- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 46,951 പേർക്ക് രോഗബാധ; ചികിൽസയിലുള്ളവർ മൂന്നര ലക്ഷത്തിലേക്ക്; രൂക്ഷമായ കോവിഡ് വ്യാപനം മഹാരാഷ്ട്രയിൽ; ഛത്തീസ് ഗഡിൽ സ്‌കൂളുകളും കോളജുകളും അംഗണവാടികളും അടച്ചു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുമ്പോഴും രോഗവ്യാപനം രൂക്ഷമാകുന്നു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് അതിരൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 46,951 പേർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ നവംബർ ഏഴിന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗവ്യാപനത്തിൽ വൻ കുതിച്ചുകയറ്റമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പുതുതായി 46,951 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,16,46,081 ആയി. നിലവിൽ 3,34,646 പേരാണ് ചികിൽസയിലുള്ളത്. ഇന്നലെ 21,180 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 1,11,51,468 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ 212 പേരാണ് കോവിഡ് രോഗബാധ മൂലം മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,59,967 ആയി. ജനുവരി ഒമ്പതിന് 228 പേർ മരിച്ചതാണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക്. മഹാരാഷ്ട്ര കോവിഡ് വ്യാപനത്തിൽ ഏറ്റവും രൂക്ഷമായ സ്ഥിതിയിലാണ്. 30,535 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധിത നിരക്കാണിതെന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ 2644, കേരളത്തിൽ 1875, കർണാടകത്തിൽ 1715, ഗുജറാത്തിൽ 1580 എന്നിങ്ങനെയാണ് ഉയർന്ന രോഗബാധിതരുടെ കണക്ക്. രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് രാജസ്ഥാനിൽ ജയ്പൂരും അജ്മീറും അടക്കം എട്ടു നഗരങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഛത്തീസ് ഗഡിൽ സ്‌കൂളുകളും കോളജുകളും അംഗണവാടികളും അടച്ചു.
നേരത്തെ വീണ്ടും ഉയർന്ന് വരുന്ന കോവിഡ് രോഗവ്യാപനം തടയേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിമാരോട് കോവിഡ് വ്യാപനം തടയാൻ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ അവിടങ്ങളിൽ മൈക്രോ കണ്ടൈന്മെന്റ് സോണുകളും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബുധനാഴ്‌ച്ച നടന്ന യോഗത്തിൽ പ്രധാന മന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ