- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി റേറ്റ് ഉയരുന്നു; ഇന്നലെ 8.1 എന്ന നിലയിൽ; കേരളത്തിൽ ആദ്യമായാണ് പോസിറ്റിവിറ്റി റേറ്റ് 8 ശതമാനം കടക്കുന്നത്; ഇന്നലെ പോസിറ്റീവായ 1648 പേരിൽ 1495 പേർ സമ്പർക്ക ബാധിതരാണ്; പരിശോധനാ സാംപിളുകളും പകുതിയായി കുറഞ്ഞു; 41,392 സാംപിളുകൾ പരിശോധിച്ചതിൽ നിന്നും അടുത്ത ദിവസം കുറഞ്ഞത് 20,215 ലേക്ക്; കോവിഡ് എല്ലായിടത്തും പകരുമ്പോൾ സംസ്ഥാന സർക്കാർ പിന്നോട്ടു നടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ സംസ്ഥാന സർക്കാർ പിന്നോട്ടു നടക്കുന്നു. പരിശോധനാ സാംപിളുകളുടെ എണ്ണം പകുതിയാക്കി കുറഞ്ഞു. ഒരു ദിവസം മുമ്പ് ദിവസം 41,392 സാംപിളുകളുടെ ഫലമാണു ലഭിച്ചതെങ്കിൽ ഇന്നലെ 20,215 സാംപിളുകൾ മാത്രമായിരുന്നു. അതേസമയം കോവിഡ് പരിശോധന കുറഞ്ഞെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്തു.
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഏറ്റവും കൂടുതലുണ്ടായത് ഇന്നലെയായയിരുന്നു. 8.1 ശതമാനം. ഒരു ദിവസം പരിശോധിച്ച സാംപിളുകളിൽ എത്ര ശതമാനം പോസിറ്റീവായി എന്നതിന്റെ കണക്കാണിത്. കഴിഞ്ഞ ദിവസത്തെയത്ര സാംപിളുകൾ പരിശോധിച്ചിരുന്നുവെങ്കിൽ പോസിറ്റീവ് കേസുകൾ അന്നത്തേതിലും കൂടുമായിരുന്നു എന്നാണ് ഇതിന്റെ സൂചന. കേരളത്തിൽ ആദ്യമായാണു പോസിറ്റിവിറ്റി റേറ്റ് 8% കടക്കുന്നത്. ഇന്നലെ പോസിറ്റീവായ 1648 പേരിൽ 1495 പേർ സമ്പർക്ക ബാധിതരാണ്. 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 54 പേർക്കും വിദേശത്തുനിന്നു വന്ന 29 പേർക്കും 61 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇപ്പോൾ ചികിത്സയിലുള്ളത് 22,066 പേർ; കോവിഡ് മുക്തരായത് 67,001 പേർ.
അതേസമയം സംസ്ഥാനത്ത് കോവിഡ് പരിശോധന പകുതിയായി ഇടിഞ്ഞത്, ഞായറാഴ്ച അവധി ദിവസത്തിന്റെ ആലസ്യത്തിലെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രതിദിന പരിശോധന അമ്പതിനായിരമായി ഉയർത്തുമെന്നായിരുന്നു ശനിയാഴ്ച മുഖ്യമന്ത്രിയുടെ വാഗ്ദാനം. എന്നാൽ ഞായറാഴ്ച ഉച്ച മുതൽ തിങ്കളാഴ്ച ഉച്ചവരെ നടന്ന പരിശോധനകളുടെ എണ്ണം 20215 മാത്രം. ഞായറാഴ്ചത്തെ നാല്പത്തോരായിരത്തിൽ നിന്നാണ് പകുതിയായി കുറഞ്ഞത്.
രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് 417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ആലപ്പുഴയിൽ 947 ഉം എറണാകുളത്ത് 865 ഉം ഫലങ്ങൾ ലഭിച്ചു. ഇടുക്കിയിൽ രോഗബാധിതർ വെറും നാല് ആണെങ്കിൽ പരിശോധിച്ച സാംപിളുകളുടെ എണ്ണം 75 മാത്രം. രണ്ടായിരത്തിലേറെ പരിശോധനകൾ നടന്ന ജില്ലകളാണ് കോട്ടയവും പത്തനംതിട്ടയും. ഞായറാഴ്ച നാല്പത്തോരായിരം പരിശോധനകളുടെ ഫലം വന്നപ്പോൾ മൂവായിരത്തിലേറെപ്പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിലെ പരിശോധന കൂടി ചേർത്താണ് കോവിഡ് കണക്കുകൾ പുറത്തു വിടുന്നത്.
ഞായറാഴ്ച സ്വകാര്യ ആശുപത്രികളിലേയും ലാബുകളിലേയും പരിശോധനകൾ കുറഞ്ഞതും ആകെ കണക്ക് കുറയുന്നതിനിടയാക്കിയിട്ടുണ്ട്. ഇന്നലെ ശേഖരിച്ചത് 19207 സാംപിളുകൾ മാത്രമാണ്. ഇതു കൂടാതെ ആന്റിജൻ പരിശോധനകൾ എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനാ ഫലങ്ങളും ചില ജില്ലകളിൽ കണക്കിൽ ഉൾപ്പെടുത്താതെയുണ്ട്. ആ ഫലംകൂടി ഇന്നു പുറത്തു വിട്ടാൽ പരിശോധനകളുടെ എണ്ണവും രോഗബാധിരുടെ എണ്ണവും ഉയരും. ഇത് അഞ്ചിന് താഴെ നിർത്താനായിരുന്നു ആരോഗ്യവകുപ്പിന്റെ ശ്രമം. പരിശോധനകൾ കുറയുന്നതോടെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി അനുമാനിക്കാൻ കഴുയുന്നില്ലെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ