് കൂട്ടിരിപ്പുകാരനെ അനുവദിക്കാൻ സംസ്ഥാനത്ത് അനുമതിയുണ്ട്. കൂട്ടിരിപ്പുകാരനും പുറത്തു പോകാതെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു.

ആശുപത്രിയുടെ പാർക്കിങ് സ്ഥലത്തിന് അഭിമുഖമായ മുറിയാണ് ഉമ്മൻ ചാണ്ടിക്കായി ഒരുക്കിയത്. പാർക്കിങ് സ്ഥലത്ത് വന്ന് അടുപ്പക്കാർ അദ്ദേഹത്തെ കൈവീശി കാണിക്കുന്നു. അദ്ദേഹവും പ്രത്യഭിവാദനം ചെയ്യുന്നു. കോവിഡ് വന്നകാലം മുതൽ പ്രതിരോധ ശേഷി വർധിക്കുന്നതിനുള്ള ഗുളികകളും ഹോമിയോ മരുന്നും ഉമ്മൻ ചാണ്ടി കഴിക്കുന്നുണ്ട്. ഇത് കൃത്യമായി നൽകി. പ്രചാരണം മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ ഈ ചിട്ടയിൽ ചെറിയ വീഴ്ച പറ്റി. മരുന്നുകൾ കഴിക്കുന്നതിൽ ശ്രദ്ധ വന്നില്ല. ഇത് കോവിഡ് വരാൻ കാരണമായതെന്നാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെ വിലയിരുത്തൽ.

പ്രകൃതി നൽകിയ വിശ്രമം എന്നാണ് ഈ ക്വാറന്റൈൻ കാലത്തെ കാണുന്നതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. വിശ്രമിക്കാൻ പറഞ്ഞാൽ കേൾക്കില്ല. അപ്പോൾ ഇതൊരു വിശ്രമ കാലമായി കണക്കാക്കിയാൽ മതി. ഇടയ്ക്ക് വീട്ടിൽപ്പോകണമെന്നു പറയുന്നുണ്ട്. എന്നാൽ ഞങ്ങൾ ധൃതി കാണിക്കുന്നില്ല. ഇപ്പോൾ ഉറക്കം കൂടുതലുണ്ട്. അതു മാത്രമാണ് ഒരു മാറ്റമുള്ളത്. ഫോൺ വഴിയാണ് ജനകീയ ഇടപെടലുകൾ. തെരഞ്ഞെടുപ്പ് അവലോകനവും നടത്തുന്നു. യുഡിഎഫ് അധികാരത്തിൽ തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയാണ് കോവിഡ് ചികിൽസയിലും ഉമ്മൻ ചാണ്ടിയുടെ വിശ്വാസ കരുത്ത്.

യുഡിഎഫ് വിജയം ഉറപ്പെന്ന റിപ്പോർട്ടുകളാണ് വിവിധ കേന്ദ്രങ്ങളിൽനിന്നു ലഭിച്ചത്. ജില്ലാ പ്രസിഡന്റുമാർ, പാർട്ടി നേതാക്കൾ, സ്ഥാനാർത്ഥികൾ എന്നിവരുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞു. പുതുപ്പള്ളിയിൽ ഓരോ മണ്ഡലം പ്രസിഡന്റുമാരെയും വിളിച്ചു സംസാരിച്ചു. ചെറിയ നോട്ടുകൾ കുറിക്കുക അടക്കം ചെയ്യുന്നുണ്ട്-ഉമ്മൻ ചാണ്ടി പറയുന്നു. ഫോണിൽ വിളിക്കുന്നവരോടും സംസാരിക്കുന്നുണ്ട്.

രാഹുൽ ഗാന്ധി, എ.കെ.ആന്റണി തുടങ്ങി കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം വിവരങ്ങൾ ആരാഞ്ഞു. മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരും ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഇവരോടെല്ലാം നേരിൽത്തന്നെ ഉമ്മൻ ചാണ്ടി സംസാരിച്ചു.