തിരുവനന്തപുരം: കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകൾ തമിഴ്‌നാട് പൊലീസ് അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതിർത്തിയിലെ പ്രധാന റോഡുകളിൽ കർശന പൊലീസ് പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.

കന്യാകുമാരിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള 12 റോഡുകളാണ് തമിഴ്‌നാട് അടച്ചത്. തമിഴ്‌നാട് പൊലീസാണ് പാറശാലയ്ക്കും വെള്ളറടയ്ക്കും ഇടയിലുള്ള റോഡുകൾ അടച്ചത്. കൊല്ലങ്കോട്, അരുമന, പളുകൽ, കളയിക്കാവിള എന്നീ നാലു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 12 റോഡുകളാണ് അടച്ചത്. ഇ-പാസ് ഉള്ളവർക്ക് കളിയിക്കാവിള വഴിയുള്ള പ്രധാന റോഡ് വഴി സഞ്ചരിക്കാം.

അതിർത്തിയിലെ പ്രധാന റോഡുകളിൽ കർശന പരിശോധനയ്ക്കു ശേഷമാണ് കേരളത്തിൽനിന്നുള്ള വാഹനങ്ങൾ തമിഴ്‌നാട്ടിലേക്കു കടത്തിവിടുന്നത്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റും പൊലീസ് ആവശ്യപ്പെടുന്നുണ്ട്

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡുകളും അടച്ചു. അതിർത്തി അടച്ച വിഷയം തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.

തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് അതിർത്തിയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. കഴിഞ്ഞ കോവിഡ് വ്യാപനകാലത്തും തമിഴ്‌നാട് തിരുവനന്തപുരത്തേക്കുള്ള റോഡുകൾ അടച്ചിരുന്നു.കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആളുകൾ തമിഴ്‌നാട്ടിലേക്ക് വരുന്നത് തടയാൻ തമിഴ്‌നാടിന്റെ നീക്കം.

പരിശോധനയുള്ള വഴികളിൽ കൂടിയല്ലാതെ ആളുകൾ കടക്കുന്നത് തടയാനാണ് ഇടറോഡുകൾ അടച്ചതെന്നാണ് തമിഴ്‌നാട് വിശദീകരിക്കുന്നത്.അതേസമയം, കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നത് തുടരുകയാണ്. അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികൾ മുൻകൂറായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പൊതുപരിപാടികളിൽ പരമാവധി 150 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. മാളുകളിൽ ഇന്ന് രാവിലെ മുതൽ ആളുകളുടെ എണ്ണം വളരെ കുറവാണ്. ഹോം ഡെലിവറി സംവിധാനം ഹോട്ടലുകൾ വിപുലപ്പെടുത്തിയിട്ടുണ്ട്. തീയേറ്ററുകളിലും ബാറുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തന്നെ തുടരും.