ന്യൂഡൽഹി: രാജ്യത്ത് ഭീതിജനകമാംവിധം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,35,27,717 ആയി. തുടർച്ചയായി ആറാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിൽ എത്തുന്നത്. 24 മണിക്കൂറിനിടെ 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് ഇതുവരെ 1,70,179 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

1,21,56,529 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.മഹാരാഷ്ട്രയിലാണ് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. ഇന്നലെ മാത്രം 63,294 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 34 ലക്ഷം കടന്നിട്ടുണ്ട്. മരണസംഖ്യ 57,987 ആയി. രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ഓരോദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.

രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളും ബുദ്ധിമുട്ടുകയാണ്. ഗുരുതരാവസ്ഥയിലായ രോഗികൾക്കുപോലും കിടക്കകൾ കിട്ടാത്ത അവസ്ഥയാണ്. ഒസ്മാനാബാദ് ജില്ലയിൽ കിടക്കളുടെ കുറവ് മൂലം വീൽ ചെയറിൽ ഇരുത്തിയാണ് രോഗികൾക്ക് ഓക്സിജൻ നൽകിയത്. കോവിഡ് രോഗികളല്ലാത്തവരെ പ്രവേശിപ്പിക്കുന്നത് പല ആശുപത്രികളും നിറുത്തിവച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഓക്‌സിജൻ കിട്ടാനില്ലെന്നും റിപ്പോർട്ടുണ്ട്.കർണാടകയിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

ഇന്നലെ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ആറുമാസത്തിനുശേഷമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,65,290 ആയി.കേരളത്തിൽ ഇന്നലെ 6986 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂർ 575, തിരുവനന്തപുരം 525, തൃശൂർ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസർഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് വാക്‌സീൻ ക്ഷാമം ഗുരുതരമായ പ്രശ്‌നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്‌സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി പ്രതികരിച്ചു.

കേരളവും വാക്‌സീൻ ക്ഷാമത്തിലേക്ക് പോകുകയാണ്. കൂടുതൽ വാക്‌സീൻ എത്തിക്കാനായി കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. വാക്‌സിൻ തീരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം കേരളത്തിന് ഇല്ല. എല്ലാവരുടേയും ജീവൻ പ്രധാനപ്പെട്ടതായതിനാൽ കയറ്റിഅയക്കാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ നമുക്ക് വാക്ക്ക്‌സീൻ ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയക്കാനെന്നും മന്ത്രി വിശദീകരിച്ചു.

കൊവിഡിന്റെ നിലവിലെ സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടിയതിനാൽ ആൾക്കൂട്ടം കുറച്ചേ മതിയാകൂ. ആറ്റുകാൽ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.