- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റ് 1 മുതൽ 5 വരെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 93,750 പേരിൽ നിന്ന് പിഴ ഈടാക്കി; അഞ്ചു ദിവസം കൊണ്ട് പിരച്ചത് മാസ്കിൽ മാത്രം നാല് കോടിലേറെ രൂപ; ജനുവരി മുതൽ ജൂൺ വരെ പിരിച്ചത് 35.17 കോടി പിഴ; ഇത് 'പെറ്റി സർക്കാരോ'?
കോഴിക്കോട് : ഇത് പെറ്റി സർക്കാർ എന്ന പ്രതിപക്ഷ നേതാവ് പറയുന്നു. ഏതായാലും ഈ കോവിഡ് കാലത്ത് വലിയ തുക പെറ്റിയായി സർക്കാരിന് കിട്ടുന്നുണ്ടെന്നതാണ് വസ്തുത. മാസ്‌ക് ധരിക്കാത്തവരിൽ നിന്നും 5 ദിവസം കൊണ്ടു മാത്രം ഈടാക്കിയ പിഴ 4 കോടിയിലേറെ രൂപയാണ്. ഓരോ ദിവസവും ശരാശരി 15,000-20,000 പേരിൽ നിന്നാണു മാസ്‌ക് ധരിക്കാത്തതിനു പിഴ ഈടാക്കിക്കൊണ്ടിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ 5 വരെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 93,750 പേരിൽ നിന്ന് പിഴ ഈടാക്കിയെന്നാണ് പൊലീസിന്റെ കണക്ക്. മാസ്‌ക് ധരിക്കാത്തവരിൽ നിന്നും അകലം പാലിക്കാത്തവരിൽ നിന്നും 500 രൂപ വീതമാണ് ഈടാക്കുന്നത്. ഇതിനൊപ്പം മറ്റ് കോവിഡ് ലംഘനങ്ങളും. കടയിൽ നിന്നും മറ്റും പൊലീസ് ഈടാക്കുന്ന പിഴയും വലിയ കണക്കാണെന്നാണ് സൂചന.
ജനുവരി മുതൽ ജൂൺ വരെ കേരളത്തിൽ നിന്ന് 35.17 കോടി രൂപ പിഴ ഇനത്തിൽ ഈടാക്കിയിരുന്നു. ഓരോ ദിവസവും അടയ്ക്കുന്ന പിഴത്തുക പ്രത്യേക അക്കൗണ്ടിലേക്കു മാറ്റി ജില്ലാ പൊലീസ് മേധാവിമാർ പരിശോധിച്ച ശേഷം ട്രഷറിയിലേക്കു മാറ്റുകയാണ്. ഇപ്പോൾ പുതിയ മാനദണ്ഡങ്ങളുണ്ട്. ഇത് നടപ്പാക്കിയാൽ ഇനിയും പെറ്റി അടിക്കാൻ കഴിയും. ഈ സാഹചര്യത്തിലാണ് 'പെറ്റി സർക്കാർ' എന്ന കളിയാക്കൽ എത്തിയതും.
അതിനിടെ കടയിൽ പോകാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സംസ്ഥാന സർക്കാർ രംഗത്തു വന്നിട്ടുണ്ട്. രണ്ടാം തരംഗത്തിൽ വകഭേദം വന്ന ഡെൽറ്റ വൈറസാണ് പടരുന്നതെന്നും ജനങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുള്ളതുകൊണ്ടാണ് നിബന്ധന കർശനമാക്കിയതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോൾ തടയാനുള്ള ബാദ്ധ്യത പൊലീസിന് ഉണ്ടെന്നും മന്ത്രി പറഞ്ഞു.എന്നാൽ, വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.
കേരള സർക്കാർ പെറ്റി സർക്കാർ ആണ്. സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർ അമ്പത് ശതമാനത്തിലും താഴെയാണ്. ബാക്കിയുള്ള 57.86ശതമാനം പേർക്കും കടയിൽ പോകണമെങ്കതിൽ അഞ്ഞൂറ് രൂപ കൊടുത്ത് ആർ ടി പി സി ആർ പരിശോധന സർട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നും വി ഡി സതീശൻ ചോദിച്ചു.
പ്രമുഖ വ്യക്തികൾ വരെ നിയന്ത്രണത്തെ വിമർശിക്കുന്നത് കാണാതെ പോകരുതെന്നും വി ഡി സതീശൻ സഭയിൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ