തിരുവനന്തപുരം: കോവിഡിനെ നിയന്ത്രിക്കാൻ പൊലീസിനെ ഏൽപ്പിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാറിന്റെ എല്ലാ ശ്രമങ്ങളും പാളി. കോവിഡ് നിയന്ത്രണത്തിന് മുഖ്യമന്ത്രി പൊലീസിന് നൽകിയ രണ്ടാഴ്ച കാലാവധി അവസാനിക്കുമ്പോൾ രോഗവ്യാപനത്തിൽ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ചകൊണ്ട് 4,400 രോഗികളാണ് കൂടിയത്. മാത്രവുമല്ല, ഉത്തരവാദിത്തം പൊലീസിനെ ഏൽപ്പിച്ചതോടെ കൂടുതൽ പൊലീസുകാർ രോഗബാധിതരുമായി. മുഖ്യമന്ത്രിയായിരുന്നു പൊലീസിനെ കൂടുതലായി കളത്തിലിറക്കി കോവിഡ് നിയന്ത്രിക്കാൻ രംഗത്തു നിന്നത്.

ഓഗസ്റ്റ് മൂന്നാം തീയതിയാണ് കോവിഡ് പ്രതിരോധത്തിന്റെ മേൽനോട്ടം മുഖ്യമന്ത്രി പൊലീസിനെ ഏൽപ്പിച്ചത്. രണ്ടാഴ്ച കൊണ്ട് കൊവിഡിനെ നിയന്ത്രിക്കുകയെന്ന ലക്ഷ്യവും അന്ന് രാത്രി ചീഫ് സെക്രട്ടറി പ്രഖ്യാപിച്ചു. ആ രണ്ടാഴ്ച ഇന്നലെ അവസാനിച്ചു. പക്ഷെ ലക്ഷ്യം നേടാനായില്ല. മൂന്നാം തീയതി ചികിൽസയിലുള്ള രോഗികളുടെയെണ്ണം 11484 ആയിരുന്നു. ഇപ്പോൾ അത് 15890 ആണ്. അതായത് ചികിൽസയിൽ 4406 രോഗികൾ വർധിച്ചു. ആകെ രോഗബാധിതരുടെയെണ്ണം എടുത്താലും കുതിച്ചുചാട്ടം വ്യക്തമാണ്. രണ്ടാഴ്ച കൊണ്ട് 19265 പേർക്ക് രോഗം പിടിപെട്ടു.

പൊലീസ് ഏറ്റെടുക്കുമ്പോൾ തിരുവനന്തപുരം ജില്ലയായിരുന്നു ആശങ്കാകേന്ദ്രമെങ്കിൽ ഇന്ന് മലപ്പുറവും എറണാകുളവും തൃശൂരും എല്ലാം ആ പട്ടികയിലുണ്ട്. ഹോട്‌സ്‌പോട്ടുകൾ പോലും 506 ൽ നിന്ന് 571 ആയി ഉയർന്നു. മറ്റൊരു പ്രധാന പ്രതിസന്ധി പ്രതിരോധത്തിന് നേതൃത്വം നൽകുന്ന പൊലീസിൽ രോഗവ്യാപനം കൂടിയെന്നതാണ്. ആദ്യ ആറ് മാസം കൊണ്ട് 134 പൊലീസുകാർക്കാണ് കോവിഡ് പിടിച്ചതെങ്കിൽ ഈ രണ്ടാഴ്ച കൊണ്ട് 114 പേർ രോഗികളായി.

ജോലി ഭാരം കൂടിയതോടെ രോഗികളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ട പൊലീസുകാർക്ക് പോലും ക്വാറന്റൈൻ നൽകാനാവുന്നില്ല. ഇത് കൂടുതൽ പേരെ രോഗത്തിന്റെ പിടിയിലാക്കുന്നു. രണ്ടാഴ്ച കൊണ്ട് കൊവിഡിനെ നിയന്ത്രിക്കുകയെന്നത് അപ്രായോഗികമെന്ന് ആദ്യം തന്നെ ആക്ഷേപം ഉയർന്നിരുന്നു. എങ്കിലും പ്രതീക്ഷയോടെ നിലവിലെ നടപടികൾ തുടരാനാണ് സർക്കാരിന്റെ തീരുമാനം.

അതേസമയം നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം പരമാവധി 5000 വരെയാകാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സെപ്റ്റംബർ പകുതിയോടെയായിരിക്കും ഈ വർധന. അതിനു ശേഷം വ്യാപനം കുറയാനാണു സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രൊജക്ഷൻ അനാലിസിസ് പറയുന്നു. സെപ്റ്റംബർ പകുതിയാകുമ്പോഴേക്കും കേരളത്തിൽ 75,000 കോവിഡ് ബാധിതരുണ്ടാകാമെന്ന അഥോറിറ്റിയുടെ നിഗമനം ഇതുവരെ കൃത്യമാണ്. അതേസമയം, എണ്ണം പ്രതിദിനം 10,000 20,000 വരെയാകാമെന്നാണു കഴിഞ്ഞ ദിവസം മന്ത്രി കെ.കെ. ശൈലജ പറഞ്ഞത്.