- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പടരുന്നു; പമ്പയും ശബരിമലയും കണ്ടെയ്ന്മെന്റ് സോൺ ആക്കണമെന്ന് മെഡിക്കൽ ഓഫീസർമാരുടെ റിപ്പോർട്ട്; ഇവിടേക്ക് വരുന്നതും പോകുന്നതു നിരോധിക്കും; മകരവിളക്ക് അവതാളത്തിലായേക്കും; മേൽശാന്തി ക്വാറന്റൈനിൽ
ശബരിമല: പമ്പയിലും സന്നിധാനത്തും കോവിഡ് പടരുന്നു. മൂന്നു ഉപശാന്തിമാർക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ശബരിമല മേൽശാന്തി ക്വാറന്റൈനിൽ. പമ്പയും ശബരിമലയും കണ്ടെയ്ന്മെന്റ് സോണാക്കണമെന്ന് അതാത് മെഡിക്കൽ ഓഫീസർമാർ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. രണ്ടു ദിവസങ്ങളിലായി 21 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
മണ്ഡലപൂജയോട് അനുബന്ധിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്നും നിരവധി തീർത്ഥാടകർ ദർശനത്തിന് വന്നിരുന്നു. അവർ മേൽശാന്തിമാരെ നേരിൽ കണ്ട് വഴിപാട് കഴിപ്പിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇത്തരക്കാരിൽ നിന്നുമാകണം മേൽശാന്തിയുടെ മൂന്ന് പരികർമികൾക്ക് കോവിഡ് ബാധിച്ചതെന്ന് കരുതുന്നു.
പ്രദേശം കണ്ടെയ്ന്മെന്റ് സോൺ ആക്കിയാൽ ഇവിടേക്കും ഇവിടെ നിന്ന് പുറത്തേക്കുമുള്ള പ്രവേശനം നിയന്ത്രിക്കേണ്ടി വരും. ഇന്നാണ് മകരവിളക്കിനായി നട തുറക്കുന്നത്. നാളെ മുതലാണ് തീർത്ഥാടകർക്ക് പ്രവേശം അനുവദിച്ചിരിക്കുന്നത്.
യാതൊരു മുൻകരുതലുമില്ലാതെ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചതും പരിശോധനകൾ പ്രഹസനമായതുമാണ് കോവിഡ് പകരാൻ കാരണമായത്. മണ്ഡലകാലത്ത് തന്നെ നാനൂറോളം പേർക്കാണ് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ മാത്രമായി കോവിഡ് പോസിറ്റീവ് ആയത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും നാട്ടിലെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചു. സ്ഥിതി ഇത്രയധികം ഗൗരവമായിട്ടും തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന കടുംപിടുത്തത്തിലായിരുന്നു ദേവസ്വം ബോർഡ്. മണ്ഡലപൂജയ്ക്കും മകരവിളക്കിനും 5000 പേരെ പ്രവേശിപ്പിക്കണമെന്ന് ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെടുകയും സർക്കാർ ഇതിനെ എതിർക്കുകയും ചെയ്തിരുന്നു.
ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമിടയിൽ കോവിഡ് പടർന്നപ്പോഴും തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ വെമ്പൽ കൊള്ളുകയായിരുന്നു ദേവസ്വം ബോർഡ്. ആരോഗ്യവകുപ്പ് ശബരിമല കണ്ടെയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചാൽ മകരവിളക്കും തിരുവാഭരണ ഘോഷയാത്രയുമെല്ലാം ചടങ്ങുകളിൽ ഒതുങ്ങൂം
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്