- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ദിവസം 4,89,267 പുതിയ കോവിഡ് രോഗികൾ! മഹാമാരിയിലെ ലോക റെക്കോർഡ് അമേരിക്ക സ്ഥാപിച്ചത് ഇന്നലെ; വാക്സിനേഷൻ പൂർത്തിയായ ശേഷവും ലോകം എത്ര മോശം അവസ്ഥയിൽ എന്നറിയാൻ അമേരിക്കയിലെ കണക്ക് മാത്രം അറിയുക; കോവിഡ് സുനാമിയിൽ വരിഞ്ഞു മുറുക്കി യൂറോപ്പും
വാഷിങ്ടൺ: ഒരുപക്ഷെ 2021-ലേ ഏറ്റവും വലിയ സന്തോഷ വാർത്ത എന്തായിരുന്നു എന്ന് ചോദിച്ചാൽ ഒട്ടുമിക്ക ആളുകൾക്കും ഒരേയൊരു ഉത്തരമേ ഉണ്ടാവുകയുള്ളു, കോവിഡ് വാക്സിൻ വിപണിയിൽ എത്തിയത് എന്ന്. അത്രകണ്ട് മനുഷ്യകുലം ആശ്വസിച്ച മറ്റൊരു വാർത്ത ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. വീടിനുള്ളിൽ അടച്ചുപൂട്ടപ്പെട്ട്, തൊഴിൽ നഷ്ടവും ദാരിദ്ര്യവും ഒക്കെയായി ദിനങ്ങൾ തള്ളിനീക്കുമ്പോഴും മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിച്ചത് ഈ മഹാമാരിയെ ചെറുക്കാൻ ഒരുനാൾ നമുക്ക് കഴിയുമെന്ന പ്രത്യാശയായിരുന്നു. കഴിഞ്ഞകാല ജീവിതംതിരികെ കിട്ടുമെന്ന പ്രതീക്ഷകൾ മുളപ്പിച്ചുകൊണ്ടായിരുന്നു കോവിഡ് വാക്സിനുകൾ വിപണിയിൽ ഇറങ്ങിയത്.
ഇന്ന്, അതേ 2021 അവസാനിക്കാൻ പോകുമ്പോൾ പുറത്തുവരുന്ന വാർത്ത അന്ന് നമ്മൾ ആശ്വസിച്ചതും സന്തോഷിച്ചതുമെല്ലാം വെറുതെ ആയി എന്നാണ്. വാക്സിനേഷന്റെ കാര്യത്തിൽ ഏറെ മുന്നിലുള്ള അമേരിക്കയിൽ ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 5 ലക്ഷത്തിനടുത്ത് അളുകൾക്കാണ്. ലോകത്തിലെ ഏതൊരു രാജ്യത്തേയും, ഏതൊരു കാലത്തേയും ഒരുദിവസം രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ കാര്യത്തിലെ സർവ്വകാല റെക്കോർഡാണിത്.
യു എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ അനുസരിച്ച് ഇന്നലെ അമേരിക്കയിൽ 4,89,267 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല, അമേരിക്കയിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 40 മുതൽ 70 ശതമാനം വരെ ഓമിക്രോൺ ബാധിതരാണെന്നും പറയപ്പെടുന്നു. നിലവിൽ പ്രതിദിനം ശരാശരി 3,00,387 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ഇതും ഒരു റെക്കോർഡാണ്, മാത്രമല്ല, 3 ലക്ഷം എന്ന മാർക്കിൽ ആദ്യമായാണ് അമേരിക്ക എത്തുന്നതും.
ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയും 5 ലക്ഷത്തിനു മേൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും, അത് ക്രിസ്ത്മസ് അവധിയും വാരാന്ത്യവുമൊക്കെയായി രണ്ടു മൂന്ന് ദിവസത്തെ കണക്കുകൾ ഒരുമിച്ച് പ്രഖ്യാപിച്ചതിനാലായിരുന്നു. എന്നാൽ, ഇന്നലത്തേത് ഒരൊറ്റ ദിവസത്തെ കണക്കാണ്. അതുപോലെ ബുധനാഴ്ച്ച 2,184 മരണങ്ങളാണ് അമേരിക്കയിൽ രേഖപ്പെടുത്തിയത്. അതായത് പ്രതിദിനം ശരാശരി 1,546 പേർ കോവിഡ് മൂലം മരണമടയുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.
യൂറോപ്പിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല, ബ്രിട്ടനിൽ കോവിഡ് വ്യാപനം ആളിപ്പടരുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ കോവിഡ് തരംഗം ആഞ്ഞുവീശുകയാണ്. പല കർശന നിയമങ്ങളും ഇതിനിടയിൽ നിലവിൽ വന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷുകാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഫ്രാൻസ് വഴിയുള്ള യാത്ര അനുവദിക്കില്ല എന്ന് ഫ്രാൻസ് പറഞ്ഞിരുന്നു. ഇത് ഏറെ വിവാദമായതോടെ ഈ യാത്രാ നിയന്ത്രണം ഇപ്പോൾ ഫ്രാൻസ് പിൻവലിച്ചിരിക്കുകയാണ്.
ബെൽജിയം, ഇറ്റലി, സ്പെയിൻ, ജർമ്മറ്റ്നി തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്ന ബ്രിട്ടീഷുകാർക്ക് നാട്ടിലേക്ക് മടങ്ങാൻ ഫ്രാൻസ് വഴി റോഡ് മാർഗ്ഗമോ അല്ലെങ്കിൽ റെയിൽ മാർഗ്ഗമോ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനായിരുന്നു വിലക്ക്. അതേസമയം ഫ്രാൻസിൽ താമസിക്കുന്ന ബ്രിട്ടീഷുകാർക്ക്, അതിർത്തി കടന്ന് ബ്രിട്ടനിലേക്ക് പോകാൻ തടസ്സമുണ്ടായിരുന്നില്ല. ഈ വിവാദ ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
മറുനാടന് ഡെസ്ക്