- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിതൻ വിമാനത്തിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു; നെഞ്ചുതടവി ശ്വാസം നൽകാൻ മത്സരിച്ച സഹയാത്രികർ ഇനി ക്വാറന്റൈനിൽ; പരിശോധനകൾക്കിടയിലും കോവിഡ് രോഗികൾ പണി നൽകുന്നവിധം
ന്യു ഓർലിയോൺസ്: രോഗം ബാധിക്കുക എന്നത് ഒരിക്കലും ഒരു കുറ്റമല്ല. രോഗികളെ സഹതാപത്തോടും അനുകമ്പയോടും കൂടി സഹായിക്കുകയും വേണം. അവരെ ഒരു കാരണവശാലുംഒറ്റപ്പെടുത്തരുത്. എങ്കിലും, രോഗം, അതും കോവിഡ് 19 പോലൊരു മഹാമാരി ഉണ്ടെന്നറിഞ്ഞിട്ടും അത് മറ്റുള്ളവരിലേക്ക് പടരുന്ന സാഹചര്യം സൃഷ്ടിക്കുന്നത് നിയമപരമായി ഒരു കുറ്റമാണ് എന്നുമാത്രമല്ല ധാർമ്മികമായ ഒരു വലിയ തെറ്റുകൂടിയാണ്. അത്തരമൊരു സംഭവമാണ്അമേരിക്കയിലെ ന്യു ഓർലിയോൺസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നിന്നും ലോസ് ഏഞ്ചലസിലേക്ക് പോകുന്ന യുണൈറ്റഡ് എയർലൈൻസ് ന്യു ഓർലിയോണിൽ എമർജൻസി ലാൻഡിങ് നടത്തിയത് അതിലെ ഒരു യാത്രക്കാരന് കഠിനമായ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ്. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത സഹയാത്രികർ അയാൾക്ക് കൃത്രിമ ശ്വാസം നൽകുന്നതിനും മറ്റുമായി സഹകരിച്ചു.
ന്യു ഓർലിയോൺസിൽ ഇറങ്ങിയ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരും വിമാനത്തിനുള്ളിലെത്തി പ്രാഥമിക ശുശ്രൂഷ നൽകുവാൻ. ആ സമയത്താണ് അയാളുടെ ഭാര്യ വെളിപ്പെടുത്തുന്നത്, കഴിഞ്ഞ ഒരാഴ്ച്ചയായി തന്റെ ഭർത്താവ് കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു എന്ന്. രുചിയും ഗന്ധവും തിരിച്ചറിയാൻ അയാൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.
വിമാനം യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഈ വ്യക്തിക്ക് വിറയൽ അനുഭവപ്പെട്ടിരുന്നതായും കഠിനമായി വിയർത്തിരുന്നതായും ഇയാളുടെ അടുത്ത സീറ്റുകളിൽ ഇരുന്ന യാത്രക്കാർ വ്യക്തമാക്കുന്നു. പറന്നുയർന്ന് ഏറെ താമസിയാതെ ഇയാളുടെ നില വഷളാവുകയായിരുന്നു. തുടർന്ന് എമർജൻസി ലാൻഡിംഗിന് പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
ഇതിനിടയിൽ പൈലറ്റിന്റെ അനൗൺസ്മെന്റ് കേട്ട് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ഉൾപ്പടെയുള്ള ചില യത്രക്കാർ അയാളുടെ സഹായത്തിനായി എത്തി. കൃത്രിമ ശ്വാസം വരെ നൽകാൻ അവർ മുൻകൈ എടുത്തു. ഇത്രയേറെശ്രമിച്ചിട്ടും അയാളുടെ ജീവൻ രക്ഷിക്കാനായില്ല. ന്യു ഓർലിയോൺസിൽ വിമാനം ഇറങ്ങി അല്പ സമയത്തിനകം അയാൾ മരണമടഞ്ഞു. എന്നാൽ അയാൾ കോവിഡ് രോഗി ആയിരുന്നു എന്ന ഭാര്യയുടെ വെളിപ്പെടുത്തൽ സഹായിക്കുവാൻ കൂടിയ സഹയാത്രികരെയൊക്കെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇയാളെ വിമാനത്തിൽ നിന്നിറക്കിയ ശേഷം വിമാനം ലോസേയ്ഞ്ചലസിലേക്ക് പറന്നു. അപ്പോഴേക്കും അയാൾക്ക് കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള സി ഡി സിയുടെ റിപ്പോർട്ട് ലോസ് ഏഞ്ചലസിൽ എത്തിക്കഴിഞ്ഞിരുന്നു. ഇതറിഞ്ഞ യത്രക്കാരിൽ പലരും കോപാകുലരായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു, ഒരു സമൂഹത്തിൽ, നിരുത്തരവാദപരമായി പെരുമാറുന്നതിനെ കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഏതായാലും ആ വിമാനത്തിലെ യാത്രക്കാരെല്ലാവരും തന്നെ ക്വാറന്റൈനിൽ പോകുവാൻ നിർബന്ധിതരായിരിക്കുകയാണ്.
മറുനാടന് ഡെസ്ക്