- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ തുറന്നതിന് പിന്നാലെ കോവിഡ് നിരക്ക് ഉയരുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക; മൂന്ന് ജില്ലകളിൽ കോവിഡ് കൂടുതൽ; പടരുന്നത് ഓമിക്രോൺ വകഭേദം; കോവിഡിനൊപ്പം ജീവിക്കാൻ എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യമന്ത്രി; ബൂസ്റ്റർ ഡോസ് എടുക്കാനും നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്്കൂൾ തുറന്നതിന് പിന്നാലെ ആശങ്കയായി കോവിഡ് വ്യാപനം. കുരുന്നുകൾ അടക്കം സ്കൂളിലേക്ക് പോകവേയാണ് സംസ്ഥാനത്തെ കോവിഡ് നിരക്ക് ഉയരുന്നത്. ഇതോടെ ജനങ്ങളോട് കൂടുതൽ കരുതൽ സ്വീകരിക്കാൻ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ്ജ് രംഗത്തുവന്നു. കോവിഡ് നിരക്ക് ഉരുന്നുണ്ടെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഓമിക്രോണാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. പരിശോധനകളിൽ മറ്റു വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല.
കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം. കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇത് കൂടാതെ രണ്ടാം ഡോസ് വാക്സീൻ എടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും പ്രിക്കോഷൻ ഡോസ് എടുക്കണം. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം നൽകിയത്. സംസ്ഥാനത്തെയും ജില്ലകളുടെയും കോവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതലുള്ളത്. ആ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം.
കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്സീനും പ്രിക്കോഷൻ ഡോസും എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം. രണ്ട് ഡോസ് വാക്സീനും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താലേ ഫലം ലഭിക്കൂ. കോവിഡ് മരണം സംഭവിക്കുന്നവരിൽ വാക്സീനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടെയും എണ്ണം കൂടുതലായി കാണുന്നു എന്നാണ് വിലയിരുത്തൽ. അനുബന്ധ രോഗങ്ങളുള്ളവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തി ചികിത്സ തേടണം.
18 വയസ്സ് മുതലുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്സീൻ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്സിനേഷൻ 88 ശതമാനമാണ്. 22 ശതമാനം പേരാണ് പ്രിക്കോഷൻ ഡോസ് എടുത്തത്. 15 മുതൽ 17 വയസ്സു വരെയുള്ള 83 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകി. 12 മുതൽ 14 വയസ്സുവരെയുള്ള 54 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 15 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകി. പ്രാദേശികമായി വാക്സീൻ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്സീൻ എടുക്കുന്നെന്ന് ഉറപ്പാക്കാനും ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തും.
സ്കൂൾ തുറന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും വാക്സീനെടുക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കും. പകർച്ചവ്യാധികൾക്കെതിരെയും പ്രത്യേകിച്ച് നിപ വൈറസിനെതിരെയും പേ വിഷബാധയ്ക്കെതിരെയും ജാഗ്രത വേണമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷനൽ ഡയറക്ടർമാർ, ഡപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫിസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ