നെടുങ്കണ്ടം: കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മയെയും കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനായി പൊതുവഴിയിലൂടെ പരസ്യമായി നടത്തി അപമാനിച്ചെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം മഞ്ഞപ്പെട്ടിക്ക് സമീപം എട്ടുമുക്കിലാണ് സംഭവം. വീട്ടുമുറ്റംവരെ ആംബുലൻസ് എത്തുമായിരുന്നിട്ടും ഒരുകിലോമീറ്റർ അകലെ എട്ടുമുക്ക് കുരിശുംതൊട്ടിക്ക് സമീപം വാഹനം നിർത്തിയിട്ട്, നെടുങ്കണ്ടം പഞ്ചായത്തംഗം ബിജു മേനാച്ചേരിയുടെ നേതൃത്വത്തിൽ രോഗികളെ പരസ്യമായി അവിടേക്ക് നടത്തിയെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

രണ്ടാഴ്ച മുമ്പ് തമിഴ്‌നാട്ടിൽനിന്നും എത്തിയ വീട്ടമ്മയും കുട്ടികളും നെടുങ്കണ്ടം പഞ്ചായത്ത് മൂന്നാം വാർഡിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 13-ന് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്നുതന്നെ വൈകുന്നേരം നെടുങ്കണ്ടത്തുനിന്ന് ആംബുലൻസ് എത്തിയപ്പോൾ ബിജു ഉൾെപ്പടെയുള്ളവർ, ഇവർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പരസ്യപ്പെടുത്തിയെന്നും പ്രദേശവാസികളെ കാണിക്കാനായി റോഡിലൂടെ നടത്തിയെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്തംഗം ബിജു മേനാച്ചേരി പറഞ്ഞു. ഒരു തോട്ടത്തിന്റെ നടുവിലെ ഒറ്റപ്പെട്ട വീട്ടിലാണ് അമ്മയും മക്കളും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇവിടേക്കുള്ള റോഡ് ദുർഘടം നിറഞ്ഞതാണ്. അതുകൊണ്ടാണ്, വീട്ടുമുറ്റത്ത് ആംബുലൻസ് എത്താഞ്ഞത്. പഞ്ചായത്ത് മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം റോഡിൽനിന്ന് ആളുകളെയെല്ലാം മാറ്റിയാണ് രോഗികളെ കൊണ്ടുപോയത്.വീട്ടമ്മയ്ക്കും കുട്ടികൾക്കും കോവിഡ് ബാധിച്ചെന്ന് താൻ പറഞ്ഞെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്നും ബിജു അറിയിച്ചു.