ചെന്നൈ: കോവിഡ് വ്യാപനം കൂടിയാൽ കേരളം ഉൾപ്പെടെ സംസ്ഥാന അതിർത്തികളിൽ പരിശോധന പുനരാരംഭിക്കാൻ നീക്കവുമായി തമിഴ്‌നാട്. എന്നാൽ സംസ്ഥാനത്തു വീണ്ടും കർഫ്യൂ ഏർപ്പെടുത്തില്ലെന്നു തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

അതിനിടെ, കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടി മദ്രാസിൽ പോസിറ്റീവായവർ 111 ആയി. കർണാടകയിൽ കോവിഡ് നാലാം തരംഗം ജൂണിനു ശേഷം ക്രമാതീതമായേക്കാമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പു നൽകിയിരുന്നു. ഒക്ടോബർ വരെ ഇതു നീളാനിടയുണ്ടെന്നും ഐഐടി കാൺപൂർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിനു ശേഷം കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കും. ബെംഗളൂരു നഗരസഭാ പരിധിയിൽ നിലവിൽ പ്രതിദിനം 6080 വരെയാണു പോസിറ്റീവ്.