- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്‌സിൻ സൗജന്യമെന്ന വാഗ്ദാനം നടപ്പായത് മോദി മനം മാറ്റിയതു കൊണ്ട്; വാക്‌സിൻ ചലഞ്ചിലെ കോടികൾ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവും പാഴായി; ഇപ്പോൾ കോവിഡ് അനന്തര ചികിത്സക്ക് പണവും ഈടാക്കുന്നു; പറഞ്ഞതെല്ലാം വിഴുങ്ങി പിണറായി സർക്കാർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് ഏതാനും മാസം മുമ്പ് വൻ വാഗ്ദാനങ്ങളായിരുന്നു കേരളത്തിലെ പിണറായി സർക്കാർ നൽകിത്. എന്നാൽ, അധികാരത്തിൽ എത്തിയതോടെ പല കാര്യങ്ങളിലും മാറ്റം വന്നു. പല വാഗ്ദാനങ്ങളിൽ നിന്നും സർക്കാർ പിന്മാറി. ഇപ്പോൾ കോവിഡ് അനന്തര ചികിത്സ ഉൾപ്പടെയുള്ള കാര്യങ്ങളിൽ സർക്കാർ മുമ്പ് പറഞ്ഞ കാര്യങ്ങളെല്ലാം വിഴുങ്ങാൻ ഒരുങ്ങുകയാണ്.
കോവിഡ് വാക്‌സിനേഷനും കോവിഡനന്തര ചികിത്സയും സൗജന്യമായിരിക്കുമെന്ന മുൻ പ്രഖ്യാപനങ്ങളിൽ നിന്നുമാണ് സംസ്ഥാന സർക്കാർ പതിയെ പിന്മാറുന്നത്. ഇതര സംസ്ഥാനങ്ങൾ കൂടുതൽ സൗജന്യങ്ങൾ ഏർപ്പെടുത്തുമ്പോഴാണ് നയം തിരുത്തി അധിക ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള കേരളത്തിന്റെ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. ഇനിയും സൗജന്യം നൽകാനാവില്ലെന്ന നിലപാടിലേക്കാണ് സർക്കാറിന്റെ പോക്ക്.
സംസ്ഥാനങ്ങൾ ഒരു ഡോസ് വാക്‌സീൻ 400 രൂപ നൽകി വാങ്ങണമെന്നു കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ആദ്യം എതിർത്ത മുഖ്യമന്ത്രിമാരിൽ പിണറായി വിജയനും ഉണ്ടായിരുന്നു. തുടർന്ന് കേരളം സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് സുപ്രിംകോടതി ഇടപെടലിൽ കേന്ദ്രസർക്കാർ മനം മാറ്റിയതു കൊണ്ടാണ് കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ സൗജന്യമായത്.
എന്നാൽ, സൗജന്യ വാക്‌സിനേഷന് 1300 കോടി രൂപ കണ്ടെത്താൻ വാക്‌സീൻ ചാലഞ്ച് ആരംഭിച്ചിരുന്നു സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്ഥാപനങ്ങളും വ്യക്തികളും കോടികളാണു സംഭാവന ചെയ്തത്. ഈ തുക പ്രത്യേക അക്കൗണ്ടിൽ ശേഖരിക്കുമെന്ന് അന്നു വാക്കു നൽകിയെങ്കിലും പാലിച്ചിട്ടില്ല. പിന്നീടു സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നു 75% വാക്‌സീൻ സൗജന്യമായി നൽകാമെന്നും 25% സ്വകാര്യ ആശുപത്രികൾ കമ്പനി നിശ്ചയിക്കുന്ന വിലയ്ക്കു വാങ്ങി വിതരണം ചെയ്യണമെന്നും കേന്ദ്രം തീരുമാനിച്ചു.
നിശ്ചിത ഡോസിൽ കുറച്ച് സ്വകാര്യ ആശുപത്രികൾക്കു നൽകില്ലെന്നു കമ്പനികൾ തീരുമാനിച്ചതോടെ സംസ്ഥാനം ഇടപെട്ടു. അവർക്ക് 20 ലക്ഷം ഡോസ് വാക്‌സീൻ നൽകാൻ 126 കോടി രൂപ വാക്‌സീൻ ചാലഞ്ചിൽ നിന്നു ചെലവഴിക്കാൻ തീരുമാനമായി. സർക്കാർ 630 രൂപയ്ക്കു വാക്‌സീൻ നൽകുമ്പോൾ അതേ തുക ആശുപത്രികൾ തിരികെ നൽകണം.
ആശുപത്രികൾ 150 രൂപ സർവീസ് ചാർജ് കൂടി ഈടാക്കിയാണു വാക്‌സീൻ നൽകുന്നത്. തമിഴ്‌നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾ സ്വകാര്യ ആശുപത്രികൾ വഴിയും സൗജന്യമായി വാക്‌സീൻ നൽകുന്നുണ്ട്. കർണാടകയും ഈ രീതിയിലേക്കു മാറാൻ തീരുമാനിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ സർവീസ് ചാർജ് മാത്രം നൽകിയാൽ മതി.
കോവിഡനന്തര ചികിത്സയ്ക്ക് എപിഎലുകാരിൽ നിന്നു പണം ഈടാക്കാനുള്ള ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്താൻ സർക്കാർ ഒരുക്കമല്ല. ജനറൽ വാർഡിൽ ഒരു ദിവസം കഴിയുന്നതിന് 750 രൂപ നൽകണം. വെന്റിലേറ്ററിനു ദിവസം 2000 രൂപയാണ്. ബ്ലാക് ഫംഗസ് ചികിത്സ ഉൾപ്പെടെ കോവിഡനന്തര ശസ്ത്രക്രിയകൾക്ക് 27,500 രൂപ വരെയാണു നിരക്ക്. ഏതു ചികിത്സയ്ക്കും സർക്കാർ ആശുപത്രികളിൽ മുൻപ് പേവാർഡിനു മാത്രമേ തുക ഈടാക്കിയിരുന്നുള്ളൂ.
അതേസമയം ഒരു കാലത്ത് കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന കേരളത്തിൽ ഇപ്പോൾ എല്ലാം പിടിവിട്ട നിലയിലാണ്. കോവിഡ് വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിൽ കേരളം. അയൽ സംസ്ഥാനമായ കർണാടകയിൽ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോൾ കേരളത്തിൽ അത് മിക്ക ദിവസവും നൂറു കടക്കുന്നു. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികൾ ദിവസങ്ങളായി കേരളത്തിലാണ്. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ നാലായിരത്തിലും താഴെയെത്തിയപ്പോൾ കേരളത്തിൽ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്.
അയൽ സംസ്ഥാനങ്ങൾ എല്ലാം ഇളവുകൾ നൽകുമ്പോൾ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകൾ കൂടുമെന്നുറപ്പായിട്ടും കൂടുതൽ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിന്റെ തീരുമാനം. വാക്‌സിനെടുത്തിട്ടും 5 ശതമാനത്തിലധികം പേർക്ക് കോവിഡ് വന്ന ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ജനിതക പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ