- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാരുടെ ചടങ്ങിൽ കോവിഡ് വരില്ല; അതുകൊണ്ട് തന്നെ പ്രോട്ടോക്കോളും വേണ്ട!; കണ്ണൂരിൽ ആരോഗ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം; രമേഷ് ചെന്നിത്തലയുടെ ജാഥക്കെതിരെ പ്രോട്ടോക്കോൾ ലംഘനത്തിന് നടപടി എടുത്തവർ ഈ ആൾ കൂട്ടത്തെ കാണാതെ പോകുമ്പോൾ
കണ്ണൂർ: മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ കോവിഡ് വല്ല ഇളവും നൽകിയിട്ടുണ്ടോ എന്നു തോന്നിപ്പോകും തളിപ്പറമ്പിലെ അദാലത്തിലെ കാഴ്ച്ചകൾ കണ്ടാൽ. സംസ്ഥാനം മുഴുവൻ കോവിഡ് പ്രോട്ടോക്കോൾ കർശനമാക്കുകയും പൊലീസിനെ വീണ്ടും പരിശോധന അധികാരം നൽകുകയും ചെയ്യുന്ന സമയത്താണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പടെ പങ്കെടുത്ത പരിപാടിയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം നടന്നത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നടക്കുന്ന മന്ത്രിമാരുടെ അദാലത്തിലാണ് ഗുരുതര പ്രോട്ടോക്കോൾ ലംഘനം ഉണ്ടായത്.
മന്ത്രിമാരായ കെ.കെ ശൈലജ,ഇ പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് അദാലത്തിൽ പങ്കെടുക്കുന്നത്.സാമൂഹ്യ അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തിൽ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് സർക്കാർ നിർദേശിക്കുകയും പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം നടന്നത്.മാസ്ക് ധരിച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റൊരു പ്രോട്ടോക്കോളും പാലിക്കാതെയാണ് നൂറുകണക്കിനു പേർ ഇവിടെ തടിച്ചുകൂടിയത്. സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് സാധിക്കുന്നുമില്ല. പങ്കെടുക്കാനെത്തുന്നവർക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിരുന്നെങ്കിലും അതിനു പുറത്ത് ആൾക്കാർ കൂട്ടംകൂടി നിൽക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ആരോഗ്യ മന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രായമുള്ളവരും കുട്ടികളും അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. കൂടിനിൽക്കുന്നവരെയും തിക്കിത്തിരക്കുന്നവരെയും നിയന്ത്രിക്കാൻ ഒരു സംവിധാനവും ഒരുക്കിയിട്ടില്ലെന്നതും വിമർശനത്തിന് ഇടയാക്കുന്നു. സമാനമായ രീതിയിൽത്തന്നെയാണ് കഴിഞ്ഞ ദിവസം ഇരിട്ടിയിലും കണ്ണൂരിലും പരിപാടികൾ നടന്നത്.
തെരഞ്ഞെടുപ്പ് കാലത്തിന്റെ തുടക്കത്തിൽ തന്നെ കോവിഡ് ചട്ടങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളുടെ നീക്കങ്ങളെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഭരണപക്ഷ പ്രതിപക്ഷ പരിപാടികളിലും സർക്കാർ പരിപാടികളിലും കോവിഡ് ചട്ടങ്ങൾ കാറ്റിൽ പറത്തുകയാണ്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂരിലെത്തിയപ്പോൾ ജനക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തുമാണ് പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമ പ്രകാരം ഐശ്വര്യ കേരള യാത്രയ്ക്ക് നേതൃത്വം നൽകിയ സി.പി. ജോൺ ഉൾപ്പെടെ 26 യുഡിഎഫ് നേതാക്കൾക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നേതാക്കൾക്ക് പുറമെ കണ്ടാൽ അറിയാവുന്ന 400 ഓളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.സ്വമേധയ ആണ് പൊലീസ് കേസെടുത്തത്.യാത്രയുടെ കണ്ണൂർ ജില്ലയിലെ സമാപന പരിപാടി ഇന്നലെ രാത്രി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ആണ് നടന്നത്.
പൊലീസിന്റെയും സർക്കാറിന്റെയും നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ശക്തമായിട്ടുണ്ട്.തങ്ങൾ പരിപാടി നടത്തുമ്പോൾ മാത്രമാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് നടപടി എടുക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ആലപ്പുഴയിൽ അടക്കം മന്ത്രിമാർ നടത്തിയ പരാതി സ്വീകരിക്കൽ പരിപാടിയിൽ വൻ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഭരണത്തിന്റെ അവസാന നാളുകളിൽ ജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനായി ഇറങ്ങിയ മന്ത്രിമാരാണ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കോവിഡ് മാനദണ്ഡം കോൺഗ്രസ് പാർട്ടിക്ക് മാത്രം ബാധകമാണോ എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പ്രതികരണം.രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് കണ്ണൂരിൽ കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്നും താരിഖ് അൻവർ കുറ്റപ്പെടുത്തിയിരുന്നു.
ആലപ്പുഴ എടത്വായിൽ മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വൻ ആൾക്കൂട്ടം എത്തിയതും വലിയ ചർച്ചയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ