- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം തടയാൻ നിയന്ത്രണം കടുപ്പിക്കും; സമ്പൂർണ അടച്ചിടലുണ്ടാകില്ല; സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; നാളത്തെ അവലോകന യോഗത്തിൽ നിയന്ത്രണങ്ങളിൽ തീരുമാനം; കോളേജുകൾ നാളെ അടച്ചേക്കും; 10,11, 12 ക്ലാസുകൾ കൂടി ഓൺലൈനിലേക്ക് മാറ്റാൻ സാദ്ധ്യത
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗം കേരളത്തിൽ രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കർശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.
മന്ത്രി ഓഫീസുകളിലും സർക്കാർ ഓഫീസുകളിലും പൊലീസിലും ആരോഗ്യപ്രവർത്തകരിലുമെല്ലാം കോവിഡ് പിടിമുറുക്കിയതോടെയാണ് സർക്കാർ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുന്നത്. നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുക്കുക. സമ്പൂർണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രികളിൽ അഡ്‌മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ആശുപത്രി സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കോളേജുകൾ നാളെ തന്നെ അടച്ചേക്കും.10,11, 12 ക്ലാസുകൾ കൂടി ഓൺലൈനിലേക്ക് മാറ്റാനും സാദ്ധ്യതയുണ്ട്. ആൾക്കൂട്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത നിയന്ത്രണങ്ങൾ തന്നെ വന്നേക്കും.
എങ്കിലും ആശുപത്രികളിൽ അടിയന്തര സൗകര്യങ്ങൾ സജ്ജമാക്കുന്നുണ്ട്. ഐസിയു- വെന്റിലേറ്റർ തുടങ്ങിയ ആവശ്യത്തിനുണ്ട്. വെന്റിലേറ്റർ ഓക്സിജൻ ലഭ്യത തൃപ്തികരമെന്നും ആരോഗ്യമന്ത്രി വീണാജോർജ് വിശദീകരിച്ചു. നിലവിൽ വലിയ ആശങ്കയിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ കർശന ജാഗ്രത തുടരേണ്ടതുണ്ടെന്നും, ആൾക്കൂട്ട നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടതുണ്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
മുഖ്യമന്ത്രിയുടെ ചികിത്സയെക്കുറിച്ച് മന്ത്രിമാർ യോഗത്തിൽ ആരാഞ്ഞു. ചികിത്സ നല്ലരീതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ കോവിഡ് അവലോകനയോഗം ചേരും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് യോഗം.
മറുനാടന് മലയാളി ബ്യൂറോ