തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് അതീവ ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന അവസ്ഥയാണുള്ളത്. രോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വൻ വർദ്ധനവെന്ന് ആരോഗ്യ വകുപ്പ് കണക്കുക്കൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിൽ 274 പേരെ ഐസിയൂവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. ഇതാദ്യമായാണ് കേരളത്തിൽ ഇത്തരത്തിൽ രോഗികളിൽ വർദ്ധനവ് ഉണ്ടാകുന്നത്.

നിലവിൽ 2323 പേരാണ് സംസ്ഥാനത്ത് ഐസിയൂവിൽ കഴിയുന്നത്. 1138 പേർ വെറ്റിലേറ്ററിലും ചികിത്സയിലുണ്ട്. ഇനി സംസ്ഥാനത്ത് സർക്കാർ സ്വകാര്യ ആശുപത്രികളിലായി 508 വെന്റിലേറ്റർ ഐസിയു, 285 വെന്റിലേറ്റർ, 1661 ഓക്‌സജ്ജൻ കിടക്കകൾ എന്നിവയാണ് ഒഴിവുള്ളത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ സംപൂർണ്ണ ലോക്ഡൗൺ ആരംഭിച്ചു. ലോക്ക്ഡൗൺ സമയത്ത് റസ്റ്റോറന്റുകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴര വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ പാടുള്ളു. ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. രോഗികളുടെ കൂട്ടിരുപ്പുകാർക്ക് ആശുപത്രികളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് കൈവശം കരുതി യാത്ര ചെയ്യാം. കോടതിയിൽ നേരിട്ട് ഹാജരാകേണ്ട സന്ദർഭങ്ങളിൽ അഭിഭാഷകർ, ക്ലർക്കുമാർ എന്നിവർക്ക് യാത്രാനുമതിയുണ്ട്. അവശ്യ ഭക്ഷ്യ-മെഡിക്കൽ വസ്തുക്കൾ പായ്ക്ക് ചെയ്യുന്ന വ്യവസായ യൂണിറ്റുകൾ, കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 38,460 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസർഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 124 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 370 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5238, കോഴിക്കോട് 4067, തിരുവനന്തപുരം 3657, മലപ്പുറം 3615, തൃശൂർ 3711, കണ്ണൂർ 2981, പാലക്കാട് 1332, കൊല്ലം 2411, ആലപ്പുഴ 2153, കോട്ടയം 1981, പത്തനംതിട്ട 1130, വയനാട് 1127, ഇടുക്കി 1091, കാസർഗോഡ് 908 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

115 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 29, വയനാട് 14, തൃശൂർ 13, എറണാകുളം, കാസർഗോഡ് 12 വീതം, കോഴിക്കോട് 9, പത്തനംതിട്ട 7, പാലക്കാട് 6, തിരുവനന്തപുരം, കൊല്ലം 5 വീതം, ഇടുക്കി 3 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2363, കൊല്ലം 1405, പത്തനംതിട്ട 860, ആലപ്പുഴ 1745, കോട്ടയം 3063, ഇടുക്കി 391, എറണാകുളം 2735, തൃശൂർ 1837, പാലക്കാട് 3200, മലപ്പുറം 3224, കോഴിക്കോട് 3194, വയനാട് 277, കണ്ണൂർ 1664, കാസർഗോഡ് 704 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,02,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,16,177 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.