തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രിക്കുന്നതിലെ മുന്നണി പോരാളികളാണ് കേരളത്തിലെ പൊലീസുകാർ. തലസ്ഥാനത്ത് അടക്കം പൊലീസുകാർക്കിടയിൽ കോവിഡ് വ്യാപിക്കുകയാണ് ഇപ്പോൾ. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പിലാക്കാൻ മുൻപന്തിയിൽ നിൽക്കുന്നത് പൊലീസുകാരാണ്.

കോവിഡ് ആദ്യ തരംഗത്തിൽ വലിയ തോതിൽ തിരുവനന്തപുരത്ത് അടക്കം പൊലീസുകാർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു.രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തിൽ വലിയ തോതിൽ പൊലീസുകാർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നില്ല. എന്നാൽ ഈ ആഴ്ച മുതൽ തിരുവനന്തപുരത്ത് പൊലീസുകാരിൽ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്കാണ് കോവിഡ് ബാധയുണ്ടായിരിക്കുന്നത്. ഇതിൽ പേരൂർക്കട സ്റ്റേഷനിൽ മാത്രം പന്ത്രണ്ട് പൊലീസുകാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.

സിറ്റി സ്പെഷ്യൽ ബ്രഞ്ചിലെ ഏഴ് പേർക്കും കന്റോൺമെന്റ് സ്റ്റേഷനിലെ ആറ് പേർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. പൊലീസുകാർക്ക് കോവിഡ് ബാധിച്ചാൽ ജോലിഭാരം ചൂണ്ടിക്കാട്ടി സമ്പർക്കമുള്ള ഉദ്യോഗസ്ഥരെ ക്വാറന്റീനിൽ വിടുന്ന പതിവ് ഇല്ലെന്നും പൊലീസുകാർക്കിടയിൽ പരാതി ഉയർന്നിരുന്നു.